ഇടുക്കിയെന്നാൽ മൂന്നാർ മാത്രമല്ല കേട്ടോ; വരയാടുകളുടെ സ്വന്തം ഇരവികുളവുമുണ്ട്, ഉഗ്രൻ ട്രെക്കിംഗ് സ്‌പോട്ട്
ഇടുക്കിയിൽ ധാരാളം മനോഹരമായ ടൂറിസം കേന്ദ്രങ്ങളുണ്ട്. എന്നാൽ എല്ലാം ഒത്തിണങ്ങിയ ഒരിടം മൂന്നാറാണ് എന്ന് വേണമെങ്കിൽ പറയാം. എങ്കിലും ശരിക്കും ഇടുക്കിയുടെ ആത്മാവ് അടങ്ങിയിരിക്കുന്നത് അവിടുത്തെ കാടുകളിലാണ്. അവയെ വേർതിരിച്ചു വച്ചിരിക്കുന്ന ദേശീയോദ്യാനങ്ങൾക്കും പറയാൻ ഒട്ടേറെ കഥകളുണ്ടാവും. അത്തരത്തിൽ ഇടുക്കിയിലെ, അതല്ലെങ്കിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിൽ ഒന്നായ ഇരവികുളത്തിന് പറയാനുണ്ട് ഒട്ടേറെ വിശേഷങ്ങൾ.
ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇരവികുളത്തേക്ക് പോയിട്ട് കാര്യമില്ല എന്നറിയാം. അവിടം ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്. ഇരവികുളത്തിനെ കുറിച്ച് അറിയുന്നവർക്ക് ഇക്കാര്യത്തിൽ ധാരണ ഉണ്ടാവും, എങ്കിലും അറിയാത്തവർക്ക് വേണ്ടി പറയാം. ഈ ദേശീയോദ്യാനം യഥാർത്ഥത്തിൽ നീലഗിരി ഥാർ എന്ന് വിളിക്കുന്ന വരയാടുകൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്.

ഈ വരയാടുകളുടെ പ്രജനന കാലമാണ് ഫെബ്രുവരി-മാർച്ച് മാസങ്ങൾ. പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടി ജനുവരി അവസാനത്തോടെ അടയ്ക്കുന്ന പാർക്ക് ഏപ്രിൽ ഒന്നിന് മാത്രമേ തുറക്കുകയുള്ളൂ. ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ ഈ കാലയളവിന് ശേഷം എത്തുന്ന സഞ്ചാരികൾക്ക് വരയാടിൻ കുഞ്ഞുങ്ങളെ കാണാനുള്ള അവസരവും ഉണ്ടാവും.
ഇരവികുളത്തെ മറ്റ് പ്രത്യേകതകൾ
കുറിഞ്ഞി ട്രെക്കിംഗ്: വരയാടുകളുടെ സഞ്ചാര പഥങ്ങളിലൂടെയും, നീലക്കുറിഞ്ഞി വളരുന്ന പുൽമേടിലൂടെയും സഞ്ചരിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു സോഫ്റ്റ് ട്രെക്കിംഗ് പാക്കേജാണ് കുറിഞ്ഞി ട്രയൽ എന്നറിയപ്പെടുന്നത്. രാവിലെയും വൈകുന്നേരവുമാണ് ഈ മൂന്ന് മണിക്കൂർ ട്രെക്കിംഗ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. കൂടുതൽ സാഹസികതയോ, പ്രത്യേക തയ്യാറെടുപ്പുകളോ ആവശ്യമില്ലാതെ മികച്ചൊരു അനുഭവം തന്നെ നിങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കും.
ലക്കം വെള്ളച്ചാട്ടം: ഇരവികുളം ദേശീയോദ്യാനത്തിന്റെ ഹൃദയഭാഗത്ത് നിന്ന് അതിമനോഹരമായ കാഴ്‌ചകൾ പ്രദാനം ചെയ്യുന്ന ലക്കം വെള്ളച്ചാട്ടം മലനിരകളിൽ നിന്ന് താഴേക്ക് പതിക്കുന്ന ജലപാതത്തിന്റെ ദൃശ്യമാണ് ഒരുക്കുന്നത്. മൂന്നാറിൽ നിന്ന് മറയൂരിലേക്കുള്ള പാതയിൽ റോഡരികിലുള്ള വെള്ളച്ചാട്ടത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. സന്ദർശകർക്ക് ഇവിടെ സജ്ജീകരിച്ചിരിക്കുന്ന ഇക്കോ ഷോപ്പ് കഫറ്റീരിയയിൽ നിന്നും റിഫ്രഷിംഗ് സെന്ററിൽ നിന്നും ആവശ്യമായ സേവനങ്ങളും ലഭിക്കും.
സമൃദ്ധമായ ചോല വനങ്ങളിലൂടെയുള്ള പാതയിലൂടെ കടന്നുപോകുമ്പോൾ, കാട്ടുമൃഗങ്ങളുടെ സാമീപ്യവും സമ്പന്നമായ ശുദ്ധവായുവും ആസ്വദിച്ചുകൊണ്ട് ഒരു യാത്രയ്ക്ക് നിങ്ങൾക്ക് അവസരമുണ്ട്. ലക്കം വെള്ളച്ചാട്ടത്തിലൂടെയുള്ള ട്രെക്കിംഗ് അത്രയധികം വേറിട്ട അനുഭവമാണ്. ഒരു മണിക്കൂർ ട്രെക്കിംഗ് രാവിലെയും വൈകുന്നേരവുമായാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.












Click it and Unblock the Notifications