ഇത് കര വേറെയാ മക്കളേ..! ഗുണ്ടൽപേട്ട് പോവുന്നവർ ഗോപാലസ്വാമി ഹിൽസ് കണ്ടാൽ പിന്നെ തിരിച്ചുപോരില്ല...
ഡിസംബർ മാസമാണിത്, മഞ്ഞിന്റെ നനുത്ത തണുപ്പും കോടയുടെ കാഴ്‌ചകളും സഞ്ചാരികളെ മാടി വിളിക്കുന്ന മാസം. സ്ഥിരം റൂട്ടുകൾ ഒന്ന് മാറ്റിപിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഇടങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. അത്തരത്തിൽ ഒരുപാട് ഇടങ്ങൾ നമുക്ക് ചുറ്റുമുണ്ട്. കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഏറ്റവും മികച്ച ഓപ്‌ഷനുകളിൽ ഒന്നാണ് ഗുണ്ടൽപേട്ട് ഭാഗത്തേക്ക് പോവുന്നത്.
ഗുണ്ടൽപേട്ട് കർണാടകയിലെ ഒരു കാർഷിക ഗ്രാമമാണ്. എന്നാൽ അതിനപ്പുറം പ്രത്യേകതകൾ ഉള്ള, ഏറെ വിസ്‌മയങ്ങൾ ഒളിപ്പിച്ചുവച്ച ഒരിടം കൂടിയാണിത്.കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മലയാളികളുടെ ഇഷ്‌ട അവധിക്കാല കേന്ദ്രങ്ങളിൽ ഒന്നാണ് ഗുണ്ടൽപേട്ട് എന്നതാണ് സത്യം. ഓഗസ്‌റ്റ് മാസത്തിൽ സൂര്യകാന്തി പാടം കാണാൻ ആയിരക്കണക്കിന് മലയാളികളാണ് ഇവിടേക്ക് പോവുന്നത്.

ഗുണ്ടൽപേട്ട് എന്ന മായാലോകം
കർണാടകയിലെ വെറുമൊരു കാർഷിക ഗ്രാമമായി ഇതിനെ എഴുതള്ളാൻ വരട്ടെ. നാല് ദിക്കിലേക്ക് എങ്ങോട്ട് യാത്ര ചെയ്‌താലും ഏറ്റവും വലിയ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്ക് വഴി തുറക്കുന്ന ഇടമാണ് ഇത്. മൈസൂരു, ബന്ദിപ്പൂർ നാഷണൽ പാർക്ക്, ഗോപാലസ്വമിബേട്ട, മുതുമലൈ നാഷണൽ പാർക്ക്, ശിവസമുദ്രം വെള്ളച്ചാട്ടം തുടങ്ങിയ അനേകം കാഴ്‌ചകൾ നമുക്ക് കാണാൻ കഴിയും.
സൂര്യകാന്തി പാടം സീസണിൽ മാത്രമേ കാണാൻ കഴിയുള്ളൂ എങ്കിലും ഇവിടെ ഇപ്പോഴും ചെണ്ടുമല്ലി പൂത്ത് നിൽക്കുന്ന കാഴ്‌ച നിങ്ങൾക്ക് ആസ്വദിക്കാം. ഇവിടെ നിന്ന് ഗോപാലസ്വാമി ഹിൽസിലേക്കുള്ള യാത്ര അതിമനോഹരമായ കാഴ്‌ചകളിലേക്ക് മിഴി തുറക്കും. കാടിന് നടുവിലെ ഗോപാലസ്വാമിബേട്ട ക്ഷേത്രം മഞ്ഞുകാലത്ത് അതിരാവിലെ വിസ്‌മയിപ്പിക്കുന്ന കാഴ്‌ചയായിരിക്കും.
ബന്ദിപ്പൂർ നാഷണൽ പാർക്കിന്റെ ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കർണാടകയുടെ കണ്ണായ ബന്ദിപ്പൂരിലെ കാഴ്‌ചകളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലലോ. ഗോപാലസ്വാമി ക്ഷേത്രത്തിലെ കാഴ്‌ചകൾ വിവരണത്തിന് അതീതമാണ്. അവിടെയുള്ള ചെറുകുളത്തിൽ മാനുകളും മറ്റ് മൃഗങ്ങളും ദാഹം തീർക്കാൻ എത്തും. പുലിയെ കണ്ടവരുമുണ്ട് ഇവിടെ.
വേനൽക്കാലത്ത് ഇവിടേക്കുള്ള യാത്ര അൽപം വിരസവും, കഠിനവുമാണ് എന്ന് പ്രത്യേകം പറയാം. നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന റോഡിന്റെ ഇരുവശത്തുമുള്ള കാടുകൾ മാത്രമായിരിക്കും ഏക ആശ്രയം. മാനന്തവാടിയിൽ നിന്ന് 90 കിലോമീറ്റർ ദൂരമാണ് ഇവിടെക്കുള്ളത്. നിലമ്പൂർ-നാടുകാണി-ഗൂഡല്ലൂർ-മുതുമലൈ-ബന്ദിപ്പൂർ വഴിയും ഇവിടേക്കെത്താം. ഈ പാതയിലൂടെയുള്ള യാത്ര അതിമനോഹരമാണ്.












Click it and Unblock the Notifications