വയനാട്ടിൽ ഒരു ട്രെക്കിംഗ് ആയാലോ? ചെമ്പ്ര കൊടുമുടി കയറാൻ ഉണ്ടേൽ പോര്, ഹൃദയ സരസും കാണാം
വയനാട്ടിൽ കാണാൻ കാഴ്‌ചകൾ ഏറെയുണ്ട്. ഒരു ഉയർന്നുവരുന്ന വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ഇവിടം പൂർണമായും സഞ്ചാരികളാൽ കണ്ടറിയപ്പെട്ടിട്ടില്ല എന്നതാണ് സത്യം. പല മനോഹര കാഴ്‌ചകളും അനുഭവങ്ങളും അറിയാതെയാണ് ഇവിടേക്കെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും മടങ്ങുന്നത്. അതിൽ ഒരു പ്രധാന ഇടമാണ് ചെമ്പ്ര കൊടുമുടി.
അത്രയേറെ മനോഹരമായ മറ്റൊരിടം വയനാട്ടിൽ ഇല്ലെന്ന് വേണമെങ്കിൽ പറയാം. വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര. സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടുമുടി കൂടിയാണിത്. പശ്ചിമ ഘട്ടത്തിന്റെ ഭംഗിയുടെ ഒരു പരിച്ഛേദമായി നിലകൊള്ളുന്ന ഒരു പ്രദേശമാണ് ചെമ്പ്ര.

ഈ കൊടുമുടി അപൂർവ സസ്യജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥ പേറുന്നുണ്ട്. കൊടുമുടിയിലേക്കുള്ള പാതയിൽ തന്നെ ഹൃദയാകൃതിയിലുള്ള തടാകം, വെള്ളച്ചാട്ടങ്ങൾ, പച്ചപ്പിന്റെ മനോഹാരിത എന്നിവ ആസ്വദിക്കാനുള്ള അവസരവും സഞ്ചാരികൾക്കുണ്ട്. താഴെ താഴ്‌വരയിൽ നിറയെ തേയിലത്തോട്ടങ്ങളാൽ സമൃദ്ധമാണ്.
വനം വകുപ്പ് ചെമ്പ്ര കൊടുമുടിയിലേക്ക് ഒരു മുഴുവൻ ദിവസത്തെ ട്രെക്കിംഗ് പാക്കേജ് സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾക്ക് വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതിയാകും. തേയിലത്തോട്ടങ്ങളിലൂടെ ട്രെക്കിംഗ് പാത നിങ്ങളെ കൂട്ടിക്കൊണ്ട് പോവുന്നത് ഹൃദയസരസ് എന്നറിയപ്പെടുന്ന ചെറു തടാകത്തിലേക്കാണ്.
ഓഗസ്‌റ്റ് മാസം മുതൽ മെയ് വരെയാണ് ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം. ഗൈഡിനെ ഒപ്പം കൂട്ടിയുള്ള മലകയറ്റം മാത്രമേ ഇവിടെ അനുവദിക്കൂ. ട്രെക്കിംഗ് ആഗ്രഹിക്കുന്ന ആളുകൾ നിർബന്ധമായും ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി ഇവിടെ എത്തേണ്ടതുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് അഞ്ച് വരെയാണ് മലകയറാൻ അനുവദിച്ചിരിക്കുന്ന സമയം. മേപ്പാടിക്ക് അടുത്തയാണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. കൂടുതൽ ദിവസം വയനാട്ടിൽ നിൽക്കാനും കാഴ്‌ചകൾ കാണാനും ആഗ്രഹിക്കുന്ന ആളുകൾ ചെമ്പ്ര ഒരിക്കലും വിട്ടുകളയരുത്.
ഒപ്പം ഇതിനോട് അടുത്ത് തന്നെ വേറെയും മനോഹര കാഴ്‌ചകൾ ഉണ്ടെന്നതാണ് പ്രത്യേകത. സൂചിപ്പാറ, കാന്തൻപാറ, മീൻമുട്ടി, ചെതലയം വെള്ളച്ചാട്ടങ്ങൾ നിങ്ങളുടെ കണ്ണിന് കുളിർമയേകുന്ന കാഴ്‌ചയാവും സമ്മാനിക്കുക. കൂടാതെ, ബാണാസുര സാഗർ അണക്കെട്ട്, പൂക്കോട് തടാകം, എടക്കൽ ഗുഹകൾ എന്നിങ്ങനെ അനേകം കാഴ്‌ചകൾ കണ്ടു വരുന്നവർ ചെമ്പ്രയും കൂടി അവരുടെ ലക്ഷ്യത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.












Click it and Unblock the Notifications