വേനൽചൂടിന് വിട; കക്കയവും കരിയാത്തൻപാറയും കണ്ടേച്ച് പോരാം, നേരമുണ്ടേൽ തുഷാരഗിരിയും കയറാം
വേനൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ കനത്ത രീതിയിലാണ് മുന്നോട്ട് പോവുന്നത്. വേനൽ മഴയും പതിവിലും കുറവാണു പെയ്യുന്നത്. അതുകൊണ്ട് തന്നെയാവണം എസി കടകളിൽ ഒക്കെ വലിയ തിരക്കാണ്, അതുപോലെ തന്നെ ഹിൽ സ്‌റ്റേഷനുകളിലും അങ്ങനെ തന്നെ. എല്ലാവരും തണുപ്പ് തേടിയുള്ള യാത്രയിലാണ്, അതിനായി തിരഞ്ഞെടുക്കുന്നതാവട്ടെ സ്ഥിരം ലൊക്കേഷനുകളും.
എന്നാൽ മലബാർ ഭാഗത്തുള്ളവരെ പ്രഥമ പരിഗണന നൽകുന്ന ഇടങ്ങളിൽ ഒന്ന് വയനാടാണ്. എങ്കിൽ ഇത്തവണ ഒന്ന് മാറി ചിന്തിക്കാൻ താൽപര്യമുണ്ടെങ്കിൽ അവരെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ഇടമാകാൻ സാധ്യത ഉള്ള ഒരു ടൂറിസം കേന്ദ്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മറ്റെവിടെയുമല്ല കോഴിക്കോട്ടെ കക്കയം തന്നെയാണത്.

കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ് കക്കയം. അവിടെ കേവലം ഡാം മാത്രമല്ല കാഴ്‌ച എന്നറിയുമ്പോഴാണ് അതിന്റെ വ്യാപ്‌തി നമുക്ക് മനസിലാവുക. എന്തെന്നാൽ കക്കയത്തോട് ചേർന്ന് അതിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മറ്റ് ചില മനോഹരം ഇടങ്ങൾ കൂടി നമുക്ക് യാത്രയിൽ ഉൾപ്പെടുത്തിയാൽ അത് മനോഹര അനുഭവം ആയിരിക്കും.
കക്കയം അണക്കെട്ടും അതിന്റെ വൃഷ്‌ടി പ്രദേശങ്ങളും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. കുറ്റ്യാടി നദിക്ക് കുറുകെ നിർമ്മിച്ച അണക്കെട്ട് നിലനിൽക്കുന്ന പ്രദേശം അതിമനോഹരമാണ്. അതിനോട് ചേർന്ന് തന്നെ ധാരാളം ട്രെക്കിംഗ് പാതകൾ നമുക്ക് കാണാൻ കഴിയും. കുടുംബമായും ഒറ്റയ്ക്കും ഒക്കെ ഒരുപോലെ പോവാൻ പറ്റിയ ഇടങ്ങളിൽ ഒന്നാണ് ഇത്.
കൂടാതെ കക്കയത്തെ മറ്റൊരു ആകർഷണമാണ് ഉരക്കുഴി വെള്ളച്ചാട്ടം. നൂറ്റാണ്ടുകളായി പാറയിൽ ശക്തമായി ജലം പതിച്ചുണ്ടായ വിടവുകൾ ഉരലുപോലെ ആയതിനാലാണ് ഈ പേര് വന്നത്. വീണാൽ തിരച്ചിൽ നടത്താത്ത അപൂർവം വെള്ളച്ചാട്ടങ്ങളിൽ ഒന്ന് കൂടിയാണ് ഇത്. അതിലേക്ക് പോവാനുള്ള തൂക്കുപാലവും വ്യത്യസ്‌ത കാഴ്‌ചയാണ്.
കരിയാത്തുംപാറ
കക്കയം താഴ്വരയുടെ അടിവാരത്ത് നിലകൊള്ളുന്ന അതിമനോഹരമായ ഇടമാണ് ഇത്. സ്വിറ്റ്സർലാൻഡിനെ അനുകരിക്കുന്ന തലത്തിലുള്ള ഭൂപകൃതിയാണ് ഇവിടുത്തെ പ്രത്യേകത. അധികം മുകളിലേക്ക് വളരാത്ത പുല്ല് മൂടിയ പ്രദേശം ഒരു ഛായാചിത്രത്തിന്റെ രൂപ ഭാവങ്ങൾ പേറുന്ന ഒന്നാണെന്ന് പറയാതെ വയ്യ.
ഇനി കക്കയവും അടുത്തുള്ള പ്രദേശങ്ങളും ഒക്കെ കണ്ടു തീർത്തെങ്കിൽ നിങ്ങൾക്ക് വലിയൊരു വെള്ളച്ചാട്ടം അനുഭവിച്ചറിയാൻ താൽപര്യം ഉണ്ടെങ്കിൽ ഉറപ്പായും തുഷാര ഗിരിയിലേക്ക് പോകാവുന്നതാണ്. കക്കയത്ത് നിന്ന് ഏകദേശം 36 കിലോമീറ്റർ ദൂരം മാത്രമേ അവിടെക്കുള്ളൂ. അതുകൊണ്ട് തന്നെ ഒരിക്കലും ആ കാഴ്‌ച നിങ്ങൾക്ക് വെറുതെ ആവില്ലെന്ന് ഉറപ്പിക്കാം.












Click it and Unblock the Notifications