കക്കയം, കരിയാത്തുംപാറ, തുഷാരഗിരി; ഓണം കളറാക്കാൻ കോഴിക്കോട്ടുകാർ വേഗം വിട്ടോ, ഈ ട്രിപ്പ് വേറെ ലെവലാവും
മലബാറുകാരെ സംബന്ധിച്ചിടത്തോളം ഓണക്കാലത്തെ യാത്രകൾക്ക് ഓപ്‌ഷനുകൾ ധാരാളമുണ്ട് മുൻപിൽ. വയനാട് പോലെയുള്ള ഒട്ടേറെ സാധ്യതകളുള്ള അയൽ ജില്ല ഇങ്ങനെ നീണ്ടു കിടക്കുമ്പോൾ ഇക്കാര്യത്തിൽ ഒരു ആശങ്കയുടെ കാര്യമില്ലല്ലോ? പിന്നെ ഊട്ടിയും കുടകും പോലെയുള്ള പേരുകേട്ട ഇടങ്ങളിൽ വേറെയുമുണ്ട് കാത്തിരിക്കുന്നു. പക്ഷേ, ഓണം വീട്ടിൽ ആഘോഷിച്ചു കൊണ്ട് തന്നെ അധികം ദൂരെയല്ലാത്ത ഒരു യാത്ര ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടാവും.
കുടുംബവുമായി ചില മനോഹര നിമിഷങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അതിനായി ഒരുപാട് ദൂരം യാത്ര ചെയ്യുക എന്നത് ചിലപ്പോൾ സാധ്യമായ കാര്യമായിരിക്കില്ല. അത്തരക്കാർക്ക് അനുയോജ്യമായ ചില ഇടങ്ങളും നമ്മുടെ കോഴിക്കോടുണ്ട്. ബീച്ചും ഭക്ഷണവും മാത്രമല്ല, ജില്ലയുടെ മറ്റൊരു ടൂറിസം സാധ്യതകളുടെ വ്യാപ്‌തി കൂടി അറിയാൻ കഴിയുന്ന ചില ഇടങ്ങളാണ് ഇവ.

അതിൽ പ്രധാനപ്പെട്ടത് കക്കയം ഡാമും, കരിയാത്തുംപാറയും തോണിക്കടവും തന്നെയാണ്. ഒപ്പം കോഴിക്കോട്ടുകാരുടെ സ്വന്തം തുഷാരഗിരിയും. കേവലമൊരു ദിവസം കൊണ്ട് കണ്ട് തീർക്കാൻ കഴിയുന്ന ഇടങ്ങളല്ല ഇവയൊന്നും എന്നതാണ് സത്യം. എങ്കിലും ഈ ഓണക്കാലത്ത് കുടുംബത്തോടൊപ്പം ഒരു ചെറു യാത്ര ആഗ്രഹിക്കുന്ന ആളുകൾക്ക് ഒറ്റ ദിവസം കൊണ്ട് ഇവിടേക്ക് പോയി വരാം.
കരിയാത്തുംപാറ
കോഴിക്കോട് ജില്ലയിലെ നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ടൂറിസം ലൊക്കേഷനുകളിൽ ഒന്നാണ് ഇത്. കോഴിക്കോട് നിന്ന് ബാലുശ്ശേരി എത്തിയാൽ അവിടെ നിന്ന് കൂരാച്ചുണ്ട് വഴി കരിയാത്തുംപാറയിൽ ചെല്ലാം. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലാണ് ഈ താഴ്വര സ്ഥിതി ചെയ്യുന്നത്. ഉരുളന്‍ കല്ലുകളാൽ സമ്പന്നമായ ഒരു ചെറിയ പുഴയും ചുറ്റും പൈന്‍ മരങ്ങളും അങ്ങ് ദൂരെയുള്ള പച്ചപുതച്ച മലനിരകളും ഇവിടുത്തോടെ ഭംഗിയേറ്റുന്ന ഘടകങ്ങളാണ്.
കക്കയം ഡാമിലേക്ക് പോവുന്ന വഴിയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്നുള്ള തോണിക്കടവിലും നിങ്ങൾക്ക് സമയം ചെലവഴിക്കാം. കുടുംബത്തോടൊപ്പം മനോഹരമായ ഒരു സായാഹ്നം ചിലവഴിക്കാൻ കോഴിക്കോട് ജില്ലയിൽ ഇതിലും മികച്ചൊരു സ്പോട്ട് വേറെയില്ലെന്ന് തന്നെ പറയാം. തുഷാരഗിരിയിലേക്കും ഇവിടെ നിന്ന് അധിക ദൂരമില്ല.
കക്കയം ഡാം
കക്കയം ഡാമും അതിനോട് ചേർന്നുള്ള വൃഷ്‌ടി പ്രദേശങ്ങളും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രങ്ങളിൽ ഒന്നാണ്. കുറ്റ്യാടി നദിക്ക് കുറുകെയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. താഴ്വരയിൽ നിന്ന് ചെറിയ മടക്കുകൾ പോലെയുള്ള മനോഹരമായ കാട്ടുപാതയിലൂടെ വേണം മുകളിലേക്ക് എത്താൻ. അത് തന്നെ വളരെ മികച്ചൊരു അനുഭവമാകും.
ഇവിടെ എത്തിയാൽ ഡാം സൈറ്റിൽ ബോട്ടിംഗ് നടത്താൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പെഡൽ ബോട്ടുകളും ഇവിടെ ഉണ്ടാവും. കൂടാതെ കാക്കയത്തെ മറ്റൊരു ആകർഷണമാണ് ഉരക്കുഴി വെള്ളച്ചാട്ടം. നൂറ്റാണ്ടുകളായി വെള്ളം ഒഴുകിവന്ന് പാറകൾ ഉരലുകൾ പോലെ ആയതിനാലാണ് ഈ പേര് വന്നത്.
തുഷാരഗിരി
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നഗരത്തിൽ നിന്ന് 53 കിലോമീറ്റർ അകലെയാണിത്. ഈരാറ്റുമുക്ക്, മഴവിൽ വെള്ളച്ചാട്ടം, തുമ്പിതുള്ളും പാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളുടെ സംഗമം തുഷാരഗിരി എന്ന പേരിൽ അറിയപ്പെടുന്നു. വർഷംതോറും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്താറുള്ളത്. ചെറിയ രീതിയിൽ ട്രെക്കിംഗ് ഒക്കെ ഉള്ളതിനാൽ അതിനോട് താൽപര്യം ഉള്ളവർക്ക് ഏറ്റവും അനുയോജ്യമാണ് ഇവിടം.












Click it and Unblock the Notifications