കൊൽക്കത്തയിലെ ദസറ പൊളി വൈബാണ്; നഗരം നിറങ്ങളിൽ ആറാടുന്ന കാഴ്‌ച കാണാം, പോവാൻ വൈകല്ലേ...
സാധാരണയായി നമ്മുടെ നാട്ടിലുള്ളവർ അധികം യാത്ര ചെയ്യാൻ ആഗ്രഹിക്കാത്ത സമയമാണ് പൂജ അവധികൾ. കുട്ടികളുടെ പൂജവെപ്പും മറ്റുമൊക്കെയായി കുടുംബങ്ങൾ ഒക്കെ തിരക്കിലമരുന്ന സമയമാണിത്. കേരളത്തിൽ ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം മാത്രമാണ് പൂജവെപ്പ് സമയത്തുണ്ടാവുക. എന്നാൽ കേരളത്തിന് പുറത്ത് പലയിടത്തും ആഘോഷങ്ങൾ അത്ര ലളിതമല്ലെന്ന് ഓർക്കണം. ഉദാഹരണത്തിന് മൈസൂരു തന്നെയെടുക്കുക.
ദസറ ആഘോഷ നാളുകളിൽ മൈസൂരു നഗരത്തെ പിടിച്ചാൽ കിട്ടില്ല. പത്ത് ദിവസത്തോളം നീളുന്ന ആഘോഷത്തിനാണ് നഗരം സാക്ഷ്യം വഹിക്കുക. അതുപോലെ തന്നെ ദസറയും പൂജയും ഒക്കെ ആഘോഷമാവുന്ന വേറെയും ചില ഇടങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് കൊൽക്കത്ത, വാരണാസി, കുളു എന്നാണിവയൊക്കെ.

ഇതിൽ മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള നഗരങ്ങളിൽ ഒന്ന് കൊൽക്കത്ത തന്നെയാണെന്ന് നിസംശയം പറയാം. അതിനൊരു കാരണമുണ്ട്, കേരളവും ബംഗാളും സാംസ്‌കാരികമായി വച്ചുപുലർത്തുന്ന ചില സാമ്യതകളാണ്. സാഹിത്യം, സിനിമ, ഫുട്‍ബോൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളുടെ സ്വീകാര്യതയിൽ ഇരു സ്ഥലങ്ങളും ഒരുപോലെയാണ്, അതുകൊണ്ട് തന്നെ ഇക്കുറി കൊൽക്കത്തയുടെ മണ്ണിലേക്ക് തന്നെയാവട്ടെ യാത്ര.
കൊൽക്കത്തയിലെ ദസറ കാലം
ദുർഗാ ദേവിയുടെ വൈവിധ്യമാർന്ന പ്രതിമകളാൽ നഗരം മുഴുവൻ അലങ്കരിച്ചിട്ടുണ്ടാവും. രാത്രികളിൽ ഇവിടെ മുഴുവനും ദീപങ്ങളുടെ കാഴ്‌ച്ചകൾ കാണാം. ദസറ അഥവാ ദുർഗാപൂജ സമയത്ത് ഇവിടെ താൽക്കാലിമായി കെട്ടിയൊരുക്കുന്ന പന്തലുകളിലാണ് ആഘോഷങ്ങൾ നടക്കുക. ഹോളി പോലെ തന്നെ നിറങ്ങളുടെ മനോഹര കാഴ്‌ച ഈ സമയവും നിങ്ങൾക്ക് കാണാം.
എവിടെയൊക്കെ പോവാം
വിക്ടോറിയ മെമ്മോറിയൽ, ഇന്ത്യൻ മ്യൂസിയം, ഈഡൻ ഗാർഡൻസ്, സയൻസ് സിറ്റി തുടങ്ങി ഒട്ടേറെ കാഴ്‌ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. കൂടാതെ ഹൗറ ബ്രിഡ്‌ജ് പോലെയുള്ള മനോഹരമായ നിർമ്മിതികൾക്കും ഇവിടെ പഞ്ഞമില്ല. പഴയ ബ്രിടീഷ് ഭരണകാലത്ത് ഇന്ത്യയുടെ തലസ്ഥാനം ആയിരുന്നു കൊൽക്കത്ത ഉൾപ്പെടുന്ന ബംഗാൾ പ്രവിശ്യ. അതിന്റെതായ ഗാംഭീര്യം നഗര നിർമ്മിതികളിൽ പ്രകടമാണ് താനും.
ബംഗാളിലെ സവിശേഷമായ ഭക്ഷണത്തിന്റെ അനുഭവം അറിയാനും ഈ യാത്ര നിങ്ങൾ ഉപയോഗിച്ചാൽ നന്നാവും. ധാരാളം വേറിട്ട രുചികൾ കൊൽക്കത്തയിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പ്രധാനമായും സ്ട്രീറ്റ് ഫുഡുകൾ തന്നെയാണ് അവിടുത്തെ പ്രധാന പ്രത്യേകത, എങ്കിലും വൃത്തിഹീനമായ ചുറ്റുപാടല്ലെന്ന് മാത്രം ഉറപ്പാക്കണം. ഇതിന് പുറമേ വാട്ടർ മെട്രോ പോലെയുള്ള അപൂർവ സൗകര്യങ്ങളും ഇവിടയുണ്ട്.
എങ്ങനെ എത്തിപ്പെടാം
കേരളത്തിലെ പ്രധാന റെയിൽവേ സ്‌റ്റേഷനുകളിൽ നിന്ന് കൊൽക്കത്തയിലേക്ക് ട്രെയിനുണ്ട്. വിവേക് എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ കയറിയാൽ നിങ്ങൾക്ക് കൊൽക്കത്ത നഗരത്തിന്റെ മായിക വലയത്തിലേക്ക് ചെന്നിറങ്ങാം. വിമാനത്തിൽ ആയാലും പോവാനുള്ള അവസരമുണ്ട്. ചിലവ് ഇത്തിരി കൂടിയാലും വേഗത്തിൽ എത്താനുള്ള വഴി അത് തന്നെയാണ്.












Click it and Unblock the Notifications