ഫ്രാൻസിൽ പോവാൻ പറ്റിയില്ലേലും വിഷമിക്കേണ്ട; നമുക്ക് പോണ്ടിച്ചേരി ഉണ്ടല്ലോ, പൊളി വൈബല്ലേ ഇവിടെ
സ്വാതന്ത്ര്യത്തിന് മുൻപുള്ള ഇന്ത്യയുടെ ചരിത്രമെടുത്താൽ ഒന്നിലധികം വിദേശ ശക്തികളുടെ സാന്നിധ്യം നമ്മുടെ നാട്ടിൽ കാണാൻ കഴിയും. പല കാലത്തായി, പല നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ ഇടങ്ങൾ അധീനതയിൽ ആക്കിയിരുന്ന വലിയൊരു വിദേശ ശക്തിയായിരുന്നു ഫ്രഞ്ചുകാർ. അതിൽ പ്രധാനപ്പെട്ട ഇടങ്ങളിൽ ഒന്നായിരുന്നു പോണ്ടിച്ചേരി.
ഇന്ന് ഫ്രഞ്ചുകാർ ഇന്ത്യ വിട്ട് പതിറ്റാണ്ടുകൾ പലതും കടന്നുപോയിട്ടും പോണ്ടിച്ചേരിയുടെ സ്‌മരണകളിൽ അത് തളംകെട്ടി നിൽക്കുന്നത് കാണാം. ഒരുപക്ഷേ ഇന്നും പോണ്ടിച്ചേരിയെ ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ വേറിട്ട് നിർത്തുന്നത് ഈ പ്രത്യേകത ഒന്ന് തന്നെയാണ്. പോണ്ടിച്ചേരിയുടെ ഭൂമിശാസ്ത്രം എടുത്ത് നോക്കിയാൽ നമുക്കത് വ്യക്തമാവും.

മഴയായാലും വെയിലായാലും മഞ്ഞായാലും ഒക്കെ ഇവിടേക്ക് ടൂറിസ്‌റ്റുകളുടെ പ്രളയമാണ്. നിങ്ങളും ഇതവണത്തെ മൺസൂൺ ഒരു വ്യത്യസ്‌ത യാത്രയ്ക്ക് താൽപ്പര്യപ്പെടുന്ന ആളാണെങ്കിൽ പറ്റിയ ഇടമാണ് പോണ്ടിച്ചേരി. സാധാരണ ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഒരു നഗരം മുഴുവൻ കാഴ്‌ച ഒരുക്കുന്ന പോണ്ടിച്ചേരിയുടെ വൈബ് അത് വേറെ തന്നെയാണ്. പോണ്ടിച്ചേരിയിൽ പോവുമ്പോൾ നിങ്ങൾ മിസ് ചെയ്യാൻ പാടില്ലാത്ത ചില കാഴ്‌ചകൾ ഏതൊക്കെയാണെന്ന് നോക്കാം.
ഓറോവില്ല
പോണ്ടിച്ചേരിയിൽ നിന്ന് കേവലം 12 കിലോമീറ്റർ മാറിയുള്ള ഒരു പരീക്ഷണ ടൗൺഷിപ്പ് എന്ന് വിളിക്കാവുന്ന പ്രദേശമാണിത്. 1968ൽ മിറ അൽഫാസ സ്ഥാപിച്ച ഈ ടൗൺഷിപ്പ് പോണ്ടിച്ചേരിയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിട്ട് അത്രതന്നെ കാലമായി എന്ന് വേണമെങ്കിൽ പറയാം. ആധുനിക രീതിയിൽ പണി കഴിപ്പിച്ച ഈ ഭാഗം നമുക്ക് മുൻപിൽ കാഴ്‌ചയുടെ വിസ്‌മയം ഒരുക്കും.
പ്രൊമെനേഡ് ബീച്ച്
പ്രൊമെനേഡ് ബീച്ച് അഥവാ പോണ്ടിച്ചേരി പ്രൊമെനേഡ് കിലോമീറ്ററുകൾ വരെ നീളുന്ന ഒരു വാക്‌വേയാണ്. കല്ല് പാകിയ തീരങ്ങളും മനോഹരമായ ബീച്ചും ബംഗാൾ ഉൾക്കടലിന്റെ മനോഹരമായ കാഴ്‌ച നിങ്ങൾക്ക് പ്രദാനം ചെയ്യുന്നു. വാർ മെമ്മോറിയലിൽ നിന്ന് നീണ്ടുകിടക്കുന്ന പാത ഡ്യൂപ്ലെക്‌സ് പാർക്കിലാണ് ചെന്നെത്തുക. പോണ്ടിച്ചേരിയിലെ വൈകുന്നേരം ഇവിടെയാക്കിയാൽ നല്ല അനുഭവമാകും.
സേക്രഡ് ഹാർട്ട് ബസിലിക്ക
പോണ്ടിച്ചേരിയിലെ നിരവധി ക്രിസ്ത്യൻ ആരാധനാലയങ്ങളിൽ ഒന്നാണ് സേക്രഡ് ഹാർട്ട് ബസിലിക്ക. എന്നാൽ പള്ളിയുടെ സമ്പന്നമായ പിങ്ക് നിറത്തിലുള്ള ഉൾഭാഗവും ഫ്രഞ്ച് ശൈലിയിലുള്ള ഡിസൈനുകളും പോണ്ടിച്ചേരിയിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി ഇതിനെ മാറ്റുന്നുവെന്ന് നിസംശയം പറയാം.
ഫ്രഞ്ച് കോളനി
സോഷ്യൽ മീഡിയ വെബ്‌സൈറ്റുകളിൽ തിരയുമ്പോൾ പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോളനിയാണ് എപ്പോഴും നമ്മൾ കാണുക. ഇവിടുത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോളനി. നിരവധി സഞ്ചാരികളാണ് ഫ്രഞ്ച് കോളനിയുടെ സൗന്ദര്യം ആസ്വദിക്കാനായി ഇവിടേക്ക് എത്തുന്നഹ്. ഇവിടെയുള്ള കെട്ടിടങ്ങൾ ഭൂരിഭാഗവും ഫ്രഞ്ച് ശൈലിയിലാണ് പണി കഴിപ്പിച്ചത്. കൊളോണിയൽ കാലഘട്ടത്തിൽ ഫ്രഞ്ച് കുടിയേറ്റക്കാരുടെ പഴയ വസതികളായിരുന്നു ഇവ.
പോണ്ടിച്ചേരിയിലെ ഭക്ഷണശാലകൾ
ഇവിടെ എത്തിയാൽ ഉറപ്പായും നിങ്ങൾ പ്രാദേശിക ഭക്ഷണ ശാലകൾ തേടി പോവണം. അല്ലെങ്കിൽ നിങ്ങൾ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച അനുഭവം തന്നെയാവും നഷ്‌ടപെടുത്തുന്നത്. പോണ്ടിച്ചേരിയിലെ പ്രാദേശിക വിഭവങ്ങൾ ഇവിടേക്കുള്ള യാത്രയിൽ മുൻനിരയിൽ തന്നെ പരിഗണിക്കേണ്ട കാര്യമാണ്. പോണ്ടിച്ചേരിയിലെ ഭക്ഷണശാലകളിൽ നിന്നുള്ള മികച്ച രുചികൾ കൂടി ചേരുമ്പോൾ മാത്രമേ യാത്ര പൂർണമാകൂ.












Click it and Unblock the Notifications