ഇടുക്കിയിൽ അധികമാരും അറിയാത്ത ഒരിടം; അമൃതമേട് അഥവാ കുരിശുമല, കാഴ്‌ചയുടെ അത്ഭുതം
ഇടുക്കിയിൽ ചെറുതും വലുതുമായ ഒട്ടേറെ ടൂറിസം കേന്ദ്രങ്ങളുണ്ട്. അതിൽ പലതും നിങ്ങൾക്ക് അറിയാവുന്നതുമാണ്. എന്നാൽ അധികമൊന്നും അറിയപ്പെടാതെ എത്രയോ ഇടങ്ങളുണ്ട് ഈ ജില്ലയിൽ. അങ്ങനെ സഞ്ചാരികൾ കൂടുതലായി എത്തിയാണ് പലയിടങ്ങളും മുഖ്യധാരയിലേക്ക് വരുന്നത്. അതിൽ ഉൾപ്പെടെ ഒരു കേന്ദ്രമാണ് അമൃതമേട് അഥവാ കുരിശുമല.
ഇവിടമൊരു തീർഥാടന കേന്ദ്രവും ട്രെക്കർമാരുടെ പ്രിയപ്പെട്ട ഇടവുമാണ്. ഈസ്‌റ്റർ വേളയിൽ നിരവധി വിശ്വാസികളാണ് ഇവിടെ മല കയറാൻ എത്തുന്നത്. എന്നാൽ മറ്റെല്ലാ സീസണുകളിലും വിനോദ സഞ്ചാരികൾക്കായി വാതിൽ തുറന്നിട്ട ഇടമാണ് കുരിശുമല. ഇവിടുത്തെ കാഴ്‌ചകൾ അതിമനോഹമരമാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല.

ദൂരെ തേയിലത്തോട്ടങ്ങളും കോക്കാട് കുന്നുകളും ട്രെക്കിംഗിനിടെ നിങ്ങൾക്ക് കാണാം. കൂടുതൽ ഉയരത്തിലേക്ക് കടക്കുമ്പോൾ കാഴ്‌ചകളുടെ മനോഹാരിതയും മാറും. ഏറ്റവും മുകളിൽ എത്തിയാൽ ഈ സ്ഥലത്ത് മാത്രം കാണുന്ന ഒരുതരം മൂടൽമഞ്ഞ് തികച്ചും പ്രത്യേകമായ ഒരു അനുഭവമാണ്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് അമൃതമേട്.
പീരുമേട് മേഖലയിൽ നിന്നും അധികം ദൂരമല്ല ഇതെന്ന് കൂടി ഓർക്കണം. ഇടുക്കിയിലെ എണ്ണം പറഞ്ഞ രണ്ട് ടൂറിസം സെന്ററുകളായ കുട്ടിക്കാനം, പീരുമേട് എന്നിവ കാണാനും കുരിശുമലയിലേക്കുള്ള യാത്രയിൽ നിങ്ങൾക്ക് അവസരമുണ്ട്. സ്ഥിരമായി മൂന്നാറും വാഗമണും ഒക്കെ പോയി മടുത്തവർക്ക് പറ്റിയ ഏറ്റവും നല്ല ഓപ്‌ഷനാണ് ഇത്.
പീരുമേട്
കുമളിയിൽ നിന്ന് 40 കിലോമീറ്റർ അകലെയായി സമുദ്രനിരപ്പിൽ നിന്ന് 915 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടമാണ് പീരുമേട്. പെരിയാർ കടുവാ സങ്കേതത്തിലേക്ക് യാത്രാമധ്യേ വിനോദസഞ്ചാരികൾക്ക് കാണാൻ പറ്റിയ, ചെലവഴിക്കാൻ പറ്റിയ ഇടമാണിത്.
അമൃതമേട് കാണാൻ എത്തുന്ന സഞ്ചാരികൾ കൂടുതലായും പീരുമേടിന്റെ കാഴ്‌ചകൾ ആസ്വദിക്കാൻ എത്തുന്നവരാണ്. പീരുമേടും പരിസര പ്രദേശങ്ങളും ട്രക്കിംഗിനും സൈക്കിൾ സവാരിക്കും കുതിര സവാരിക്കും ഉൾപ്പെടെ അനുയോജ്യമാണ്.
കുട്ടിക്കാനം
അമൃതമേട് സ്ഥിതി ചെയ്യുന്നത് കുട്ടിക്കാനം മേഖലയിലാണ്. കൂടാതെ പീരുമേട് നിന്ന് വെറും മൂന്ന് കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ളത്. സാഹസിക വിനോദസഞ്ചാരത്തിനും ട്രെക്കിംഗിനും പേരുകേട്ട ഇടമായ കുട്ടിക്കാനം ഒരുവട്ടമെങ്കിലും നിങ്ങൾ സന്ദർശിച്ചാൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്ന ഇടം കൂടിയാണ്.
ഉരുണ്ടുകൂടിയ കുന്നുകളും മനോഹരമായ ഭൂപ്രകൃതിയും ഇവിടുത്തെ മറ്റൊരു വ്യത്യസ്‌തമായ അനുഭൂതി പകരുന്ന ഇടങ്ങളാക്കി മാറ്റുന്നുണ്ട്. എന്നാൽ കുട്ടിക്കാനത്തേക്കുള്ള യാത്ര മധ്യേ ധാരാളം തേയിലത്തോട്ടങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. അതിരാവിലെ വരികയാണെകിൽ ഇവിടം മുഴുവൻ മഞ്ഞുമൂടിയ മനോഹര കാഴ്‌ചയും നിങ്ങൾക്ക് കാണാം.












Click it and Unblock the Notifications