പൊള്ളാച്ചിയിലെ കാഴ്‌ചകൾ അതിമനോഹരം; വാൽപ്പാറ-ചാലക്കുടി റോഡിലൂടെ ഒരു യാത്ര, സ്വർഗം തന്നെ അത്
കണ്ടുമടുത്ത ഇടങ്ങളിലേക്ക് തന്നെ യാത്രകൾ പോകുന്നത് ഒരു പരിധിവരെ വിരസമായ സംഗതിയാണ്. മലയാളിയുടെ ടിപ്പിക്കൽ ലൊക്കേഷനുകളായ ഊട്ടിയും കൊടൈക്കനാലും മാത്രമാണ് തമിഴ്‌നാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ എന്ന് കരുതുന്ന ഒട്ടേറെ മലയാളികൾ ഇപ്പോഴുമുണ്ട്. തമിഴ്‌നാട് ടൂറിസം വേണ്ട വിധം പ്രയോജനപ്പെടുത്താത്തവരാണ് നമ്മൾ മലയാളികൾ എന്ന് നിസംശയം പറയാം.
അതിന്റെ ഉത്തമ ഉദാഹരണമാണ് പൊള്ളാച്ചി എന്ന ഇടം. കേരളത്തിന്റെ തൊട്ടടുത്ത് കിടക്കുന്ന മേഖലയായിട്ട് കൂടി അവിടേക്ക് ഒരുപാട് സഞ്ചാരികളൊന്നും പോവാൻ തയ്യാറാവുന്നില്ല എന്നതാണ് സത്യം. മലയാളി ടൂറിസ്‌റ്റുകൾ കുറവാണെങ്കിലും ഒട്ടുമിക്ക മലയാളികളും ഈ സ്ഥലം കണ്ടിട്ടുണ്ടാവും എന്നുറപ്പാണ്. കാരണം ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും പ്രധാന ലൊക്കേഷൻ ഇവിടെയായിരുന്നു.

ഈ യാത്ര പൊള്ളാച്ചി-വാൽപ്പാറ-ചാലക്കുടി റൂട്ടിലൂടെയാണെങ്കിൽ പറയുകേ വേണ്ട. 172 കിലോമീറ്റർ വരുന്ന മനോഹരമായ ഈ വഴി നമ്മുടെ നാട്ടിലെ ഏറ്റവും മനോഹരമായ പാതകളിൽ ഒന്നാണെന്ന് ഉറപ്പിച്ചു പറയാം. എത്ര കണ്ടാലും മതിവരാത്തതും ഒട്ടേറെ അത്ഭുതങ്ങൾ ഒളിപ്പിച്ചു വച്ചതുമായ ഇടമാണ് ഈ പാത . പൊള്ളാച്ചി വാൽപ്പാറ മലക്കപ്പാറ വാഴച്ചാൽ സ്‌ട്രെച്ചിൽ മനോഹരമായ കാഴ്‌ച കാടുകളുടേത് തന്നെയാണ്.
കോയമ്പത്തൂർ ജില്ലയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. നാളികേര നഗരം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഏതാണ്ട് കേരളത്തിന് സമാനമായ ഭൂപ്രകൃതി കൊണ്ട് അനുഗ്രഹീതമാണ് ഈ സ്ഥലം. പൊള്ളാച്ചിക്ക് ചുറ്റുമായി ഒട്ടേറെ പ്രധാന ടൂറിസം കേന്ദ്രങ്ങളുണ്ട്. അവയിൽ പലതും വ്യത്യസ്‌തമായ അനുഭവങ്ങൾ സമ്മാനിക്കുന്നതുമാണ്.
മങ്കി വെള്ളച്ചാട്ടം: പൊള്ളാച്ചിയിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള വെള്ളച്ചാട്ടമാണ് മങ്കി ഫാൾസ്. പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 1 മണിക്കൂർ കൊണ്ട് ഇവിടെ എത്തിച്ചേരാം. വെള്ളച്ചാട്ടം സന്ദർശിക്കാൻ 30 രൂപ പ്രവേശന ഫീസ് നൽകണം. ഇവിടെ കുളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിന് അനുസരിച്ച് പ്ലാൻ ചെയ്യുന്നത് നന്നാവും.
മസാനി അമ്മൻ ക്ഷേത്രം: പൊള്ളാച്ചിയിൽ നിന്ന് 20-30 മിനിറ്റിനുള്ളിൽ ആനമല മസാനി അമ്മൻ ക്ഷേത്രത്തിലെത്താം. രാവിലെ 6 മുതൽ 1 മണി വരെ ക്ഷേത്രം തുറന്നിരിക്കും, വൈകുന്നേരം 4 മുതൽ 8 വരെയും ഇവിടെ ചെല്ലാം. ക്ഷേത്രത്തിന് സമീപം ധാരാളം മുറികൾ ലഭ്യമാണ്. നല്ല പാർക്കിംഗ് സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. മികച്ചൊരു അനുഭവമാണ് ഈ ക്ഷേത്രം.
പൊള്ളാച്ചിയിൽ നിന്ന് 20 കിലോമീറ്റർ അകലെ കോട്ടൂരിനടുത്തുള്ള പ്രശസ്‌തമായ ക്ഷേത്രമാണ് ഗോപാൽസാമി ഹിൽസ്. ട്രെക്കിംഗ് ഇഷ്‌ടപ്പെടുന്ന ആളുകൾക്ക് പറ്റിയ ഇടമാണിത്. ഏകദേശം 30 മിനിറ്റ് ട്രെക്കിംഗ് അല്ലെങ്കിൽ 1.5 കിലോമീറ്റർ വരുന്ന ദൂരമാണ് പിന്നിടേണ്ടത്.












Click it and Unblock the Notifications