ഫോർട്ട് കൊച്ചി സീനാണ്, കണ്ടാലും മതിവരില്ല; മട്ടാഞ്ചേരി വൈബാണ്, പോയാലും കൊതി തീരില്ല..!
കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ അനേകായിരം ടൂറിസം കേന്ദ്രങ്ങളും, അതിനെ ചുറ്റിപ്പറ്റി ജീവിതങ്ങളും ഒക്കെയുണ്ട്. ഈ കൊച്ചു സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ് ടൂറിസം എന്ന് പറഞ്ഞാലും അതിശയിക്കാനില്ല. എന്തെന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ കേരളത്തിലേക്ക് വിദേശ സഞ്ചാരികൾ വന്നതിന്റെയും പിന്നീട് വ്യാപാര ബന്ധം സ്ഥാപിച്ചതിന്റെയും തെളിവുകൾ നമുക്ക് ലഭ്യമാണ്.
അതൊക്കെ കാണാനും അതിന്റെ ഭൂതകാല സ്‌മരണകൾ അറിയാനും ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഉറപ്പായും കൊച്ചിയിലെ ചില മനോഹരമായ ഇടങ്ങൾ സന്ദർശിക്കേണ്ടതുണ്ട്. അതിൽ ആദ്യ പടിയിൽ തന്നെ നിൽക്കുന്നൊരു ഇടമാണ് ഫോർട്ട് കൊച്ചി. പൗരാണികമായ ഈ നഗരത്തിന്റെ പോയ കാലത്തിന്റെ ഓർമ്മകൾ മുഴുവൻ പേറുന്ന ഫോർട്ട് കൊച്ചി ഏതൊരു സഞ്ചാരിയുടെയും മനസ് കുളിരണിയിക്കും.

ഇവിടുത്തെ ഒരു പ്രധാന കാഴ്‌ചയാണ് ഇമ്മാനുവേൽ കോട്ടയുടേത്. 1503-ൽ നിർമ്മിച്ച ഈ മുൻ പോർച്ചുഗീസ് കോട്ട, കൊച്ചി മഹാരാജാവും പോർച്ചുഗീസ് രാജാവും തമ്മിലുള്ള സഖ്യത്തിന്റെ തെളിവ് കൂടിയാണ്. കൂടാതെ ഈ വഴിയിലൂടെ മുന്നോട്ട് പോയാൽ വലിയൊരു ഡച്ച് സെമിത്തേരിയും കാണാം. അതിന് അടുത്തായി കൊളോണിയൽ കാലഘട്ടത്തിലെ ശൈലിയിൽ നിർമ്മിച്ച താക്കൂർ ഹൗസ് എന്ന ബംഗ്ലാവും കാണാൻ മറക്കരുത്.
ഇവിടെ തന്നെയുള്ള വാസ്കോ ഹൗസ് സന്ദർശിക്കേണ്ട മറ്റൊരു പ്രധാന ഇടങ്ങളിലൊന്നാണ്. കൊച്ചിയിലെ ഏറ്റവും പഴക്കമുള്ള പോർച്ചുഗീസ് കെട്ടിടങ്ങളിൽ ഒന്നാണിത്. ഐതിഹാസികമായ ബിഷപ്പ് ഹൗസിലേക്കുള്ള സന്ദർശനം ഒരു പ്രത്യേക അനുഭവം തന്നെ. അതിന്റെ മുൻഭാഗത്ത് വലിയ ഗോഥിക് കമാനങ്ങൾ നിങ്ങളുടെ കാഴ്‌ചയെ മറ്റൊരു തലത്തിൽ എത്തിക്കും.
ഇനി മട്ടാഞ്ചേരിയിലേക്ക് വരുമ്പോഴും സമാനമായ ചരിത്രത്തിന്റെ ഏടുകൾ തന്നെയാവും നിങ്ങളെ കാത്തിരിക്കുക. ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ലൈഫ്, ഡച്ച് കൊട്ടാരം, പരദേശി സിനഗോഗ്, ക്ലോക്ക് ടവർ, ജൂത തെരുവ്, ജൂത സെമിത്തേരി, കൊച്ചി തിരുമല ദേവസ്വം ക്ഷേത്രം, ജൈന ക്ഷേത്രം എന്നിങ്ങനെ വൈവിധ്യമാർന്ന കാഴ്‌ചകൾ ഇവിടെയും ഉണ്ട്.
കൊച്ചിയുടെ ചരിത്രം പറയുമ്പോൾ കടലിന് അതിൽ മുഖ്യ സ്ഥാനം ഉണ്ടാവും. അതിനാൽ തന്നെ നിങ്ങൾ മട്ടാഞ്ചേരിയിൽ ആയാലും ഫോർട്ട് കൊച്ചിയിൽ ആയാലും പോകുമ്പോൾ അവിടുത്തെ ലോക്കൽ ബീച്ചുകൾ കൂടി സന്ദർശിക്കാൻ ശ്രമിക്കുക. ഇവിടെ നിന്നും അകലെയല്ലാത്ത ചെറായ് ബീച്ചും നല്ലൊരു ഇടം തന്നെയാണ്.












Click it and Unblock the Notifications