വെൽക്കം റ്റു കൊടൈക്കനാൽ, ഒപ്പം ബ്യൂട്ടിഫുൾ മൂന്നാറും; ഈ പാത തന്നെ മതി പൈസ മുതലാക്കാൻ, ഇത് പൊളിക്കും
നമ്മളിൽ ഭൂരിഭാഗം പേരും പെട്ടെന്നൊരു ഹിൽ സ്‌റ്റേഷന്റെ പേര് പറയാൻ ആവശ്യപ്പെട്ടാൽ ആദ്യം പറയുക ഊട്ടിയെന്നോ മൂന്നാർ എന്നോ ഒക്കെയാകും. എന്നാൽ എക്കാലത്തും പശ്ചിമ ഘട്ടത്തിലെ ഹിൽ സ്‌റ്റേഷനുകൾക്ക് ഒരു പ്രത്യേകത ഭംഗി തന്നെയാണ്. അതുകൊണ്ട് തന്നെയാണ് കാലാവസ്ഥയോ സീസണോ ഒന്നും തടസ്സമാവാതെ അവിടങ്ങളിലേക്ക് ജനസാഗരങ്ങൾ ഒഴുകുന്നത്.
അത്തരത്തിൽ തമിഴ്‌നാട്ടിലെയും കേരളത്തിലെയും രണ്ട് പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന അടിപൊളി യാത്രാനുഭവം തേടുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഉറപ്പായും നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഒരു കോംബോയാണ് കൊടൈക്കനാൽ-മൂന്നാർ യാത്ര. തമിഴ്‌നാട്ടിലെ ഏറ്റവും മനോഹര ഇടങ്ങളിൽ ഒന്നായ കൊടൈക്കനാലും കേരളത്തിന്റെ സ്വന്തം മൂന്നാറും ഒറ്റ യാത്രയിൽ കണ്ടുതീർക്കാം.

മൂന്നാറിൽ നിന്ന് കൊടൈക്കനാലിലേക്കുള്ള ദൂരം ഏകദേശം 190 കിലോമീറ്ററോളമാണ്. ഈ രണ്ട് ഹിൽ സ്‌റ്റേഷനുകളും മികച്ച അവധിക്കാല ഓപ്ഷനുകളും പ്രത്യേക അനുഭൂതി പകർന്നു നൽകുകയും ചെയ്യുന്ന ഇടങ്ങളുമാണ്. അതുകൊണ്ട് ഇവയിൽ മികച്ചതേത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. രണ്ടും ഒന്നിനൊന്ന് മികച്ച ഇടങ്ങൾ തന്നെയാണ്.
കൊടൈക്കനാൽ
"ഹിൽ സ്‌റ്റേഷനുകളുടെ രാജകുമാരി" എന്നാണ് കൊടൈക്കനാൽ അറിയപ്പെടുന്നത്. പഴനി മലനിരകളിലാണ് ഈ മനോഹര ഇടം നിലകൊള്ളുന്നത്. ശാന്തമായ അന്തരീക്ഷത്തിനും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ട ഇടമാണ് കൊടൈക്കനാൽ. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഉല്ലസിക്കാൻ ആവശ്യമായ എല്ലാ അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.
ബെരിജാം തടാകം, കോക്കേഴ്‌സ് വാക്ക്, കൊടൈ തടാകം, കുറിഞ്ഞിയാണ്ഡവർ ക്ഷേത്രം, ഗ്രീൻ വാലി വ്യൂ/സൂയിസൈഡ് പോയിന്റ്, പില്ലർ റോക്ക്‌സ്, സൈലൻ്റ് വാലി വ്യൂ, ഡെവിൾസ് കിച്ചൻ അഥവാ ഗുണ കേവ്, കുറിഞ്ഞി ക്ഷേത്രം, പൈൻ ഫോറസ്‌റ്റ്, പീസ് വാലി, സിൽവർ കാസ്‌കേഡ് എന്നിവയാണ് കൊടൈക്കനാലിൽ ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്ത ഇടങ്ങൾ.
മൂന്നാർ
സമുദ്രനിരപ്പിൽ നിന്ന് 1,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽ സ്‌റ്റേഷൻ ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ പഴയ ബ്രിട്ടീഷ് സർക്കാരിന്റെ വേനൽക്കാല വാസസ്ഥലം ആയിരുന്നു. വിശാലമായ തേയിലത്തോട്ടങ്ങൾ, മനോഹരമായ പട്ടണങ്ങൾ, വളഞ്ഞുപുളഞ്ഞ പാതകൾ, അവധിക്കാല റിസോർട്ടുകൾ എന്നിവ ഇതിനെ ഒരു ജനപ്രിയ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നു.
ധാരാളം ടൂറിസം സ്പോട്ടുകളാണ് മൂന്നാറിനേയും അതിനോട് ചേർന്ന് നിൽക്കുന്ന പ്രദേശത്തെയും ഒക്കെ ബന്ധിപ്പിച്ച് നിൽക്കുന്നത്. ഇരവികുളം ദേശീയോദ്യാനം, മൂന്നാർ ടീ പ്ലാന്റേഷൻസ്, മാട്ടുപ്പെട്ടി, കുണ്ടള ഡാം, എക്കോ പോയിന്റ്, ചീയപ്പാറ വെള്ളച്ചാട്ടം, ടോപ്പ് സ്‌റ്റേഷൻ എന്നിങ്ങനെ ധാരാളം ഇടങ്ങളാണ് ഇവിടെ അടുത്തായുള്ളത്.
ഇനി കൊടൈക്കനാലിൽ നിന്ന് മൂന്നാറിലേക്കുള്ള യാത്രയെ കുറിച്ച് പറയുകയാണെങ്കിൽ, ഈ മേഖലയിലെ ഏറ്റവും മികച്ച പാതകളിൽ ഒന്നായി തന്നെ ഇതിനെ കണക്കാക്കാം. അത്രയ്ക്കും ഭംഗിയേറിയ വഴിയോരങ്ങളും ഇടതൂർന്ന മരങ്ങൾ നിറഞ്ഞ ഇടങ്ങളും ഒക്കെയാണ് ഈ സ്ഥലത്തെ അത്രയേറെ വ്യത്യസ്‌തമാക്കുന്നത്.












Click it and Unblock the Notifications