ഹൊഗെനക്കലിൽ കാണാം പത്ത് വെള്ളച്ചാട്ടങ്ങൾ; കുട്ട വഞ്ചി യാത്ര നടത്താം, അടിപൊളി പൊരിച്ച മീനും കഴിക്കാം
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ കൂടുതൽ പേരും ആദ്യം പറയുന്ന പേരുകളിൽ ഒന്നാണ് ഹൊഗെനക്കൽ. അത്രയ്ക്ക് മനോഹരവും വ്യത്യസ്‌തവുമാണ് തമിഴ്‌നാട്ടിലെ ധർമപുരിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം. കേവലം ഒരു വെള്ളച്ചാട്ടം എന്ന് പറയുന്നതല്ല സത്യം, ഒരുകൂട്ടം വെള്ളച്ചാട്ടങ്ങളുടെ സംഗമമാണ് ഇവിടെ എന്ന് പറയുന്നതാവും ശരി.
ശരിക്കും തമിഴ്‌നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിലായി കാവേരി നദിയിലാണ് ഈ വെളളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലെ സത്യമംഗലം കാടുകൾക്ക് ഇടയിൽ ഏകദേശം മുപ്പത്തിയാറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം എന്നതാണ് പ്രത്യേകത. ബാംഗ്ലൂരില്‍ നിന്ന് ഹൊസൂർ വഴി റോഡുമാർഗം വരുമ്പോൾ ഏതാണ്ട് 180 കിലോമീറ്ററോളം വരും ഇവിടേക്ക്. ധർമപുരി റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയാൽ 50 കിലോമീറ്റർ ദൂരവുമുണ്ട് ഹൊഗെനക്കലിലേക്ക്.

ശാന്ത സുന്ദരമായ അന്തരീക്ഷം തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. പാറകൾ നിറഞ്ഞ ഭൂപ്രദേശത്തിലൂടെ ഒഴുകുന്ന അസംഖ്യം അരുവികൾ ഒരു പുകയുടെ പ്രതീതിയാണ് ഉണ്ടാക്കുന്നത്. അതിനാൽ ഇവയെ പുക പാറകൾ എന്ന് വിളിക്കുന്നു. കന്നഡയിൽ പുക മൂടിയ പാറ എന്നർത്ഥം വരുന്ന വാക്കാണ് ഹൊഗെനക്കൽ.
അതിവേഗത്തിൽ മുകളിൽ നിന്ന് താഴേക്ക് വെള്ളം പിന്നീട് മേട്ടൂർ സ്‌റ്റാൻലി റിസർവോയറിൽ ലയിക്കുന്നു. 1939-ൽ നിർമ്മിച്ച അണക്കെട്ട് ജലസേചനത്തിനും ജലവൈദ്യുത ഉൽപാദനത്തിനും ഉപയോഗിക്കുന്ന ഒന്നാണ്. ഏത് സീസണിൽ വന്നാലും വെള്ളത്തിന് ഇവിടെ ക്ഷാമം ഉണ്ടാവാറില്ല എന്നതാണ് വാസ്‌തവം. എങ്കിലും സെപ്റ്റംബർ-ഡിസംബർ കാലയളവ് അനുയോജ്യമാണ്.
ഈ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് കുളിക്കാനും കഴിയും എന്നതാണ് പ്രത്യേകത. ലൈവായി പിടിക്കുന്ന മീനുകൾ കഴിക്കാനായി പൊരിച്ചു നൽകുന്ന അനേകം ചെറു കടകളുണ്ട് ഹൊഗെനക്കലിൽ. മീൻ വിഭവങ്ങൾ നിങ്ങൾക്ക് ഒരുപാട് ഇഷ്‌ടമാണെങ്കിൽ തീർച്ചയായും അതൊന്ന് പരീക്ഷിക്കാവുന്നതാണ്. വിലയുടെ കാര്യത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി.
ഇവിടുത്തെ മറ്റൊരു പ്രധാന സവിശേഷത കുട്ടവഞ്ചിയിലെ യാത്രയാണ്. കാവേരി നദിയിലൂടെ വട്ടത്തോണിയിലുള്ള യാത്രയിലാണ് ശരിക്കും നിങ്ങൾക്ക് വെള്ളച്ചാട്ടം ആസ്വദിക്കാൻ കഴിയുക. പ്ലാസ്‌റ്റിക്ക് കൊണ്ട് പൊതിഞ്ഞ കുട്ടകളാണ് ഇവിടെ തോണിയായി ഉപയോഗിക്കുന്നത്. കണ്ടാല്‍ ചെറുതെന്ന് തോന്നാമെങ്കിലും എട്ടുപേര്‍ക്ക് വരെ ഒരു തോണിയില്‍ യാത്ര ചെയ്യാം. 500 രൂപ മുതലാണ് ഇതിന് ചെലവ് വരിക.












Click it and Unblock the Notifications