ഇങ്ങ് തെക്കൻ കേരളത്തിലുമുണ്ട് ഒരു മീൻമുട്ടി; വെള്ളച്ചാട്ടം അടിപൊളി, വെറൈറ്റിക്ക് കോയിക്കൽ പാലസും കാണാം
തിരുവനന്തപുരത്ത് അവധിക്കാലം ആഘോഷിക്കാൻ നിൽക്കുന്നവർക്ക് ഒരുപാട് ഓപ്‌ഷനുകൾ മുന്നിലുണ്ട്. കോവളത്തിന്റെയും വർക്കലയുടെയും ബീച്ച് ബ്യൂട്ടി ആസ്വദിക്കണമെങ്കിൽ അങ്ങനെ പൂവാറിന്റെ കായൽപരപ്പിലൂടെ ഓളങ്ങളെ ഭേദിച്ച് കൊണ്ട് പോവണമെങ്കിൽ അങ്ങനെ. പിന്നെ സർവപ്രതാപിയായ പൊന്മുടി എന്ന കുന്നിൻ മുകളിലെ കാഴ്‌ചകളും ആവനാഴിയിലുണ്ട്. ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്ന സംശയം മാത്രമേ ഉണ്ടാവൂ.
എന്നാൽ നിങ്ങൾ തലസ്ഥാന നഗരിയിൽ കഴിയുന്നവരാണെങ്കിൽ ഈ ഓണം അതിന്റെ വൈബിൽ തന്നെ ആഘോഷിക്കാനും ആഗ്രഹിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് പറ്റിയൊരു ഇടമുണ്ട്. ശരിക്കും പറഞ്ഞാൽ ഇത് ഒരിടം മാത്രമല്ല. തിരുവനന്തപുരത്തെ രണ്ട് സുപ്രധാന ടൂറിസം ലൊക്കേഷനുകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരുഗ്രൻ യാത്രാ പദ്ധതിയാണ്.

അതിലൊന്ന് മീൻമുട്ടി വെള്ളച്ചാട്ടമാണ്. എക്കാലവും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും അതിന്റെ മാസ്‌മരികത നുണയാനും ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. അങ്ങനെയുള്ളവരെ സംബന്ധിച്ച് ഒരിക്കലും നിരാശപ്പെടുത്താത്ത ഒരിടമാണ് മീൻമുട്ടി വെള്ളച്ചാട്ടം. അത്രയ്ക്കും മനോഹരമാണ് പശ്ചിമഘട്ട മലനിരകളിലെ ഈ വെള്ളച്ചാട്ടം.
മീൻമുട്ടി വെള്ളച്ചാട്ടം
തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മീൻമുട്ടി വെള്ളച്ചാട്ടം പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതി സൗന്ദര്യത്തിന്റെ അഭൂതമായ കാഴ്‌ചാനുഭവം നിങ്ങൾക്ക് പകർന്നു നൽകുന്ന ഒരു പ്രദേശമാണ്. നെയ്യാർ റിസർവോയറിന് മുകളിലാണ് ഈ വെള്ളച്ചാട്ടം നിലകൊള്ളുന്നത്, അതുകൊണ്ട് തന്നെ ഇവിടേക്ക് എത്താൻ നിങ്ങൾ ഇടതൂർന്ന വനത്തിലൂടെ സാമാന്യം ഭേദപ്പെട്ടൊരു ട്രെക്കിംഗ് നടത്തേണ്ടി വരും.
മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ മുകളിലേക്കുള്ള ഒരു ഓഫ് റൂട്ട് ട്രെക്കിംഗ് സാഹസികത ഇഷ്‌ടപ്പെടുന്ന ആളുകളെ സംബന്ധിച്ച് വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും. നെയ്യാർ അണക്കെട്ടിൽ നിന്ന് അതിന്റെ വൃഷ്‌ടിപ്രദേശത്തിലൂടെ ബോട്ട് സവാരി നടത്തണം ഇവിടേക്ക് എത്തുവാൻ. അതുകൊണ്ട് തന്നെ ഇവിടെ വരുമ്പോൾ അത്യാവശ്യം അങ്ങനെയുള്ള വസ്ത്രങ്ങൾ തന്നെ കരുതിക്കോളൂ.
ട്രെക്കിംഗ് നടത്തുന്നവർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്ന ഒരു ഫോറസ്‌റ്റ് ക്യാമ്പ് ഹൗസ് ഇവിടെ തന്നെയുണ്ട്. വനം വകുപ്പിന്റെ അനുമതി ആവശ്യമുള്ള ഈ ട്രെക്കിൽ അംഗീകൃത ഗൈഡുകൾ നിങ്ങളെ അനുഗമിക്കും. ഒരു ദിവസത്തെ ട്രെക്കിംഗിന് അനുയോജ്യമായ ഒരു ഇടം കൂടിയാണിത്, എന്ന് വച്ചാൽ ഓണം അവധി അടിച്ചു പൊളിക്കാൻ ഏറ്റവും അനുയോജ്യമെന്ന് പറയാം.
കോയിക്കൽ പാലസ്
തിരുവിതാംകൂറിന്റെ സകല പ്രൗഢിയും എടുത്തുകാണിക്കുന്ന കൊട്ടാരങ്ങളിൽ ഒന്നാണ് കോയിക്കൽ പാലസ്. 1677നും 1684നും ഇടയിൽ വേണാട് രാജകുടുംബത്തിലെ ഉമയമ്മ റാണിക്ക് വേണ്ടി നിർമ്മിച്ചതാണ് കോയിക്കൽ പാലസ് എന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. നിലവിൽ ഇവിടം ഒരു ഫോക്ക് ലോർ മ്യൂസിയം എന്ന നിലയിലാണ് കൊണ്ട് നടക്കുന്നത്.
കേവലം പതിനേഴ് കിലോമീറ്റർ മാത്രമാണ് മീൻമുട്ടിയിൽ നിന്ന് ഇവിടേക്കുള്ളത്. ഈ ഓണക്കാലത്ത് ഒരു വെറൈറ്റി യാത്രാനുഭവം ആവശ്യമുള്ളവർക്ക് പറ്റിയ ഓപ്‌ഷൻ തന്നെയാണ് കോയിക്കൽ പാലസ്. കുടുംബമായും ഒറ്റയ്ക്കും സന്ദർശിക്കാൻ കഴിയുന്ന ഇവിടം ധാരാളം അത്ഭുത കാഴ്‌ചകൾ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.












Click it and Unblock the Notifications