മഴയിൽ കുതിർന്ന റോഡ്, ചുറ്റും തല ഉയർത്തി നിൽക്കുന്ന കാടുകൾ; മൺസൂണിൽ വയനാട് വഴി ഒരു ഊട്ടി യാത്ര
മലയാളികളുടെ എക്കാലത്തെയും ഇഷ്‌ട ടൂറിസം ലൊക്കേഷനുകളിൽ ഒന്നാണ് ഊട്ടി. പണ്ടൊക്കെ നമ്മൾ ആ പേരിനോട് കൊടൈക്കനാലിനെ കൂടി ചേർത്താണ് പറയാറുള്ളത്. പിൽക്കാലത്താണ് ഇവ തമ്മിൽ ഒരുപാട് ദൂരവ്യത്യാസം ഉണ്ടെന്ന് മലയാളികൾ പൊതുവായി അറിഞ്ഞതും അംഗീകരിച്ചതും. എങ്കിലും ഊട്ടി ഇന്നും നമ്മുടെയൊക്കെ ഫേവറൈറ്റ് ലിസ്‌റ്റിൽ ഉൾപ്പെട്ട ഇടം തന്നെയാണ്.
പ്രത്യേകിച്ച് നമുക്ക് ഊട്ടിയോട് ഒരു ഇഷ്‌ട കൂടുതൽ തോന്നാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് കേരളത്തോട് ചേർന്ന് നിൽക്കുന്ന ഇടമായത് കൊണ്ട് കൂടിയാണ്. വയനാട്ടിൽ നിന്ന് വളരെ അടുത്തായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. വയനാട്ടിൽ എത്തുന്നവർക്ക് രണ്ടോ മൂന്നോ മണിക്കൂർ നേരത്തെ യാത്ര കൊണ്ട് എത്തിച്ചേരാവുന്ന ഇടമാണ് ഊട്ടി എന്നതാണ് സവിശേഷത.

മലയാളികൾ എക്കാലത്തും തങ്ങളുടെ സിനിമകളിലൂടെയും അല്ലാതെയും ഊട്ടിയെ കണ്ടറിഞ്ഞവരാണ്. എന്നാൽ ഊട്ടിയിലേക്കുള്ള യാത്ര തന്നെ അതി മനോഹരമാണ് എന്ന കാര്യം പലർക്കും അറിയില്ല. അതിന്റെ കാരണം കൂടുതൽ പേരും അടച്ചിട്ട വണ്ടിയിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ യാത്ര ചെയ്യുന്നു എന്നതാണ്. അങ്ങനെ ഉള്ളപ്പോഴാണ് ഇത്തരം മനോഹര കാഴ്‌ചകൾ നിങ്ങൾ വിട്ടുകളയുന്നത്.
എന്നാൽ ഇനി വയനാട് വഴിയാണ് നിങ്ങൾ ഊട്ടിയിലേക്ക് പോവുന്നതെങ്കിൽ ഉറപ്പായും പുറം കാഴ്‌ചകളിലേക്ക് കൂടി ഒന്ന് കണ്ണ് പതിപ്പിക്കണം. മൺസൂൺ ആരംഭിച്ചത് കൊണ്ട് തന്നെ മഴ ഉറപ്പായും ഈ പ്രദേശത്ത് പെയ്യുന്നുണ്ടാവും. അങ്ങനെ ഒരു മഴയിൽ നിങ്ങൾക്ക് ഊട്ടിയിലേക്കുള്ള പാതയുടെ ഭംഗി എത്രത്തോളം ആണെന്ന് കണ്ടറിയാം.
ഊട്ടിയിൽ പോകുന്നവർ ഉറപ്പായും മസിനഗുഡിയിലേക്ക് കൂടി ഒന്ന് കയറാൻ ശ്രമിച്ചാൽ അതൊരു പുത്തൻ അനുഭവമാണ്. ഊട്ടിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെ നീലഗിരിയിലാണ് മസിനഗുഡി എന്ന ചെറുപട്ടണം സ്ഥിതി ചെയ്യുന്നത്. ചെറിയ റോഡും കുത്തനെയുള്ള കയറ്റങ്ങളും 36 ഹെയർപിൻ വളവുകളും ഒക്കെയുള്ളതാണ് മസിനഗുഡി മുതൽ ഊട്ടി വരെയുള്ള റോഡ്.
ഊട്ടിയിൽ എത്തും മുൻപ് ഒരു വിശ്രമ കേന്ദ്രം എന്ന നിലയിൽ മസിനഗുഡിയെ നിങ്ങൾ കാണുകയാണെങ്കിൽ അവിടെ നിങ്ങളെ കാത്ത് ഒട്ടേറെ കാഴ്‌ചകളുണ്ടാവും, പ്രത്യേകിച്ച് വന്യമൃഗങ്ങളുടെ നീണ്ടനിര. റോഡരികിലൂടെ ഓടുന്ന മാനുകളും അധികം അകലെയല്ലാതെ ആനകളെയും മസിനഗുഡിയിൽ സുലഭമായി നിങ്ങൾക്ക് കാണാൻ കഴിയും.












Click it and Unblock the Notifications