നുമ്മ കൊച്ചി പൊളിയാണ് മച്ചാനെ; ബോൾഗാട്ടി പാലസും ഐലൻഡും പുത്തൻ അനുഭവം, കണ്ടില്ലേൽ വേഗം വിട്ടോ
കേരളത്തെ അനുഭവിച്ചറിയാൻ എത്തുന്ന വിദേശികളിൽ ഭൂരിഭാഗവും എത്തുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് കൊച്ചി. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ കൊച്ചിയ്ക്ക് സവിശേഷമായ സ്ഥാനം കൽപിച്ചു കിട്ടിയിട്ട് നൂറ്റാണ്ടുകളായി. ഒരൊറ്റ ദിവസം കൊണ്ട് കണ്ട് തീർക്കാൻ പറ്റുന്ന കാഴ്‌ചകൾ മാത്രമല്ല കൊച്ചിയിൽ ഉള്ളത്.
ചെറുതും വലുതുമായ ഒട്ടേറെ ഇടങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. അതിൽ ഏറ്റവും മനോഹരവും വ്യത്യസ്‌തവും അതിലേറെ പ്രത്യേകതകളും ഉള്ള ഒരിടമാണ് ബോൾഗാട്ടി ദ്വീപും അവിടുത്തെ പാലസുമൊക്കെ. ഒട്ടേറെ സിനിമകളിലും പരസ്യ ചിത്രങ്ങളിലും മറ്റ് വീഡിയോകളിലൂടെയും പലർക്കും പരിചിതമാണ് ഈ ഇടം.

നഗരത്തിലെ പ്രധാന മേഖലയായ ഫോർട്ട് കൊച്ചിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭംഗിയുള്ള ദ്വീപാണ് ബോൾഗാട്ടി ദ്വീപ്. ഇവിടെ പാലസ് തന്നെയാണ് പ്രധാനമായും ആളുകളെ ആകർഷിക്കുന്ന കാഴ്‌ചകളിൽ ഒന്ന്. ബോൾഗാട്ടി പാലസ് അഥവാ കൊട്ടാരം 1744ൽ ഡച്ചുകാരാണ് നിർമ്മിച്ചത്, പിന്നീട് ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയായിരുന്നു.
കൊച്ചിയിലെ കാഴ്‌ചകൾ കണ്ടു തീർക്കാൻ കേവലം മറൈൻ ഡ്രൈവിലും ബീച്ചിലും മാത്രം കറങ്ങിയാൽ പോരാ. അവിടെ ഏറ്റവും കൂടുതൽ ആളുകൾ കാണാനെത്തുന്ന ഇടമായ ബോൾഗാട്ടി പാലസും ഒരിക്കലെങ്കിലും കാണേണ്ടത് തന്നെയാണ്. ബോട്ടിലാണ് ഇവിടേക്ക് യാത്ര ചെയ്യേണ്ടത്, അത് തന്നെ വളരെ മനോഹരമായ ഇരു അനുഭവമാണ്.
കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റ് കോർപ്പറേഷന്റെ (കെടിഡിസി) ഹോട്ടൽ ആന്റ് റിസോർട്ടായി ഇത് ഇപ്പോൾ ഉപയോഗിച്ച് വരികയാണ്. ഇതിനോട് ചേർന്ന് തന്നെ ഒരു ഗോൾഫ് കോഴ്‌സും ധാരാളം ഹണിമൂൺ കോട്ടേജുകളും ഒരുക്കിയിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കും, കുടുംബങ്ങൾക്കും ഒരുപോലെ ഇവിടം പ്രയോജനപ്പെടുത്താം.
കായൽ കാഴ്‌ചയും, കൊച്ചി തുറമുഖവും, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലും, അറബിക്കടലും ഒക്കെ ബോൾഗാട്ടി ദ്വീപിനെ അഭിമുഖീകരിക്കുന്നതിനാൽ ഇവിടെ നിന്നുള്ള പുറം കാഴ്‌ച അതിമനോഹരമാണ്. കൊച്ചിയുടെ പഴയ കാല ചരിത്രത്തിന്റെ ഒരു അവശേഷിപ്പാണെങ്കിലും തികഞ്ഞ പ്രൗഢിയോടെ തന്നെ നിലകൊള്ളുന്ന ബോൾഗാട്ടി പാലസ് സഞ്ചാരികളെ ആകർഷിക്കുന്നതും ഈ ദൃശ്യഭംഗി കൊണ്ട് കൂടിയാണ്.
കൂടാതെ കൊച്ചിൻ ഇന്റർനാഷണൽ മറീന ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഇത്തരത്തിലുള്ള ഒരേയൊരു മറീനയാണിത്. ഇതിന് പുറമെ ഇവിടെയുള്ള ബോൾഗാട്ടി ഇവന്റ് സെന്റർ നിരവധി അന്താരാഷ്ട്ര കോൺഫറൻസുകൾ, കൺവെൻഷനുകൾ, എക്‌സിബിഷനുകൾ എന്നിവയ്ക്ക് വേദിയാകാറുണ്ട്. ഇവിടെ നടക്കുന്ന പ്രദർശന പരിപാടികളിൽ ഉൾപ്പെടെ പങ്കെടുക്കാൻ ധാരാളം സഞ്ചാരികൾ എത്തുന്നതും പതിവാണ്.












Click it and Unblock the Notifications