ഗുണ്ടൽപേട്ട് കാണാത്തവരുണ്ടേൽ വന്നോളീ; പൂപ്പാടങ്ങളും മലനിരകളും കാഴ്‌ചയിൽ നിറയും, ഇതാണ് ബെസ്‌റ്റ് ടൈം
നമ്മുടെ തൊട്ടടുത്ത് തന്നെയുള്ള അയൽ സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിൽ വരിക ഊട്ടിയും കുടകും ഒക്കെയാവും. എന്നാൽ കേരളത്തിൽ നിന്ന്, പ്രത്യേകിച്ച് മലബാർ മേഖലയിൽ നിന്നുൾപ്പടെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട് കർണാടകയിലും തമിഴ്‌നാട്ടിലുമൊക്കെ. അവയുടെ ഒക്കെ ഏറ്റവും വലിയ പ്രത്യേകത വയനാട് കടന്നുവേണം പോവാൻ എന്നതാണ്.
കേരള, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ സംഗമഭൂമി എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാൻ കഴിയുന്ന വയനാട്ടിൽ നിന്ന് അധികം ദൂരെയല്ലാത്ത മനോഹരമായ ഒരു ടൂറിസം ഡെസ്‌റ്റിനേഷനാണ് ഗുണ്ടൽപേട്ട്. മലയാളികളെ സംബന്ധിച്ച് ഒരു പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യം ഈ സ്ഥലത്തിന് ഉണ്ടെന്ന് തോന്നുന്നില്ല. അത്രയും ഭൂപ്രകൃതി കൊണ്ടും ഭംഗി കൊണ്ടും അനുഗ്രഹീതമാണ് ഗുണ്ടൽപേട്ട് എന്ന സ്ഥലം.

ഗുണ്ടൽപേട്ട് എന്ന മനോഹരഭൂമി
കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ഗുണ്ടൽപേട്ട്. മനോഹരമായ പശ്ചിമഘട്ട മലനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഗുണ്ടൽപേട്ട്, പ്രകൃതി സൗന്ദര്യത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും മാത്രമല്ല വളരെ വേറിട്ട ഗ്രാമീണ ജീവിതങ്ങളുടെയും നേർക്കാഴ്ച്ച നിങ്ങൾക്ക് പകർന്നു നൽകുന്ന ഇടംകൂടിയാണ്.
വന്യജീവികളുടെയും കാടിന്റെയും ഒക്കെ സൗന്ദര്യം സമാധാനപരമായ അന്തരീക്ഷത്തിൽ ആസ്വദിക്കാനും ഇവിടം നിങ്ങളെ സഹായിക്കും എന്നോർക്കുക. വർഷം മുഴുവനും വളരെ സുഖകരമായ കാലാവസ്ഥയായതിനാൽ തന്നെ ഇവിടം സമാധാനപരമായ ഒരു യാത്രയ്ക്ക് അനുയോജ്യമായ സ്ഥലമായി മാറ്റുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നായ ബന്ദിപ്പൂർ ദേശീയോദ്യാനത്തിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് ഈ പട്ടണം.
കാടിനേയും കാട്ടുമൃഗങ്ങളെയും സ്നേഹിക്കുന്നവരുടെ പ്രിയ സങ്കേതമാണ് ബന്ദിപ്പൂർ ദേശീയോദ്യാനം. 874 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ പരന്നുകിടക്കുന്ന ഇവിടം വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ്. കടുവകൾ, ആനകൾ, ഗൗറുകൾ (ഇന്ത്യൻ കാട്ടുപോത്ത്), മാനുകൾ, വിവിധ ഇനം പക്ഷികൾ എന്നിവയുടെ വലിയൊരു ശേഖരം തന്നെയുണ്ട് ഇവിടെ.
ഗുണ്ടൽപേട്ടിൽ നിരവധി പുരാതന ക്ഷേത്രങ്ങളും ചരിത്ര സ്ഥലങ്ങളും കൂടിയുണ്ട് കാണുവാൻ. ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഹിമവദ് ഗോപാലസ്വാമി ബേട്ട ക്ഷേത്രം ഇവിടുത്തെ പ്രധാന ആകർഷണമാണ്. എന്നാൽ ഇവിടുത്തെ ഇത്തരം കാഴ്‌ചകൾക്ക് അപ്പുറം കാർഷിക വൃത്തി ഉപജീവനമായി പുലർത്തിപോരുന്ന ഒരുകൂട്ടം ഗ്രാമീണരെ കാണാനും നിങ്ങൾക്ക് യാത്രയ്ക്കിടയിൽ കഴിയും. ധാരാളം തോട്ടങ്ങളും ഇവിടെ ഇരുവശത്തുമായി പാതയിൽ നിങ്ങൾക്ക് കാണാം.
ഓണക്കാലത്തെ ലക്ഷ്യം വച്ച് പൂപ്പാടങ്ങൾ
മുത്തങ്ങ മുതല്‍ മുപ്പത് കിലോമീറ്ററിലേറെ വനപാത താണ്ടി കര്‍ണാടകയിലെ മഥൂരിലെ ചെക്ക് പോസ്‌റ്റ് താണ്ടി കഴിഞ്ഞാൽ പിന്നീട് അങ്ങോട്ട് നിങ്ങൾക്ക് പൂപ്പാടങ്ങൾ സമൃദ്ധമായി കാണാൻ കഴിയും. ചെണ്ടുമല്ലിയും സൂര്യകാന്തിയും ഒക്കെ ഗുണ്ടൽപേട്ടിലെ പ്രധാന കൃഷിയാണ്. ഇവിടെ നിന്ന് ധാരാളമായി കേരളം ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് പൂകയറ്റുമതി നടക്കുന്നുണ്ട്.












Click it and Unblock the Notifications