നെല്ലിയാമ്പതി വരെ ഒന്ന് പോയാലോ? ചൂടിൽ മനസും ശരീരവും ഒന്ന് തണുപ്പിക്കാം, ഈ യാത്ര പൊളിക്കും
കേരളത്തിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ പട്ടിക എടുത്താൽ മുൻപന്തിയിൽ മൂന്നാറും വയനാടും ഒക്കെ കാണും. കേരളത്തിന്റെ ടൂറിസം മേഖലയുടെ വളർച്ചയിൽ നിർണായകമാവുന്ന ഇടങ്ങളാണ് ഇതൊക്കെ. എന്ന് കരുതി ഇവ മാത്രമാണ് ഇവിടുത്തെ പ്രധാന ഇടങ്ങളെന്ന് കരുതിയവർക്ക് തെറ്റി. കാരണം ചെറുതും വലുതുമായ ഒട്ടേറെ ഇടങ്ങളാൽ സമ്പന്നമാണ് നമ്മുടെ കൊച്ചു കേരളം.
അത്തരത്തിൽ മൂന്നാറിനും വയനാടിനും ഒപ്പം കട്ടയ്ക്ക് നിൽക്കുന്ന ഒരു ടൂറിസം കേന്ദ്രമാണ് നെല്ലിയാമ്പതി. പാലക്കാട് ജില്ലയിലാണ് ഈ മനോഹരമായ ഹിൽ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന ഇടമാണ് നെല്ലിയാമ്പതി. അതിന്റെ സവിശേഷമായ ഭൂപ്രകൃതിയും സൗന്ദര്യവും ഒക്കെ ആരെയും ആകർഷിക്കുന്നതാണ്.

467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെയാണ് സമുദ്ര നിരപ്പില്‍ നിന്ന് ഈ മലനിരകളുടെ ഉയരം കണക്കാക്കുന്നത്. ഇത് എല്ലായിടത്തും ഒരുപോലെയല്ലെന്ന് പ്രത്യേകം ഓർക്കണം. നെന്മാറയിൽ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡിലൂടെ സഞ്ചരിച്ചാണ് നെല്ലിയാമ്പതിയും വശ്യമനോഹരമായ കാഴ്‌ചകളിലേക് പ്രവേശിക്കുകയുള്ളൂ.
പത്തോളം ഹെയർപിൻ വളവുകൾ കയറി വേണം നെല്ലിയാമ്പതി എന്ന അത്ഭുത ഭൂമിയിലേക്ക് എത്താൻ. നേരത്തെ പറഞ്ഞത് പോലെ നെന്മാറ വഴിയുള്ള യാത്രയിൽ അൽപ്പനേരം വിശ്രമിക്കാനുള്ള ഇടമാണ് പോത്തുണ്ടി അണക്കെട്ടിന്റെ ഭാഗം. മുകളിലേക്ക് കയറുംതോറും വിവിധ കമ്പനികളുടെ തേയില തോട്ടങ്ങൾ ദൃശ്യമാകും.
നെല്ലിയാമ്പതി ഓറഞ്ച് തോട്ടങ്ങള്‍ക്കും ഏറെ പേരുകേട്ടതാണെന്ന് മറക്കണ്ട. സ്വകാര്യ സംരംഭകരുടെ ഹോട്ടലുകളും റിസോര്‍ട്ടുകളും നിരവധിയുണ്ട് ഈ ഹിൽ സ്‌റ്റേഷനിൽ. പലകപ്പാണ്ടി എസ്‌റ്റേറ്റില്‍ എത്തുന്നതു വരെ കൃഷിത്തോട്ടങ്ങളിലും മറ്റും ചിലര്‍ താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പലകപ്പാണ്ടി എസ്‌റ്റേറ്റില്‍ ബ്രിട്ടീഷുകാരുടെ കാലത്തു പണിത ഒരു ബംഗ്ലാവുണ്ട്. അതിപ്പോള്‍ ഒരു സ്വകാര്യ റിസോര്‍ട്ടായി മാറിയിരിക്കുകയാണ്.
നെല്ലിയാമ്പതിയിൽ നിന്ന് അടുത്താണ് സീതാർകുണ്ഡ് വെള്ളച്ചാട്ടം. കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാന്‍ തുടങ്ങി വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഈ പ്രദേശം. പക്ഷികളുടെ വൈവിധ്യവും നെല്ലിയാമ്പതിയുടെ മറ്റൊരു പ്രത്യേകതയാണ്. തേയില കൂടാതെ ഏലം, കാപ്പി തോട്ടങ്ങളും നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും.
കൊല്ലങ്കോടിന്റെ ഭൂരിഭാഗവും കാണാൻ സാധിക്കുന്ന വ്യൂപോയിന്റ് ആണ് സീതാർകുണ്ഡ് മേഖലയിലുള്ളത്. അവിടെയുള്ള വെള്ളച്ചാട്ടവും വളരെ പ്രശസ്‌തമാണ്. ഇവിടേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നവർക്ക് മിക്ക ദിവസങ്ങളിലും ഗജരാജൻമാരുടെ പ്രഭാത സവാരി കാണാനുള്ള ഭാഗ്യവും ലഭിക്കാറുണ്ട്.












Click it and Unblock the Notifications