മൂന്നാർ പ്രേമികളേ ട്രാക്ക് മാറ്റ്; മറയൂർ ഒന്ന് കണ്ടേച്ച് വന്നാലോ, ചന്ദനക്കാടും ഗുഹകളുമായി മറ്റൊരു ലോകം
ഇടുക്കി പോവുന്ന എല്ലാ വിനോദ സഞ്ചാരികൾ ആദ്യമെത്തുന്ന ഇടങ്ങളിൽ ഒന്ന് മൂന്നാറാണ്. കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ഈ ഹിൽ സ്‌റ്റേഷൻ ഒരുപാട് സഞ്ചാരികളുടെ ഇഷ്‌ട ഇടമാണ്. അത്രയ്ക്ക് അത് അർഹിക്കുന്നുണ്ട് എന്നതും സത്യമാണ്. എന്നാൽ എല്ലാ വരവിനും മൂന്നാർ കണ്ട് മടുത്തവരും ഇക്കൂട്ടത്തിൽ. അങ്ങനെയുള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഇടങ്ങളിൽ ഒന്നാണ് മറയൂർ. മൂന്നാറിൽ നിന്ന് വെറും 40 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
ശാന്തതയുടെ ഒരിടം തേടി എത്തുന്നവരെ മറയൂർ ഒരിക്കലും നിരാശപ്പെടുത്തില്ല. ചരിത്രാതീത കാലം മുതൽ കഴിഞ്ഞിരുന്നവരുടെ അവശിഷ്‌ടങ്ങൾ പേറുന്ന മണ്ണ് കൂടിയാണ് മറയൂരിലേത്. ഇവിടെ കാടുകളിലും മലഞ്ചെരിവുകളിലും മെഗാലിത്തിക് യുഗത്തിലെ 'മുനിയറകൾ' എന്ന് വിളിക്കുന്ന ശവക്കല്ലറകൾ കാണാൻ കഴിയും. അധികം എവിടെയും എഴുതപ്പെടാത്ത ചരിത്രത്തിന്റെ നാമ്പുകൾ നമുക്ക് കണ്മുന്നിൽ കാണാൻ കഴിയും ഇവിടെ.

1000 വർഷത്തിലേറെയുള്ള കാലത്തെ പാഴാക്കാതെ അതിജീവിച്ചും സഹസ്രാബ്‌ദത്തിന്റെ കാഴ്‌ച കണ്ടും ഈ ശിലാ നിർമ്മിതികൾ ഇന്നും സഞ്ചാരികളെ കാത്തിരിപ്പുണ്ട്. വൈകുന്നേരങ്ങളിൽ ഇവിടെ ചെലവഴിക്കുന്ന സമയത്തിന് ഒരു ആത്മീയതയുടെ രൂപഭാവങ്ങൾ കൈവരുന്നത് അത്തരം ഇടങ്ങൾ ഇഷ്‌ടപെടുന്നവരെ കൂടുതലായി ആകർഷിക്കുന്നുണ്ട്.
മറയൂർ എന്നാൽ ചന്ദ്രനക്കാടുകളാണ് എന്ന കാര്യവും മറക്കരുത്. മറയൂരിലേക്കുള്ള യാത്രാ വേളയിൽ തന്നെ ധാരാളമായി നിങ്ങൾക്ക് ഇവ കാണാൻ കഴിയും. എണ്ണത്തിൽ കുറവാണെങ്കിലും ഗുണത്തിൽ മറ്റേത് നാട്ടിലെ ചന്ദന മരങ്ങളോടും കിടപിടിക്കുന്നതാണ് ഇവിടുത്തെ മരങ്ങൾ. വനംവകുപ്പിന്റെ അനുമതിയോടെ നിങ്ങൾക്ക് ചന്ദനക്കാടുകൾ അടുത്ത് കാണാനും, അവ പ്രൊസസ് ചെയ്യുന്ന ഫാക്‌ടറികൾ സന്ദർശിക്കാനും കഴിയും.
ഇവിടെ തന്നെയുള്ള മറ്റൊരു വ്യത്യസ്‌ത കാഴ്‌ചയാണ് ഗുഹാ ചിത്രങ്ങൾ. ഏഴുതല ഗുഹാചിത്രങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. മറയൂരിലെ തന്നെ കൂടക്കാവ് ചന്ദന സംരക്ഷണ വനത്തിലാണ് എഴുതല ഗുഹ സ്ഥിതി ചെയ്യുന്നത്. 1500 മീറ്റർ ഉയരത്തിലുള്ള ഇവിടെ ധാരാളം ഗുഹാചിത്രങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. ഒരുപാട് നൂറ്റാണ്ടുകൾ പഴക്കമുള്ള മറ്റൊരു കാഴ്‌ചയാണ് ഇത്.
മറയൂരിൽ എത്തുന്നവർ നിർബന്ധമായും കാണേണ്ട കാഴ്‌ചകളിൽ ഒന്നാണ് കരിമ്പ് പാടങ്ങളും, അവയ്ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ശർക്കര നിർമ്മാണ യൂണിറ്റുകളും. നമ്മൾ എല്ലാം ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ശാർക്കര എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നമുക്ക് അടുത്ത് കാണാം. ഒപ്പം കുന്നുകളുടെ ബാക്ക്ഗ്രൗണ്ടിൽ മനോഹരമായ ചിത്രങ്ങൾ പകർത്തുകയും ചെയ്യാം.












Click it and Unblock the Notifications