ബേക്കൽ കോട്ട ഒരുക്കുന്ന വിസ്‌മയ കാഴ്‌ച; വീണ്ടും വരാൻ തോന്നുന്ന ഒരുതരം മാജിക്, സംഭവം തന്നെ ഇവിടം
നാല് നൂറ്റാണ്ടിലേറെ നീണ്ട വൈദേശിക ആധിപത്യത്തിന്റെ കറുത്ത പാടുകൾ പേറുന്ന നാടാണ് കേരളം. എന്നാൽ അതിനിടയിലും നാം നമ്മുടെ സ്വന്തം വാസ്‌തു വിദ്യയുടെ സത്വവും, മേന്മയും വിട്ടുകളഞ്ഞില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായി തലയുയർത്തി നിൽക്കുന്ന ഒരു ഇടമുണ്ട് ഈ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. കേരളത്തിന്റെ വടക്കേ അറ്റത്ത് കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബേക്കൽ കോട്ടയ്ക്ക് പറയാനുള്ളത് 370 വർഷത്തെ ചരിത്രമാണ്.
അതുകൊണ്ട് തന്നെ ബേക്കൽ കോട്ട കാണാനുള്ള യാത്ര എന്തുകൊണ്ടും സ്പെഷ്യൽ ആണ്. ഈ പുരാതന നിർമ്മിതിയുടെ ചരിത്രമുറങ്ങുന്ന മണ്ണ് ഇന്ന് ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. ദിനംപ്രതി നൂറുകണക്കിന് പേരാണ് ഇവിടെ സന്ദർശിക്കാൻ എത്തുന്നത്. അതിന് തക്കതായ കാരണവും ഉണ്ടെന്നതാണ് സത്യം.

കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണിത്. സമുദ്രനിരപ്പിൽ നിന്ന് 130 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പുരാതന നിർമ്മിതി ഏതാണ്ട് 40 ഏക്കറോളം പ്രദേശത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ബേക്കൽ ഫോർട്ട് ബീച്ച് എന്നറിയപ്പെടുന്ന മനോഹരമായ ബീച്ച് ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് പ്രത്യേക അനുഭൂതി നൽകുന്ന കാഴ്‌ചയാണ്.
കടൽത്തീരത്തെ കുത്തനെയുള്ള കുന്നുകളിൽ സ്ഥിതി ചെയ്യുന്ന കോട്ട ബീച്ചിൽ നിന്നുള്ള മനോഹരമായ കാഴ്‌ച നൽകുന്നു. ചെങ്കൽ സ്ലാബുകൾ ഉപയോഗിച്ച് നിർമ്മിച്ചതും ബഹുഭുജ ആകൃതിയിലുള്ളതുമായ ഇത് കേരളത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഇടങ്ങളിൽ ഒന്ന് കൂടിയാണ്. ഒപ്പം സിനിമാ ചിത്രീകരണത്തിന്റെ ഇഷ്‌ട കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണിത്.
ബോംബെ എന്ന സൂപ്പർഹിറ്റ് മണിരത്നം ചിത്രത്തിലെ ഉയിരേ എന്ന ഗാനരംഗം നിങ്ങൾ ഒരിക്കലും മറക്കില്ല. അതിന്റെ പ്രധാന ലൊക്കേഷനായിരുന്നു ഇവിടം. അത്രയ്ക്ക് മനോഹരമായ ഭൂപ്രകൃതിക്കൊപ്പം മനുഷ്യന്റെ വാസ്‌തുവിദ്യയുടെ മകുടോദാഹരണം പോലെ തല ഉയർത്തി നിൽക്കുന്ന കോട്ടയുടെ കാഴ്‌ച ഉറപ്പായും നിങ്ങളെ അത്ഭുതപ്പെടുത്തും എന്നുറപ്പാണ്.
മനോഹരമായ പീഫോളുകൾ ഘടിപ്പിച്ച ഒരു നിരീക്ഷണ ഗോപുരം, സവിശേഷമായ കൊത്തുപണികളുള്ള ആഞ്ജനേയ ക്ഷേത്രം, ചെങ്കല്ലിൽ നിർമ്മിച്ച രണ്ട് തെയ്യം ശിൽപങ്ങൾ എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന ആകർഷണങ്ങൾ. ഇതിന് പുറമെ ടിപ്പു സുൽത്താൻ നിർമ്മിച്ച ഒരു പുരാതന മസ്‌ജിദ്, വിവിധ ഭൂഗർഭ പാതകൾ എന്നിവയും ഈ പ്രദേശത്തെ മറ്റ് സവിശേഷതകളാണ്.












Click it and Unblock the Notifications