ബോട്ടിംഗും ട്രെക്കിംഗും ക്യാമ്പിംഗും; പെരിയാർ പൊളിയാണ്, തേക്കടിയുടെ വന്യതയും ആസ്വദിക്കാം
ഇടുക്കിയിൽ നമ്മളെ ആകർഷിക്കുന്ന ഒട്ടേറെ ഇടങ്ങളുണ്ട്. അതിൽ മുൻപന്തിയിൽ നിൽക്കുന്നത് മൂന്നാർ തന്നെയാണ്. എന്നാൽ വന്യജീവികളെ കാണാൻ ആഗ്രഹിക്കുന്നവർക്കും, അവയുടെ ആവാസവ്യവസ്ഥയുമായി ഒത്തുപോകുന്ന യാത്രകൾ നടത്താൻ ആഗ്രഹിക്കുന്നവർക്കും പക്ഷേ മൂന്നാർ അത്ര നല്ല ഓപ്‌ഷൻ ആയിരിക്കില്ല.
അത്തരത്തിൽ ഒരു വന്യതയുടെ ഭംഗിയും അതിനൊപ്പം തന്നെ ട്രെക്കിംഗ്, ക്യാമ്പിംഗ് പോലെയുള്ള സാഹസിക അനുഭവങ്ങളുടെ ഓർമ്മകളും ആഗ്രഹിക്കുന്ന ആളുകൾക്ക് പറ്റിയ ഇടങ്ങളിലൊന്നാണ് തേക്കടി. അവിടുത്തെ പെരിയാർ കടുവാ സങ്കേതം അതിന് പറ്റിയ ഏറ്റവും നല്ല സ്ഥലവുമാണ്. സുഗന്ധ വ്യഞ്ജന തോട്ടങ്ങളുടെയും വന്യ മൃഗങ്ങളുടെയും ഈ ഈറ്റില്ലത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് മനോഹര കാഴ്‌ചകളാണ്.

പെരിയാർ വനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്ന് ഉൾക്കൊള്ളുന്ന സ്ഥലമാണ്. ജില്ലയിലുടനീളം വ്യാപിച്ചുകിടക്കുന്ന മനോഹരമായ തോട്ടങ്ങളും മലയോര പട്ടണങ്ങളുമാണ് ട്രെക്കിംഗിനും പർവത യാത്രകൾക്കും ഇവിടെ മനോഹരമായ പാതകൾ ഒരുക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കടുവാ സങ്കേതങ്ങളിലൊന്നായ പെരിയാറിലെ വനങ്ങൾ വംശനാശഭീഷണി നേരിടുന്ന വെള്ളക്കടുവകൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ സാന്നിധ്യത്താൽ അനുഗ്രഹീതമാണ്.
പെരിയാർ ടൈഗർ റിസർവിന്റെ ഭൂപ്രകൃതി പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് ബോട്ടിംഗ് മുതൽ ട്രെക്കിംഗ് വരെ നിരവധി അവസരങ്ങൾ മുൻപിൽ തുറന്നിരിക്കുന്നു.
പെരിയാർ തടാകത്തിലെ ബോട്ടിംഗ്
പെരിയാർ ആസ്വദിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് ബോട്ടിൽ ഇരുന്ന് കൊണ്ടുള്ള യാത്ര. നിങ്ങൾ കുറച്ചുകൂടി സാഹസികത ആഗ്രഹിക്കുന്ന ആളാണെങ്കിൽ, കാട്ടുമൃഗങ്ങളെ നിരീക്ഷിച്ചുകൊണ്ട് ഒരു മുള ചങ്ങാടം എടുത്ത് തുഴയാം. പെരിയാറിലെ ബാംബൂ റാഫ്റ്റിംഗ് രണ്ട് സ്ലോട്ടുകളിൽ ലഭ്യമാണ്. മുഴുവൻ ദിവസവും, പകുതി ദിവസവും ഇത് ലഭ്യമാവും.
ട്രെക്കിംഗ്
നിരവധി ട്രെക്കിംഗ് ഓപ്‌ഷനുകൾ പെരിയാറിൽ ലഭ്യമാണ്. ഗൈഡുകൾക്കൊപ്പം പെരിയാർ വന്യ ജീവി സങ്കേതത്തിലൂടെ ട്രെക്കിംഗ് നടത്താനും സഞ്ചാരികൾക്ക് അവസരമുണ്ട്. 3 മണിക്കൂർ വരെയാണ് ട്രെക്കിംഗ് ദൈർഘ്യം. ബോർഡർ ഹൈക്കിംഗ് എന്ന പേരിൽ ഒരു ദിവസം നീണ്ട് നിൽക്കുന്ന ട്രെക്കിംഗ് പാക്കേജും ഇവിടെ നടത്തപ്പെടുന്നുണ്ട്.
ക്യാമ്പിംഗ്
ബാംബൂ ഗ്രോവ്-ഇക്കോ ലോഡ്‌ജ്: മുളങ്കാടുകൾക്കുള്ളിൽ ഈ ഇക്കോ ലോഡ്‌ജ് സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുന്നു. ഇവിടെ ഏതാണ്ട് പതിനഞ്ചോളം മുളകൊണ്ടുള്ള കുടിലുകൾ ഉണ്ട്. വൃത്തിയുള്ളതും ആധുനികവുമായ ഫർണിച്ചറുകളോട് കൂടിയ ഇരട്ട കിടക്കകളുള്ള താമസ സൗകര്യം ഇവയിൽ ലഭ്യമാണ്.












Click it and Unblock the Notifications