വാരണാസിയുടെ പൈതൃകം തേടി ഒരു യാത്ര; മരണം ആഘോഷമാവുന്ന ഇടം, മണികർണിക ഘട്ട് കാണാതെ മടങ്ങരുത്...
ഭാരത സംസ്‌കാരം എന്തെന്നറിയാൻ അനേക ലക്ഷം വിദേശ സഞ്ചാരികളാണ് വർഷത്തിൽ നമ്മുടെ രാജ്യത്തേക്ക് ഒഴുകി എത്തുന്നത്. അവരിൽ ഭൂരിഭാഗം പേരും കേവലമായ ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ കാണാനായി ഇവിടേക്ക് വരുന്നവരല്ല. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം പേറുന്ന, ആത്‌മീയതയുടെ ഈറ്റില്ലമായ ഇന്ത്യൻ നഗരങ്ങളെ നേരിൽ കാണാനാണ്.
അത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ആത്മീയ നഗരമാണ് വാരണാസി. കാശിയെന്ന പേരിലും, ബനാറസ് എന്ന നാമധേയത്തിലും പ്രസിദ്ധമായ വാരണാസി ഇന്ത്യയിലെ ഏഴ് പുണ്യപുരാണ നഗരങ്ങളില്‍ ഒന്ന് കൂടിയാണ്. ഇവിടേക്ക് എത്തുന്ന ആരും കാശിയിൽ എന്തെങ്കിലും തരത്തിലുള്ള ആസ്വാദനത്തിന് വേണ്ടി എത്തുന്നവരല്ല.

ജനനത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലമായ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ തേടിയെത്തുന്നവരാണ് അധികവും. കാശി കാണാൻ, കാശിയിൽ തന്നെ മരിച്ചുവീഴാൻ എത്തുന്നവരും ഏറെയുണ്ട്. അങ്ങനെ ഇവിടെ വച്ച് മരണമടഞ്ഞത് മോക്ഷം കിട്ടുമെന്ന ഹിന്ദുമത വിശ്വാസമാണ് പലരെയും ജീവിത സായാഹ്നങ്ങളിൽ ഇവിടേക്ക് അടുപ്പിക്കുന്നത്.
വാരണാസിയിൽ കാണേണ്ട ഇടങ്ങൾ
ഭാരതത്തിലെ പുണ്യ നദിയായ ഗംഗയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നിര്‍മ്മിക്കപ്പെട്ട കല്‍പ്പടവുകള്‍ അഥവാ ഘട്ടുകളാണ് വാരണാസിയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിൽ ഒന്ന്. ഇത്തരത്തിൽ നിരവധി കല്‍പ്പടവുകള്‍ ഇവിടെ കാണാം. പല പേരുകളില്‍ പല കര്‍മ്മങ്ങള്‍ക്കും കാര്യങ്ങള്‍ക്കുമായിട്ടാണ് ഈ കല്‍പ്പടവുകള്‍ ഉപയോഗിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലലോ.
കാശിയിൽ എത്തിയാൽ വിശ്വനാഥ ക്ഷേത്രം ഒരിക്കലും കാണാതെ പോകരുത്. ഹൈന്ദവ ഗ്രന്ഥങ്ങൾ ക്ഷേത്രത്തെ ശൈവ ആരാധനയുടെ കേന്ദ്രമായാണ് അടയാളപ്പെടുത്തുന്നത്. മുമ്പ് പല മുസ്ലീം ചക്രവർത്തിമാരും ഇവിടുത്തെ ക്ഷേത്രം നശിപ്പിച്ചിരുന്നു.
മുഗൾ ചക്രവർത്തിയായ ഔറംഗസേബ് അവിടെ ഗ്യാൻവാപി മസ്‌ജി സ്ഥാപിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇൻഡോറിലെ മറാഠാ ഭരണാധികാരി അഹല്യഭായ് ഹോൾക്കറാണ് 1780ൽ ഇന്ന് കാണുന്ന നിലയിലുള്ള ക്ഷേത്രം പണിതതെന്നാണ് കരുതപ്പെടുന്നത്.
ലലാപുര പോലെ ഉള്ള ചെറു ഗ്രാമങ്ങളിൽ നെയ്‌തെടുക്കുന്ന പട്ട് ഉത്പന്നങ്ങൾ ലോക വിപണയിൽ തന്നെ പ്രസിദ്ധമാണ്. പൊതുവെ നമ്മൾ ഇവയെ ബനാറസ് പട്ടുകൾ എന്നാണ് പറയാറുള്ളത്. നെയ്ത്തും ആത്‌മീയതും വരണാസിയിൽ എത്തിച്ചേരുന്നവരെ മറ്റൊരു ലോകത്തേക്ക് ആനയിക്കുമെന്ന് പറയുന്നത് വെറുതെയല്ല.
മണികർണിക ഘട്ട്
വാരണാസിയിലെ 84 ഘട്ടുകളിൽ ഏറ്റവും പവിത്രമെന്ന് കരുതപ്പെടുന്ന ഇടമാണിത്. ഇവിടെ ഒരാളെ ദഹിപ്പിച്ചാൽ അയാൾക്ക് മോക്ഷം കിട്ടുമെന്നാണ് കരുതപ്പെടുന്നത്. ഒരിക്കൽ കൂടി പറയട്ടെ, വാരണാസിയിൽ എത്തിയാൽ മണികർണിക ഘട്ട് കാണണമെന്ന് നിർബന്ധം പിടിക്കരുത്, കാരണം മരണം ആഘോഷിക്കപ്പെടുന്ന ഇടമാണിത്. അതിനാൽ തന്നെ ഇവിടം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതേ മനസ്ഥിതിയോടെ പോവുന്നതാവും നല്ലത്.












Click it and Unblock the Notifications