സൂര്യന്റെ ചുടുചുംബനം ഏറ്റുണരാം..; കോവളത്തിന്റെ ആ ഓളം മറ്റെവിടെയും കിട്ടില്ല, ഇതാണ് കാരണം...
ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം കേരളത്തിന് ചാർത്തി കിട്ടിയിട്ട് നാളേറെയായി. ആ പേരിനെ സാധൂകരിക്കുന്ന നിരവധി കാഴ്‌ചകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിൽ കാടും മലയും കായലും കുന്നുകളും മാത്രല്ല അതി മനോഹരമായ കടൽതീരങ്ങളും ഉണ്ടെന്ന കാര്യം നിങ്ങൾക്ക് അറിയാമായിരിക്കും. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ഒരു ഇടമാണ് കോവളം.
കേരളത്തിന്റെ തെക്കേ അറ്റത്ത്, തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വിദേശ ടൂറിസ്‌റ്റുകളുടെ ഏറ്റവും പ്രിയ ലൊക്കേഷനുകളിൽ ഒന്നാണ്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്. നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ നിന്നൊക്കെ മാറി സ്വസ്ഥമായ അവധിക്കാലം ആഘോഷിക്കാൻ പറ്റിയ ഇടമാണ് ഇത്.

ഈ ബീച്ചിലെത്തുന്നവരെ കാത്ത് നിരവധി സൗകര്യങ്ങൾ ഒരുങ്ങി നിൽപ്പുണ്ട്. സൺ ബാത്ത്, നീന്തൽ, ഹെർബൽ ബോഡി ടോണിംഗ് മസാജുകൾ, പ്രത്യേക സാംസ്‌കാരിക പരിപാടികൾ, കാറ്റമരൻ ക്രൂയിസിംഗ് എന്നിവ ഇതിൽ ചിലതാണ്. ഇവിടെ ഒരൽപം കാഠിന്യമേറിയ വെയിൽ ആയതിനാൽ തന്നെ സൂര്യൻ അസ്‌തമിക്കുന്ന വൈകുന്നേരത്തോടെയാണ് യഥാർത്ഥത്തിൽ ബീച്ചിന് ജീവൻ വയ്ക്കുന്നത്.
പിന്നീട് രാത്രി വൈകുവോളം ഇവിടെ ആഘോഷത്തിന്റെ നിറങ്ങൾ ചാർത്തി ഉറങ്ങാതിരിക്കും. കേരളത്തിൽ തന്നെ ഏറ്റവും കൊടുത്താൽ വിദേശ ടൂറിസ്‌റ്റുകൾ സന്ദർശിക്കുന്ന ബീച്ചുകളിൽ ഒന്നാണിത്. നമ്മളിൽ പലരും കണ്ടുമറന്ന ഒട്ടനവധി ചിത്രങ്ങളുടെ ലൊക്കേഷൻ കൂടിയാണ് കോവളം ബീച്ച്.
മോഹൻലാൽ നായകനായ പദ്‌മരാജൻ ചിത്രം 'സീസൺ' ഇവിടെയാണ് ചിത്രീകരിച്ചത്. എന്നാൽ അന്നത്തെ കാഴ്ച്ചകളിൽ ഒരുപാട് മാറ്റം ഇവിടെ ഉണ്ടായിട്ടുണ്ട്. നിലവിൽ ബീച്ച് കോംപ്ലക്‌സിൽ ബജറ്റ് കോട്ടേജുകൾ, ആയുർവേദ-ആരോഗ്യ റിസോർട്ടുകൾ, കൺവെൻഷൻ സൗകര്യങ്ങൾ, ഷോപ്പിംഗ് സോണുകൾ, നീന്തൽക്കുളങ്ങൾ, യോഗ, ആയുർവേദ മസാജ് സെന്ററുകൾ എന്നിവ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
താമസ സൗകര്യത്തിന്റെ കാര്യത്തിൽ കോവളത്ത് മറ്റ് ഭയപ്പാടൊന്നും വേണ്ട. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച പ്രീമിയം ഫൈവ് സ്‌റ്റാർ ഹോട്ടലുകൾ മുതൽ, കൊച്ചു റിസോർട്ടുകളും ലോഡ്‌ജുകളും വരെ ഇവിടെ ലഭിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യയുടെ തനത് രുചികൾ ആസ്വദിക്കാൻ ഇവിടെ അവസരമുണ്ട്. കടൽ വിഭവങ്ങൾ തന്നെയാണ് ഇവിടെ പ്രത്യേകത, അത് കഴിക്കാൻ മറക്കരുത്.












Click it and Unblock the Notifications