അരുവിക്കുഴി വെള്ളച്ചാട്ടം ഒരു ജിന്നാണ്; എത്ര കണ്ടാലും മതിവരില്ല, കുടുംബവുമൊത്ത് ഉല്ലസിക്കാൻ പറ്റിയ ഇടം
വലിയ ടൂറിസം കേന്ദ്രങ്ങളിൽ ആളുകളുടെ ബഹളവും ജാനബാഹുല്യവും ഒക്കെ ഉണ്ടാവുമ്പോൾ നമ്മളിൽ പലർക്കും അത് ഇഷ്‌ടപ്പെടണമെന്നില്ല. മുൻപൊക്കെ അത്തരത്തിൽ തിങ്ങിനിറഞ്ഞ നിലയിലായിരുന്നു പലയിടങ്ങളും. എന്നാൽ ഇന്ന് കാലം മാറി ചെറുതെന്നോ വലുതെന്നോ നോക്കാതെ എല്ലായിടത്തും ചെന്നെത്താനാണ് നമുക്ക് ആഗ്രഹം. അത്തരത്തിൽ നിങ്ങൾക്ക് ഏതെങ്കിലും വ്യത്യസ്‌തമായ ഇടത്തിൽ പോകാനാണ് താൽപര്യമെങ്കിൽ ഉറപ്പായും പരീക്ഷിക്കാവുന്ന ഇടമാണ് അരുവിക്കുഴി.
കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് അരുവിക്കുഴി. കോട്ടയം ജില്ലയിലെ പള്ളിക്കത്തോടിന് അടുത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള പാറക്കെട്ടുകളിൽ തട്ടി വെള്ളം ഒഴുകി വരുന്ന കാഴ്‌ച വളരെ നല്ലൊരു അനുഭൂതിയാകും സഞ്ചാരികൾക്ക് നൽകുക. ഈ പാറകളുടെ ഉയരം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തും.

ഇതേ പേരിൽ പലയിടത്തും മറ്റ് വെള്ളച്ചാട്ടങ്ങൾ ഉണ്ടെന്നതാണ് മറ്റൊരു കൗതുകരമായ വസ്‌തുത. എന്നാൽ കൂട്ടത്തിൽ ഏറ്റവും ഭംഗിയേറിയതും സാധ്യതകൾ കൂടുതൽ ഉള്ളതും ഇവിടെ തന്നെയാണ്. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നേരിട്ട് കാണുവാനായി നൂറോളം പടികൾ ഇവിടെ സന്ദർശകർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. കൂടാതെ വെയിലിലും മഴയിലും നിന്ന് രക്ഷപെടുവാനുമായി ഒരു വാച്ച് ടവറും ഇവിടെയുണ്ട്.
ഇവിടേക്കുള്ള യാത്രയിൽ അനേകായിരം റബ്ബർ മരങ്ങളുടെ ഇടയിലൂടെയുള്ള പാതകൾ കടന്നുവേണം ലക്ഷ്യ സ്ഥാനത്തേതാൻ. ഇത് തന്നെ ഒരു പ്രത്യേക അനുഭവമാണ്. 100 അടിയിലധികം ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന തണുത്ത വെള്ളത്തിനൊപ്പം ഇവിടേക്കുള്ള യാത്രയിലെ കാഴ്‌ചകളും കൂടി ചേരുമ്പോൾ പകരം വയ്ക്കാനില്ലാത്ത ഒരിടമായി അരുവിക്കുഴി മാറുന്നു.
നമ്മുടെ കൈയ്യകലത്ത് നിന്ന് തികച്ചും സുരക്ഷിതമായ വെള്ളച്ചാട്ടത്തെ കാണാൻ കഴിയും എന്നതാണ് അരുവിക്കുഴിയെ വ്യത്യസ്‌തമാക്കുന്ന ഒരു ഘടകം. സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കൊണ്ട് ഒരുക്കിയ ഇടമായതിനാൽ ധൈര്യമായി കൊച്ചുകുട്ടികളുമായി പോലും ഇവിടേക്ക് വരാം. അതുകൊണ്ടാണ് ഇവിടം കുടുംബങ്ങളുടെ പ്രിയപ്പെട്ട ഇടമായി മാറുന്നതും.
പള്ളിക്കത്തോടിൽ നിന്നുള്ള രണ്ട് തോടുകൾ ഒന്നിച്ച് ഒഴുകി ഇവിടെയെത്തുമ്പോൾ പാറക്കെട്ടുകൾക്ക് ഇടയിലൂടെ താഴേയ്ക്ക് പതിക്കുന്നതാണ് അരുവിക്കുഴി വെള്ളച്ചാട്ടമായി മാറുന്നത്. കുത്തനെയുള്ള പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകി വന്ന് താഴേയ്ക്ക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന് മൂന്ന് തടയണകൾ കെട്ടിയിട്ടുണ്ട്. കൂടാതെ ഇതിനെ ജില്ലയിലെ തന്നെ ഏറ്റവും മികച്ച ടൂറിസം ഡെസ്‌റ്റിനേഷനുകളിൽ ഒന്നായി മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.












Click it and Unblock the Notifications