വിന്ററിൽ ചിക്കമംഗളൂരു യാത്ര പോയാലോ? രണ്ട് ദിവസം കൊണ്ട് കണ്ട് തീർക്കാൻ അടിപൊളി സ്പോട്ടുകൾ ഇതാ
ഓരോ യാത്രയും ഓരോ അനുഭവമാണെന്നാണ് പറയാറുള്ളത്. അത്തരത്തിൽ ഒരു സ്ഥലത്ത് പല ഋതുക്കളിൽ പോവുന്നതും മറ്റൊരു അനുഭവമാണ്. കാരണം വേനൽക്കാലത്ത് ഉള്ളത് പോലെയാവില്ല നിങ്ങൾ ചിലയിടത്ത് മഴക്കാലത്ത് പോവുമ്പോൾ. എന്നാൽ ചിലയിടങ്ങൾ ഏത് കാലത്തും, ഏത് കാലാവസ്ഥയിലും കാണുന്നവരുടെ മനം നിറയ്ക്കും. അതിന് ഒരുപാട് ദൂരെയൊന്നും സഞ്ചരിക്കേണ്ടതില്ല, അത്തരം ഇടങ്ങൾ നമ്മുടെ കൺവെട്ടത്ത് തന്നെ ധാരാളമുണ്ട്.
ഊട്ടി, കൊടൈക്കനാൽ എന്നീ ഇടങ്ങൾ പരമ്പരാഗതമായി മലയാളികൾ പതിറ്റാണ്ടുകളായി അവധിക്കാലം ആഘോഷിക്കാൻ ആശ്രയിക്കുന്ന സ്ഥലങ്ങളാണ്. എന്നാൽ നിങ്ങൾക്ക് ഇതിൽ നിന്നും വ്യത്യസ്‌തമായി മറ്റ് ഇടങ്ങൾ സന്ദർശിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ശൈത്യകാലത്ത് പോവാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്ന് നമ്മുടെ മറ്റൊരു അയൽ സംസ്ഥാനമായ കർണാടകയിലുണ്ട്.

വയനാടൻ ചുരം കയറി കർണാടകയുടെ മണ്ണ് കടന്നാൽ എത്തുന്ന അതിമനോഹരമായ ഇടമാണ് ചിക്കമംഗളൂരു. കർണാടകയിലെ തന്നെ ഏറ്റവും സമ്പന്നമായ, സമൃദ്ധമായ ഹിൽ സ്‌റ്റേഷനുകളിൽ ഒന്നെന്ന് ചിക്കമംഗളൂരുവിനെ വിശേഷിപ്പിക്കാം. ഇവിടുത്തെ കാഴ്‌ചകൾ ഒരു ദിവസം കൊണ്ട് പെട്ടെന്ന് കണ്ട് തീർക്കാൻ പറ്റുന്നതല്ല. രണ്ട് ദിവസത്തെ ചിക്കമംഗളൂരു യാത്ര പ്ലാൻ ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ ഇതാണ് പറ്റിയ അവസരം.
ചിക്കമംഗളൂരു എന്ന മനോഹര ഭൂമി
കർണാടകയിലെ ഹിൽ സ്‌റ്റേഷനുകളിൽ സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയെടുത്ത ഭൂമിയാണ് ചിക്കമംഗളൂരു. കുന്നുകളും താഴ്‌വരകളും അരുവികളും കാപ്പിത്തോട്ടങ്ങളും ഒക്കെയായി ശാന്തവും മനോഹരവുമായ ഒരു പട്ടണമാണ് ചിക്കമംഗളൂരു. ഇവിടെ നിങ്ങൾക്ക് കാണാൻ പറ്റിയ ഒട്ടേറെ കാഴ്ച്ചകളും പരീക്ഷിക്കാൻ കഴിയുന്ന വിനോദങ്ങളും ഏറെയുണ്ട്.
മേഖലയിലെ മനോഹരമായ വെള്ളച്ചാട്ടമായ് ഹെബ്ബ വെള്ളച്ചാട്ടം ഒരു കാരണവശാലും നിങ്ങൾ വിട്ടുകളയരുത്. നിബിഡ വനങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം കാടിന്റെ ഭംഗി ആസ്വദിക്കാൻ താൽപര്യമുള്ള ആളുകൾക്കും സാഹസികത ഇഷ്‌ടപ്പെടുന്നവർക്കും ഒരുപോലെ പ്രയോജനകരമായിരിക്കും. ഇതിനോട് ചേർന്ന് തന്നെയുള്ള ഇസെഡ് വ്യൂ പോയിന്റും നിങ്ങൾ വിട്ടുകളയരുത്.
ട്രെക്കിംഗിന് വളരെ അനുയോജ്യമായ ഇടങ്ങളിൽ ഒന്നാണിത്. കൂടാതെ സാഹസികത ഇഷ്‌ടപ്പെടുന്നവർക്ക് ചിക്കമംഗളൂരിനടുത്ത് സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് മുല്ലയനഗിരി. ബൈക്കിംഗ്, ട്രെക്കിംഗ് തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഇടമാണിത്. ചിക്കമംഗളൂരുവിന് അടുത്തുള്ള മറ്റൊരു ആകർഷണമാണ് ബാബ ബാബ ബുഡൻഗിരി. മേഖലയിലെ പ്രധാന കൊടുമുടികളിൽ ഒന്നാണിത്.
ട്രെക്കിംഗിന് അനുയോജ്യമായ ഇവിടം ഫോട്ടോഗ്രാഫർമാരുടെ പറുദീസയാണ്. അയ്യനകെരെ തടാകം മേഖലയിലെ മറ്റൊരു ആകർഷണമാണ്. ബോട്ടിംഗ്, ക്യാമ്പിംഗ് എന്നിവയ്ക്കുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. ശാന്തമായ അന്തരീക്ഷത്തിൽ നിങ്ങൾക്ക് സമയം ചിലവഴിക്കാൻ ഇതിലും നല്ലൊരു സ്ഥലം അടുത്തെങ്ങും കിട്ടില്ല.
ഇത് കൂടാതെ വേറെയും ഒട്ടേറെ കാഴ്‌ചകൾ രണ്ട് ദിവസത്തെ ചിക്കമംഗളൂരു യാത്രയിൽ നിങ്ങളെ കാത്തിരിപ്പുണ്ട്. ജാരി വെള്ളച്ചാട്ടം, മാണിക്യധാര വെള്ളച്ചാട്ടം, അമൃതേശ്വര ക്ഷേത്രം, ഭദ്ര വന്യജീവി സങ്കേതം, കോഫി മ്യൂസിയം എന്നിവയ്ക്ക് പുറമേ അധികം അകലെയല്ലാത്ത കുദ്രേമുഖ് ദേശീയോദ്യാനവും സമയമുണ്ടെങ്കിൽ സന്ദർശിക്കാം.












Click it and Unblock the Notifications