ജീവൻ പണയം വച്ചു പോവാം ഹരിഹർ ഫോർട്ടിലേക്ക്; കൊങ്കൺ റെയിൽ പാതയുടെ മനോഹാരിത അറിയാം
സാധാരണഗതിയിൽ നമ്മളൊക്കെ ട്രെക്കിംഗ് ഇഷ്‌ടപെടുന്നവർ തന്നെയായിരിക്കും. വളരെ ചുരുക്കം പേർക്ക് മാത്രമേ അതിനോട് താൽപര്യം ഇല്ലാതെ ഉണ്ടാവൂ. എന്നാൽ കേരളത്തിലെ ഒട്ടുമിക്ക ട്രെക്കിംഗ് പാതകളും സാമാന്യം ഇതിനോട് താൽപര്യമുള്ള ഒരാൾക്ക് അനായാസം കടന്നുപോകാവുന്നതേ ഉള്ളൂ (അഗസ്ത്യമല മറന്നിട്ടില്ല). എന്നാൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന, അപകടകരമായ ട്രെക്കിംഗ് അനുഭവം ഉള്ളത് നമ്മുടെ കേരളത്തിലല്ല.
അത് അങ്ങ് ദൂരെ മഹാരാഷ്ട്രയിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ ഏറ്റവും സാഹസികത നിറഞ്ഞ ട്രെക്കിംഗ് അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ ഇടത്തിന്റെ പേരാണ് ഹരിഹർ ഫോർട്ട്. എല്ലായിടത്തും കയറി പോവുന്നത് പോലെ എളുപ്പമല്ല ഹരിഹർ ഫോർട്ടിലെ മലകയറ്റം, എന്തെന്നാൽ അത് അത്യന്തം അപകടകരവും സാഹസികവുമാണ്.

മഹാരാഷ്ട്രയിലെ നാസിക്കിന് അടുത്തായി ത്രയംബകേശ്വറിലാണ് (ത്രിംബക്) ഹരിഹര്‍ ഫോര്‍ട്ട് എന്ന വിസ്‌മയം സ്ഥിതിചെയ്യുന്നത്. ഹർഷഗഡ് എന്നും പ്രാദേശികമായി ഇതിനെ വിളിക്കാറുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് ഭീമൻ കോട്ടയുള്ളത്. 80 ഡിഗ്രി ചെരിവിലുള്ള പാറയിൽ കൊത്തി എടുത്ത പടികൾ കയറി വേണം ഇതിന്റെ മുകൾഭാഗത്ത് എത്തുവാൻ. അത് വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യവുമല്ല.
ഹർഷേവാടി, നിർഗുഡ്പാട എന്നിങ്ങനെ രണ്ട് ഗ്രാമങ്ങളില്‍ നിന്നാണ് ഹരിഹർ ഫോർട്ടിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. നിർഗുഡ്പാഡയുടെ വടക്ക് ഭാഗത്തുള്ള ഹിൽ ലോക്കിൽ നിന്നാണ് സുരക്ഷിതമായ ട്രെക്കിംഗ് പാത ആരംഭിക്കുന്നത്. ഇവിടെ നിന്നും കോട്ട സ്ഥിതി ചെയ്യുന്ന കുന്നിന് അടുത്തെത്താൻ ഏകദേശം ഒരു മണിക്കൂർ സമയമെടുക്കും.
ആകെ 117 പടികളാണ് ഹരിഹർ ഫോർട്ടിലേക്ക് കയറാനായി തീർത്തിരിക്കുന്നത്. ഒരു സമയം ഒരാൾക്ക് മാത്രമേ കയറാൻ കഴിയൂ, കാരണം അത്രയ്ക്ക് ഇടുങ്ങിയതാണ് ഈ വഴി. അതുകൊണ്ട് തന്നെ ആവേശം കാണിക്കരുത്. അപകട സാധ്യതയും കൂടുതലാണ് എന്നത് യാത്രയിൽ എപ്പോഴും ഓർക്കണം. കോട്ടയുടെ മധ്യഭാഗത്ത് ഉയരമുള്ള ഒരു പീഠഭൂമിയാണുള്ളത്. അവിടെ ഹനുമാന്റെയും ശിവന്റെയും ഒരു ചെറിയ ക്ഷേത്രമുണ്ട്.
ഈ ക്ഷേത്രത്തിനു മുന്നിലാണ് ഒരു ചെറിയ കുളമുണ്ട്, അവിടുത്തെ വെള്ളം ദാഹമകറ്റാൻ ഉപയോഗിക്കാം. പതിമൂന്നാം നൂറ്റാണ്ടിൽ ഒരു യാദവ രാജവംശത്തിന്റെ ഭരണകാലത്താണ് കോട്ട നിര്‍മ്മിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രധാനമായും ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വലിയ കോട്ടയായിരുന്ന ഇതിന്റെ ചെറിയൊരു ഭാഗം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.
ഹരിഹർ ഫോർട്ടിൽ എത്തിയ ശേഷമുള്ള കാഴ്‌ചകൾക്ക് ഒപ്പം തന്നെ അവിടേക്കുള്ള സഞ്ചാരവും അനുഭവഭേദ്യമാക്കാൻ ശ്രമിക്കുക. കേരളത്തിൽ നിന്നാണ് നിങ്ങൾ അവിടേക്ക് പോവുന്നതെങ്കിൽ ട്രെയിൻ മാർഗം കൊങ്കൺ പാത തിരഞ്ഞെടുക്കുക. ഈ വഴിയിൽ പ്രകൃതി ഒരുക്കിയ ഒട്ടേറെ അത്ഭുതങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അതിന് ശേഷം ഹരിഹർ ഫോർട്ട് കൂടി കണ്ടാൽ യാത്ര പൂർണമാവും.












Click it and Unblock the Notifications