ഗുണ കേവ് അഥവാ ഡെവിൾസ് കിച്ചൺ; കൊടൈക്കനാലിലെ നിഗൂഢതയുടെ പര്യായം, പേടിയില്ലെങ്കിൽ മാത്രം പോന്നോളൂ...
കേരളത്തിലുള്ളവർ പണ്ട് മുതൽക്കേ യാത്രകൾ പോകാൻ ഒരുങ്ങുമ്പോൾ പറയുന്ന രണ്ട് പേരുകളാണ് ഊട്ടിയും കൊടൈക്കനാലും. തമിഴ്‌നാട്ടിലെ ഈ രണ്ടിടങ്ങൾ മലയാളിയുടെ ഫേവറൈറ്റ് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഇവ രണ്ടും ഒറ്റ യാത്രയിൽ കവർ ചെയ്യാൻ മാത്രം അടുത്താണോ എന്ന് ചോദിച്ചാൽ അല്ലെന്നായിരിക്കും ഉത്തരം. ഏതാണ്ട് 250 കീലോമിറ്ററിൽ അധികം ദൂരമുണ്ട് ഈ രണ്ട് പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങൾക്കും ഇടയിൽ.
അതിൽ കൊടൈക്കനാലിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ ഈ ഒരൊറ്റ പോക്കിൽ നിങ്ങൾക്ക് പഴനിയും, മൂന്നാറും കാണാം എന്ന സൗകര്യം കൂടിയുണ്ട്. കൊടൈക്കനാലിന്റെ തണുപ്പൻ കാലാവസ്ഥയും, പൈൻ മരങ്ങളുടെയും കാഴ്‌ചകൾക്ക് ഇടയിൽ അധികമാരും പറഞ്ഞു കേൾക്കാത്ത, എന്നാൽ ചരിത്രത്തിന്റെ ഭാഗമായി ഒരിടമുണ്ട്, അതാണ് ഗുണ കേവ്.

കൊടൈക്കനാലിൽ പോയവർക്ക് അറിയാം, അതിന്റെ ഭീകരതയും വലുപ്പവുമൊക്കെ. പുറമെ നിന്ന് നോക്കും പോലെയല്ല, അതിന്റെ യഥാർത്ഥ ആഴവും വ്യാപ്‌തിയും ഇന്നും ആർക്കുമറിയില്ല എന്നതാണ് വാസ്‌തവം. നിലവിൽ ഗുണ കേവിലേക്ക് ഇറങ്ങാൻ ആരെയും അനുവദിക്കില്ലെങ്കിലും, പുറമെ നിന്ന് കാണുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇതുവരെ ഏകദേശം 13 പേരുടെ ജീവൻ നഷ്‌ടപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിൽ വീണിട്ടും ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാൾ ഒരു മലയാളിയാണ്. 2006ൽ എറണാകുളത്ത് നിൻ വിനോദ സഞ്ചാര യാത്രയ്ക്ക് പോയ ഒരു സംഘവും യുവാക്കളിൽ ഒരാളാണ് ആ ഭാഗ്യവാൻ. ആ യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രമാണ് വീണ്ടും ഗുണ കേവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങളും ലൈം ലൈറ്റിൽ വരാനുള്ള പ്രധാന കാരണം.
ഈ ഗുഹയുടെ കാഴ്ച്ചകൾക്ക് ഒപ്പം ഇതിന്റെ ഭീതിതമായ ചരിത്രവും അവിടെ എത്തുമ്പോൾ നമ്മുടെ നട്ടെല്ല് മരവിപ്പിക്കും. ഏതാണ്ട് ഒന്നര നൂറ്റാണ്ട് മുൻപ് കൃത്യമായി പറഞ്ഞാൽ 1821ൽ അമേരിക്കക്കാരനായ ബിഎസ് വാർഡ് ഈ സ്ഥലം കണ്ടെത്തി എന്നാണ് ചരിത്രം. നിരന്തരമായ ശബ്ദം കേട്ട് അവിടേക്ക് ചെന്ന് നോക്കിയിട്ടും ഒന്നും കാണാതെ വന്നപ്പോൾ അവർ തിരച്ചിൽ നിർത്തിയെന്നും, അതിന് ശേഷം ഡെവിൾസ് കിച്ചൺ എന്ന പേര് നൽകിയെന്നുമാണ് പറയപ്പെടുന്നത്.
എന്നാൽ പിന്നീട് 1991ൽ കമൽഹാസൻ പ്രധാന കഥാപാത്രമായി പുറത്തിറങ്ങിയ ഗുണ എന്ന ചിത്രമാണ് ഈ ഗുഹയ്ക്ക് ഇന്നത്തെ പേര് നേടിക്കൊടുത്തത്. ഈ ഗുഹയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. ഏറെ പ്രശസ്‌തമായ 'കൺമണി അൻബോട കാതലൻ നാൻ' എന്ന ഗാനരംഗവും ഇവിടെയാണ് ചിത്രീകരിച്ചത്.
കൊടൈക്കനാലിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ തീർച്ചയായും ഇവിടെ പോവാതിരിക്കരുത്.ഏതാണ്ട് നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഏകദേശം 600 അടിയോളം ചെന്നെത്തുന്ന ഈ ഗുഹ യഥാർത്ഥത്തിൽ ഒരു അത്ഭുത കാഴ്‌ച തന്നെയാണ്. അത് നേരിട്ട് അറിഞ്ഞ് അനുഭവിച്ചാൽ മാത്രമേ മനസിലാവുകയുള്ളൂ.












Click it and Unblock the Notifications