നീലഗിരിയുടെ സഖികളെ കാണാം; ഗൂഡല്ലൂരിൽ പോവാൻ ആഗ്രഹമുണ്ടോ? ഇത് തന്നെ ഏറ്റവും മികച്ച സമയം
മലയാളികൾ മൂന്നാറും വയനാടും വിട്ടാൽ ഹിൽ സ്‌റ്റേഷനുകൾ തേടി പോവുന്നത് അധികവും തമിഴ്‌നാട്ടിലാണ്. അത്രയധികം ആകർഷണമായ ഇടങ്ങളിൽ നമ്മുടെ അയൽ സംസ്ഥാനത്തുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഊട്ടിയും കൊടൈക്കനാലും ഒക്കെ. എന്നാൽ അവ മാത്രമല്ല തമിഴ്‌നാട്ടിലെ ഹിൽ സ്‌റ്റേഷൻ എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. മസിനഗുഡി അടുത്ത കാലത്തായി എല്ലാവർക്കും അറിയാവുന്ന ഒരു ഇടമാണ്.
പക്ഷേ അതിനും അപ്പുറം കാഴ്‌ചകൾ കാണാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും പോവേണ്ട ഒരിടമാണ് ഗൂഡല്ലൂർ. തമിഴ്‌നാട്ടിലെ മറ്റേതൊരു ഹിൽ സ്‌റ്റേഷനോടും കിട പിടിക്കുന്ന ഇടമാണെങ്കിലും അവിടേക്ക് സഞ്ചാരികൾ എത്തുന്നത് പൊതുവെ കുറവാണ്. അതിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമല്ലെങ്കിലും ഊട്ടിയുടെയും കൊടൈക്കനാലിന്റെയും സാന്നിധ്യം തന്നെയാവും പ്രധാനപ്പെട്ടത്.

ഗൂഡല്ലൂർ നിങ്ങൾ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടം തന്നെയാണെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. എന്തെന്നാൽ അത്രയധികം മനോഹരമായ കാഴ്‌ചകളാണ് ഇവിടെയുള്ളത്. നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗൂഡല്ലൂർ മേഖലയിലെ ഒരു സുപ്രധാന ഹിൽ സ്‌റ്റേഷനുകളിൽ ഒന്നാണ്. മനോഹരമായ പച്ചവിരിച്ച മലനിരകൾ, താഴ്‌വരകൾ, നിത്യഹരിത വനങ്ങൾ, തേയില-കാപ്പിത്തോട്ടങ്ങൾ എന്നിവയാണ് ഇവിടം വേറിട്ട് നിർത്തുന്ന ഘടകങ്ങൾ.
കർണാടക, കേരളം, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മൈസൂർ, ഊട്ടി, കോഴിക്കോട് നഗരങ്ങളുടെ സംഗമസ്ഥാനത്താണ് ഗൂഡല്ലൂർ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്ന് വരുന്നവർ ഊട്ടി-മൈസൂർ റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഗൂഡല്ലൂർ എന്ന അവിസ്‌മരണീയമായ ഇടത്തേക്ക് എത്തുക. ഈ യാത്ര തന്നെ സവിശേഷമായ ഒരു അനുഭവം പ്രദാനം ചെയ്യുന്ന ഒന്നാണ്, പ്രത്യേകിച്ച് ഇവിടേക്കുള്ള വഴി.
മുതുമല കടുവ സങ്കേതം
ഗൂഡല്ലൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുതുമല കടുവ സങ്കേതം ഒരുപാട് പ്രകൃതി സ്നേഹികളുടെ പറുദീസയാണ്. മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാണാൻ അനുവദിക്കുന്ന ചുരുക്കം ചില ഇടങ്ങളിൽ ഒന്ന് കൂടിയാണിത്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മുതുമല റിസർവ് കടുവ, പുള്ളിപ്പുലി, ഇന്ത്യൻ ഗൗർ, ഏഷ്യൻ ആനകൾ തുടങ്ങിയ വന്യമൃഗങ്ങളെ കാണാൻ കഴിയുന്ന സഫാരികൾക്ക് അനുയോജ്യമായ സ്ഥലമാണ്.
ഗൂഡല്ലൂരിൽ നിന്ന് ഊട്ടിയിലേക്കുള്ള റോഡിൽ കിടക്കുന്ന നീലഗിരി മലനിരകളുടെ ഭാഗമാണ് ഫ്രോഗ് ഹിൽസ്. ദൂരെ നിന്ന് നോക്കുമ്പോൾ ഈ കുന്നുകൾ തവളയോട് സാമ്യമുള്ളതാണ്. തേയിലത്തോട്ടങ്ങൾ, കുന്നുകളിൽ നിന്ന് കാണുന്ന ചെറിയ ഗ്രാമങ്ങൾ എന്നിവയുടെ മനോഹരമായ കാഴ്‌ച നിങ്ങൾക്ക് മുൻപിൽ ഒരുക്കുന്ന ഇടമാണത്.
ഗൂഡല്ലൂരിലെ മറ്റൊരു ആകർഷണമാണ് കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന സന്താന മലൈ മുരുകൻ ക്ഷേത്രം. മുരുകന്റെ പ്രതിഷ്‌ഠ ഉള്ള ഈ ക്ഷേത്രം പച്ചപ്പ്, ഇടതൂർന്ന വനങ്ങൾ, വളഞ്ഞുപുളഞ്ഞ അരുവികൾ എന്നിവയാൽ ചുറ്റപ്പെട്ട ഒരു പ്രകൃതി ഭംഗിയുടെ മടിത്തട്ടിലാണ് ഉറങ്ങുന്നത്. ഇത്തരത്തിൽ ചെറുതും വലുതുമായ ഒട്ടേറെ കാഴ്‌ചകൾ ഗൂഡല്ലൂരിൽ നിങ്ങളെ കാത്തിരിപ്പുണ്ട്.












Click it and Unblock the Notifications