ആര് വീണാലും തിരച്ചിലില്ലാത്ത ഒരേയൊരു വെള്ളച്ചാട്ടം; 'ഉരക്കുഴി' നിങ്ങളെ അത്ഭുതപ്പെടുത്തും, ഇതാണ് പറ്റിയ സമയം
ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാൻ താൽപര്യമുള്ള ആളുകൾ ശരിക്കും അനുഗ്രഹീതരാണ്. ശരിക്കും പറഞ്ഞാൽ അങ്ങനെ യാത്ര ചെയ്യാൻ തയ്യാറാണെങ്കിൽ ഒരുപാട് കാഴ്‌ചകൾ നമുക്ക് കണ്ടറിയാം. എന്നാൽ ചിലർക്ക് യാത്ര ചെയ്യാൻ നല്ല കാലാവസ്ഥയും അതിന് പറ്റിയ മൂഡുമൊക്കെ വേണം. അത്തരക്കാർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ശൈത്യകാലം വന്നെത്താനാണ്. ഈ സമയത്ത് പലയിടത്തും പറഞ്ഞറിയിക്കാനാവാത്ത മനോഹാരിത അനുഭവിച്ചറിയാം.
നിങ്ങളും ശൈത്യകാലത്തെ യാത്രകൾ ഇഷ്‌ടപ്പെടുന്ന ആളാണെങ്കിൽ, കേരളത്തിന് അകത്ത് തന്നെ ഒരു വ്യത്യസ്‌തമായ ഇടമാണ് അന്വേഷിക്കുന്നതെങ്കിൽ പരീക്ഷിക്കാൻ പറ്റിയൊരു സ്ഥലമുണ്ട്. ഉരക്കുഴി വെള്ളച്ചാട്ടം എന്നാണ് ഈ സ്ഥലത്തിന്റെ പേര്. അധികമാരും കേൾക്കാൻ വഴിയില്ലാത്ത ഒരു ടൂറിസം സ്പോട്ടാണ് ഇതെങ്കിലും, ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പേര് കേട്ടാൽ ചിലപ്പോൾ നിങ്ങൾക്ക് അറിയാമായിരിക്കും.

കോഴിക്കോട് ജില്ലയിലെ കക്കയം എന്ന സ്ഥലത്താണ് പ്രസിദ്ധമായ ഉരക്കുഴി വെള്ളച്ചാട്ടം ഉള്ളത്. മലബാറിൽ നിന്നുള്ളവർ, പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവർ ധാരാളമായി സന്ദർശിക്കുന്ന ഒരു സ്പോട്ടാണ് ഉരക്കുഴിയും അതിനെ പൊതിഞ്ഞു നിൽക്കുന്ന കക്കയം എന്ന മനോഹര താഴ്വരയും. ഈ വെള്ളച്ചാട്ടത്തിനോട് ചേർന്ന് തന്നെ ഒരു ദിവസം മുഴുവൻ നിങ്ങൾക്ക് ചിലവഴിക്കാൻ കഴിയുന്ന അത്രയും സ്ഥലങ്ങൾ വേറെയുമുണ്ട്.
ഉരക്കുഴി വെള്ളച്ചാട്ടം: പേടിപ്പെടുത്തുന്ന സൗന്ദര്യം
കേരളത്തിലെ തന്നെ ഏറ്റവും അപകടകരമായ വെള്ളച്ചാട്ടം എന്ന വിശേഷണം ഈ സ്ഥലത്തിന് വെറുതെ വന്നതല്ല. ആദ്യ കാഴ്‌ചയിൽ തന്നെ ഈ സ്ഥലത്തിന്റെ ഒരു നിഗൂഢതയും വന്യതയും ഒക്കെ നിങ്ങളെ തെല്ലൊന്ന് ഭയപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്. കക്കയം ഡാം സൈറ്റ് കടന്ന് ഉള്ളിലേക്ക് കയറിയാണ് ഇവിടേക്ക് എത്തുക. ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം എന്തെന്നാൽ ഈ വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രദേശം കൊടും വനത്താൽ ചുറ്റപ്പെട്ട ഇടമാണ്.
കാടിന് നടുവിൽ കൂറ്റൻ പാറക്കെട്ടുകൾ സംഗമിക്കുന്ന ഒരിടത്താണ് സകല പ്രൗഢിയോടെയും ഈ വെള്ളച്ചാട്ടം നിലകൊള്ളുന്നത്. അതിനാൽ തന്നെ അൽപ്പം സാഹസികത കൂടി ഇവിടേക്ക് എത്തുവാൻ ആവശ്യമാണ്. വലിയ പാറക്കലുകളിൽ ചവുട്ടി താഴേക്ക് ഇറങ്ങുമ്പോൾ എപ്പോഴും ഒരു ശ്രദ്ധ നല്ലതാണ്. ഏത് സമയവും ഈർപ്പം കെട്ടിനിൽക്കുന്ന ഇടമായതിനാൽ കാല് തെന്നി വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.
അങ്ങനെ നിങ്ങൾ വീഴുകയാണെങ്കിൽ കൂടെ വന്നവർക്ക് തിരിച്ചുപോവുക മാത്രമേ നിവൃത്തിയുള്ളൂ. കാരണം ഇവിടെ വീണുകഴിഞ്ഞാൽ പിന്നെ തിരച്ചിലില്ല. അത്രയേറെ അപകടം പിടിച്ച വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ഇതെന്നതാണ് അതിന്റെ കാരണം. പേര് സൂചിപ്പിച്ചത് പോലെ തന്നെ ഉരക്കുഴി വെള്ളച്ചാട്ടം എന്നത് വെറുതെ ഉണ്ടായതല്ല, നൂറ്റാണ്ടുകളുമായി കൂറ്റൻ പാറകളിൽ ശക്തിയായി വെള്ളം വീണ് വൻ കുഴികൾ രൂപപ്പെട്ട നിലയിലാണ് ഇവിടമുള്ളത്.
അത്തരം പൊത്തുകളിൽ കുടുങ്ങാൻ ഇടയുള്ളതിനാലാണ് വെള്ളച്ചാട്ടത്തിലേക്ക് വീണാൽ തിരയാൻ നിൽക്കാത്തത്. ഇവിടെ എത്തിയാൽ പിന്നെ നിങ്ങൾക്ക് സമയമുണ്ടെങ്കിൽ വേറെയും കാഴ്‌ചകളുണ്ട്. കക്കയം ഡാമിൽ ബോട്ട് സഫാരി ഉൾപ്പെടെ നടത്താനുള്ള അവസരമുണ്ട്. കൂടാതെ മലയിറങ്ങി കുറച്ചുദൂരം സഞ്ചരിച്ചാൽ കാരിയാത്തുംപാറ എന്ന മനോഹരമായ കാഴ്‌ചയും ആസ്വദിക്കാം.












Click it and Unblock the Notifications