വേനൽ വന്നത് അറിയാതെ കാന്തല്ലൂർ; ഇപ്പൊ പോയാൽ അടിപൊളി ഫെസ്‌റ്റിലും പങ്കെടുക്കാം, മറയൂരും അടുത്ത്
ഇടുക്കി ഒരു മിടുക്കിയാണ് പണ്ടാരോ പറയുന്നത് കേട്ടിട്ടുണ്ട്. പല കാരണങ്ങളും കൊണ്ട് അതൊരു സത്യമാണ് താനും. കേരളത്തിന്റെ ടൂറിസം മേഖലയുടെ വരുമാനത്തിന്റെ പകുതിയോളം എത്തിക്കുന്നത് ഇടുക്കിയിലെ വിവിധ ഇടങ്ങളാണ്. എന്നാൽ എന്ത് കൊണ്ടാണ് ഇടുക്കിക്ക് അങ്ങനെയൊരു പ്രാധാന്യം വന്നുചേരാൻ കാരണം എന്ന് ചോദിച്ചാൽ വ്യക്തമല്ല. ബ്രിട്ടീഷ് ഭരണകാലത്ത് മുതൽ ഇടുക്കിയിലെ ഹിൽ സ്‌റ്റേഷനുകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്.
അത്തരത്തിൽ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് കാന്തല്ലൂർ. മൂന്നാറിലേക്കും മറയൂരിലേക്കും ഒക്കെ യാത്ര ചെയ്യുന്നവർ ഉറപ്പായിട്ടും ഇവിടെ കയറണം. എന്തെന്നാൽ നിങ്ങൾ ഇതുവരെ കാണാത്ത എന്നാൽ കണ്ടാൽ അതിശയപ്പെട്ടുപോവുന്ന കാലാവസ്ഥയും ഭൂപ്രകൃതിയും ഒക്കെയാണ് ഇവിടെ.

എന്നാൽ ഇപ്പോൾ ഇവിടെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മഞ്ഞുമൂടിയ നിലയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. കേരളത്തിലെ എല്ലാ ഭാഗത്തും കൊടുംചൂടും വെയിലും ഒക്കെ കുതിച്ചുയരുമ്പോൾ ഇവിടെ മാത്രം ചെറുമഴ പെയ്‌തതോടെ മൂടൽമഞ്ഞിന്റെ സാന്നിധ്യം മനോഹരമായ കാഴ്‌ചയ്ക്ക് വിരുന്നൊരുക്കുകയായിരുന്നു. ഇവിടെ രാത്രിയിൽ നല്ല തണുപ്പും അനുഭവപ്പെട്ട് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേരളത്തിലെ കാശ്‌മീർ എന്നാണ് ഇവിടം വിശേഷിക്കപ്പെടുന്നത്. കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കേരളത്തിൽ ആപ്പിൾ ഉണ്ടാവുന്ന ഇടങ്ങളിൽ ഒന്നാണ്. അത് തന്നെയാണ് ഇവിടുത്തെ കാലാവസ്ഥയിലെ പ്രത്യേകത. നല്ല തണുത്ത കാലാവസ്ഥയിൽ മാത്രമേആപ്പിൾ ഉണ്ടാവുകയുള്ളൂ.
ഈ പ്രത്യേകമായ കാലാവസ്ഥ കാരണം, സമുദ്രനിരപ്പിൽ നിന്ന് 5000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കേരളത്തിൽ മറ്റൊരിടത്തും കാണാത്ത വൈവിധ്യമാർന്ന വിളകളുടെ ആവാസ കേന്ദ്രമാണ് എന്നതും നിങ്ങൾ ഓർക്കണം. ആപ്പിളിനെ കൂടാതെ ഓറഞ്ച്, സ്ട്രോബെറി, ബ്ലാക്ക്‌ബെറി, പ്ലം, നെല്ലിക്ക, പീച്ച്, പാഷൻ ഫ്രൂട്ട് എന്നിവ ഉണ്ടാവും.
കുളച്ചിവയല്‍ പാറകള്‍, കീഴാന്തൂര്‍ വെള്ളച്ചാട്ടം, പട്ടിശ്ശേരി ഡാം, ഇരച്ചില്‍പ്പാറ വെള്ളച്ചാട്ടം, ആനക്കോട് പാറ, ശ്രീരാമന്റെ ഗുഹാക്ഷേത്രം, മുനിയറകള്‍ തുടങ്ങി നിരവധി വ്യത്യസ്‌ത കാഴ്‌ചകൾ കാന്തല്ലൂരില്‍ സഞ്ചാരികൾക്കായി ഒരുങ്ങി നിൽപ്പുണ്ട്.
കാന്തല്ലൂർ ഫെസ്‌റ്റ്
മെയ് ഏഴുമുതല്‍ 12 വരെ കാന്തല്ലൂരിൽ ടൂറിസം ഫെസ്‌റ്റ് നടത്തുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പരിപാടിയിലെ വിഭവങ്ങൾ ആസ്വദിക്കാന്‍ കഴിയുന്നതിനോടൊപ്പം തണുപ്പും ആശ്വാസമാകും. കുടുംബത്തോടൊപ്പം തൽക്കാലത്തേക്ക് ഒരു അവധിക്കാലം ആഘോഷിക്കുന്നവർക്ക് ഇവിടെയാണ് മികച്ച ഓപ്‌ഷൻ.












Click it and Unblock the Notifications