കാപ്പാട് ബീച്ചും പടിഞ്ഞാറൻ കാറ്റും; അതൊരു ഒന്നൊന്നര കോമ്പിനേഷൻ തന്നെ, കൂട്ടിന് നല്ല കല്ലുമ്മക്കായി കൂടിയായാലോ?
ബീച്ചുകൾക്കും, അതുമായി ബന്ധപ്പെട്ട ടൂറിസം പരിപാടികൾക്കും മലബാറിനെ കവച്ചുവയ്ക്കാൻ കേരളത്തിൽ അധികം ഇടങ്ങളില്ല. അതിൽ തന്നെ പ്രത്യേകമായ അനുഭൂതി നൽകുന്ന ഇടങ്ങളിൽ ഒന്നാണ് കോഴിക്കോട് ബീച്ച്. കോഴിക്കോട്ടെത്തുന്നവർ ഒരിക്കലെങ്കിലും ബീച്ച് കാണാതെ മടങ്ങിയിട്ടുണ്ടാവില്ല എന്നുറപ്പാണ്. എന്നാൽ അതല്ലാതെ ജില്ലയിൽ മറ്റ് ബീച്ചുകളും ഉണ്ടെന്ന കാര്യം പലർക്കും അജ്ഞാതമായ കാര്യമാണ്.
ബേപ്പൂർ, വടകര സാൻഡ് ബാങ്ക്സ്, കൊളാവിപ്പാലം ബീച്ച് എന്നിവയ്‌ക്കൊപ്പം തന്നെ ഏറെ സഞ്ചാരികൾ എത്തുന്ന ലോക നിലവാരമുള്ള കോഴിക്കോട് ജില്ലയിലെ ബീച്ചുകളിൽ ഒന്നാണ് കാപ്പാട്. കേവലമായ ഒരു വിനോദ സഞ്ചാര കേന്ദ്രം എന്നതിലുപരി വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഒരു ഇടം കൂടിയാണ് ഇതെന്ന് നമ്മളിൽ പലർക്കും അറിയാവുന്നതാണ്.

പിന്നീട് ഇന്ത്യയുടെ തന്നെ ചരിത്രം മാറ്റിക്കുറിച്ച വിദേശികളുടെ കടന്നുവരവിനും ആധിപത്യം സ്ഥാപിക്കലിനും വഴിയൊരുക്കിയ പോർച്ചുഗീസുകാരുടെ വരവ് ഇവിടെക്കായിരുന്നു. കാലങ്ങളായി നാം ഒരു കടംകഥ പോലെ പറയുന്ന വാസ്കോ ഡി ഗാമ കാലുകുത്തിയ ഇടമാണ് ഈ മനോഹരമായ ബീച്ച്. അതായത് ഏതാണ്ട് 500 വർഷത്തോളം പഴക്കമുള്ള ചരിത്രം ഈ കടൽത്തീരത്തിന് പറയാനുണ്ടെന്ന് സാരം.
ചരിത്രത്തിന്റെ താഴുകൾ മടക്കി വെച്ചാലും നിങ്ങൾ കോഴിക്കോട് യാത്ര നടത്താൻ പ്ലാൻ ചെയ്യുന്നവരാണെങ്കിൽ കാപ്പാട് ബീച്ച് ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്ത ഇടമാണ് എന്നതാണ് യാഥാർഥ്യം. ഈ കടൽത്തീരത്തിന്റെ പരിപാലനവും, അവിടുത്തെ ഭൂപ്രകൃതിയുമൊക്കെ ലോകത്തിലെ ഏതൊരു ബീച്ചിനോടും കിടംപിടിക്കുന്നതാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല.
കാരണം അത്രയ്ക്ക് മനോഹരമായാണ് ഇവിടം ടൂറിസം വകുപ്പ് പരിപാലിച്ചു പോവുന്നത്. പാറകളും ചെറിയ കുന്നുകളും അതിന്റെ ആകർഷണീയത കൂടുതൽ വർധിപ്പിക്കുന്നു എന്നതാണ് വാസ്‌തവം. അടുത്തുള്ള ചെറിയ കടകളിൽ എപ്പോഴും മികച്ച നാടൻ പലഹാരങ്ങളും, ചൂട് ചായയും കുടിക്കാൻ കിട്ടും. അതിൽ തന്നെ കോഴിക്കോട്ടുകാരുടെ ഇഷ്‌ട വിഭവമായ കല്ലുമ്മക്കായ കൂടെ ഉണ്ടാകും.
അതിന്റെ രുചി അറിയാതെ പോയാൽ നഷ്‌ടമായിരിക്കും. കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ ദൂരെ മാറിയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടിക്ക് അടുത്തയാണ് ഇവിടമുള്ളത്. കോഴിക്കോട് നിന്ന് ബസ് മാർഗം വരുന്നവർക്ക് പൊയിൽക്കാവ് ഇറങ്ങിയാൽ ദേശീയ പാതയോരത്ത് നിന്ന് നടന്നുപോവാനുള്ള ദൂരമേ കാപ്പാട് ബീച്ചിലേക്ക് ഉള്ളൂ.












Click it and Unblock the Notifications