മഴയൊക്കെയല്ലേ ഒന്ന് മൂന്നാറിലേക്ക് വിട്ടാലോ? കൂട്ടിന് കുമളിയും തേക്കടിയും കൂടി കറങ്ങാം, ഒരു പൊളി ട്രിപ്പ്
ഈ മൺസൂൺ കാലത്ത് ഒരു യാത്ര പോവാൻ ആഗ്രഹിച്ചിരിക്കുന്ന ആളുകളായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും. വേനലിന്റെ ചൂടൊക്കെ ഒഴിഞ്ഞ് മഴയുടെ വരവോടെ ടൂറിസം കേന്ദ്രങ്ങൾ ഒക്കെ സജീവമായി കഴിഞ്ഞു. മഴയായാലും വേനലായാലും ഒരുപോലെ ടൂറിസ്‌റ്റുകൾ എത്തുന്ന ഇടങ്ങളിൽ ഒന്നായ മൂന്നാറും മൺസൂൺ കാലത്ത് ഒന്ന് കൂടി സജീവമാകാറുണ്ട്. പകൽ സമയത്ത് പോലും ഇരുട്ട് മൂടുന്ന അന്തരീക്ഷമാണ് മഴക്കാലത്തെ മൂന്നാറിന്റെ കാഴ്‌ച.
അത് ആസ്വദിക്കാനും തേയില തോട്ടങ്ങളുടെ പരന്നുകിടക്കുന്ന കാഴ്‌ചകൾ കാണാനും മാത്രമായി മൂന്നാറിൽ എത്തുന്നതിൽ ശരിക്കും ഒരു ത്രിൽ ഇല്ല. അതുകൊണ്ട് തന്നെ മൂന്നാറിനെ കൂടി ചേർത്ത് എന്നാൽ അധികമാരും പോവാത്ത ചില ഇടങ്ങളിലേക്ക് കൂടി ഈ മൺസൂൺ ട്രിപ്പ് പ്ലാൻ ചെയ്‌താൽ അത് പൊളി വൈബ് ആയിരിക്കും എന്നുറപ്പാണ്.

പ്രഥമലക്ഷ്യം മൂന്നാർ
കേരളത്തിലെ ഏറ്റവും മനോഹരമായ ഹിൽ സ്‌റ്റേഷൻ എന്ന വിശേഷണമുള്ള മൂന്നാറിൽ ദിനംപ്രതി ധാരാളം സഞ്ചാരികളാണ് എത്തുന്നത്. അതുകൊണ്ട് തന്നെ ഇടുക്കി തൊട്ടുള്ള ഏതൊരു യാത്രയ്ക്കും മൂന്നാർ പിടിക്കാതെ പോയാൽ മനസിന് ചെറിയൊരു വേദന അനുഭവപ്പെടും, മൂന്നാറിന്റെ കാറ്റും തണുപ്പുമൊക്കെ അറിയാൻ ആരും കൊതിച്ചുപോവും. അതുകൊണ്ട് കുമളിയും തേക്കടിയും കയറും മുൻപ് ഒരു മൂന്നാർ വിസിറ്റ് നല്ലതാണ്.
മൂന്നാർ ടൗണിൽ നിന്ന് 13 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടിയാണ് സന്ദർശകരെ ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രങ്ങളിൽ ഒന്ന്. സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടിയിലെ കാഴ്‌ചകാൾ പെട്ടെന്നൊന്നും കണ്ട് തീർക്കാൻ കഴിയില്ല. കൂടെ കുണ്ടള ഡാമും ഉണ്ട് അതും വിട്ടുപോവാതെ നോക്കണം.
കൂടാതെ ടോപ്പ് സ്‌റ്റേഷൻ, ചിന്നക്കനാൽ, ആനയിറങ്കൽ മേഖലകൾ എന്നിങ്ങനെ ഒട്ടേറെ ഇടങ്ങളുണ്ട് മുന്നാറിൽ കണ്ടു തീർക്കാൻ. പക്ഷേ കുമളി-തേക്കടിയാണ് നമ്മുടെ ലക്ഷ്യമെന്ന് മറക്കരുത്. എങ്കിലും മൂന്നാർ കാഴ്‌ചകളിൽ മേൽപറഞ്ഞവ പരമാവധി വിട്ടുകളയാതെ നോക്കണം. ഇത് കൂടാതെയും ഒട്ടേറെ ഇടങ്ങൾ മുന്നാറിലുണ്ടെന്നതും മറക്കരുത്.
തേക്കടിയുടെ വന്യ ഭംഗിയിലേക്ക്
ഇടുക്കിയിലെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കായൽ കാഴ്‌ചകൾക്ക് സമാനമായ ഒരു അനുഭവം നമുക്ക് തേക്കടി പ്രദാനം ചെയ്യുന്നു. എന്നാൽ മറുകരയിൽ വന്യമൃഗങ്ങളുടെ നീണ്ട നിരയാണ് ഉണ്ടാവുക എന്ന് മാത്രം. ബോട്ട് യാത്രയ്ക്കും വന്യജീവികളെ അടുത്ത് നിന്ന് കാണാനുള്ള സാധ്യതയും തേക്കടിയെ പലരുടെയും ഇഷ്‌ട കേന്ദ്രമാക്കി മാറ്റുന്നു.
കേരള-തമിഴ്‌നാട് അതിർത്തിയിലാണ് തേക്കടി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവാസങ്കേതമായ പെരിയാറിന്റെ ആസ്ഥാനമെന്നാണ് ഇവിടുത്തെ വിശേഷിപ്പിക്കുന്നത്. തേക്കടിയിൽ എണ്ണിയാൽ തീരാത്ത അത്രയും കാഴ്‌ചകൾ നിങ്ങളെ കാത്തിരിപ്പുണ്ട്. എങ്കിലും ബോട്ടിംഗ്, ട്രെക്കിംഗ്, ക്യാമ്പിംഗ് എന്നിവ പോലെയുള്ള വിനോദങ്ങൾ ഉറപ്പായും പരീക്ഷിക്കാൻ ശ്രമിക്കണം.
കുമളി എന്ന മനോഹര പട്ടണം
ഇടുക്കിയിലെ മലയോര തോട്ട പട്ടണങ്ങളിൽ ഏറ്റവും ഭംഗിയേറിയ ഇടമാണ് കുമളിയെന്ന് വേണമെങ്കിൽ പറയാം. 2,890 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഇടമാണ് കുമളി. ട്രെക്കിംഗ്, ഹൈക്കിംഗ്, പ്രകൃതി ഒരുക്കിയ പാതകൾ, കുമളിയിലെ തോട്ടം സന്ദർശനങ്ങൾ എന്നിങ്ങനെ ഇവിടം ആസ്വദിക്കാൻ ധാരാളം കാര്യങ്ങളുണ്ട്. തേക്കടിയിൽ എത്തുന്നവർക്ക് താങ്ങാൻ മോശമല്ലാത്ത സൗകര്യങ്ങളോട് കൂടിയ ഒട്ടേറെ ഇടങ്ങൾ കുമളിയിലുണ്ട്.
തേക്കടിയുടെ വന്യതയിൽ നിന്ന് മാറി കുമളിയിൽ എത്തുമ്പോൾ ഒരു തിരക്കേറിയ പട്ടണത്തിന്റെ രൂപഭാവങ്ങൾ നമുക്ക് കാണാൻ കഴിയും. സുഗന്ധവ്യഞ്ജനങ്ങളും തേയിലത്തോട്ടങ്ങളും തിരക്കേറിയ വ്യാപാര പ്രവർത്തനങ്ങളും കുമളിയെ കേരളത്തിലെ പ്രധാന വിനോദസഞ്ചാര വാണിജ്യ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു. മൂന്നാർ യാത്രയിൽ അധികം പർച്ചേസ് നടത്തിയില്ലെങ്കിൽ സുഗന്ധ വ്യഞ്ജനങ്ങൾ ഉൾപ്പെടെ ഇവിടെ നിന്ന് ഫ്രഷായി വാങ്ങിക്കാം.












Click it and Unblock the Notifications