മദ്യമല്ല, മാഹിയുടെ യഥാർത്ഥ സവിശേഷത ഇത്; ഒരിക്കലെങ്കിലും പോവണം പഴയ ഫ്രഞ്ച് കോളനിയിലേക്ക്
കേരളത്തിനുള്ളിൽ സ്ഥിതി ചെയ്‌തിട്ടും കേരളത്തിന്റെ ഭാഗമല്ലാത്ത ഒരിടം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ, എങ്കിൽ അങ്ങനെയൊരിടമുണ്ട്. വടക്കൻ മലബാറിൽ കോഴിക്കോട് ജില്ലയിലെ വടകരയ്ക്കും കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണ് മയ്യഴി അഥവാ മാഹി. നിലവിൽ രാജ്യത്തെ പ്രധാന കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നായ പോണ്ടിച്ചേരിയുടെ ഭാഗമാണ് മാഹി.
കേരളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതാണെങ്കിലും മലയാളികളുടെ സ്ഥിരം ജീവിതശൈലിയിൽ നിന്ന് ഒട്ടേറെ വ്യത്യസ്‌ത പുലർത്തുന്നവരാണ് മാഹിക്കാർ. എന്ന് മാത്രമല്ല ഒരു കാലം ഫ്രഞ്ച് കോളനി ആയിരുന്നതിന്റെ ഹാങ്ങോവറും ഇവിടെ പ്രകടമാണ്. എങ്കിലും പുറത്തുനിന്നുള്ളവർ മദ്യം വിലകുറച്ച് കിട്ടുന്ന ഒരിടമായി മാത്രം മുദ്രകുത്തിയ മാഹിയിൽ പക്ഷേ കാണാനും അറിയാനും കാഴ്‌ചകൾ ഏറെയുണ്ട്.

യഥാർത്ഥത്തിൽ മാഹിയിലെ കെട്ടിടങ്ങൾക്ക് പോലും ആ പഴയ ഫ്രഞ്ച് ശൈലി പലപ്പോഴും നിങ്ങൾക്ക് കാണാൻ കഴിയും. മാഹിയിലെ വിനോദ സഞ്ചാര മേഖല വളരെയധികം വളർന്നുകഴിഞ്ഞു. സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടനവധി കാഴ്‌ചകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.
മാഹി വാക്ക് വേ
മയ്യഴി പുഴയുടെ തീരത്തുള്ള ഈ നടപ്പാത ശരിക്കും ഈ മേഖലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഒരിടമാണ്. മാഹി പട്ടണത്തിന്റെ ഭൂപ്രകൃതി അറിയാനും മനസിലാക്കാനും ഇതിലൂടെയുള്ള നടത്തം സഹായിക്കും. ഒപ്പം കുടുംബത്തോടൊപ്പം ഒരു ശാന്തമായ വൈകുന്നേരം ചെലവഴിക്കാൻ ഇതിലും മികച്ച മറ്റൊരിടം വേറെയില്ല.
മൂപ്പൻകുന്ന്
മാഹിയിലെ മറ്റൊരു പ്രധാന ആകർഷണമാണ് മൂപ്പൻകുന്ന്. വാക്ക് വേ കയറി എത്തുന്നത് മൂപ്പൻകുന്നിലേക്കുള്ള പ്രവേശന കവാദത്തിലേക്കാണ്. ഇവിടെ ടിക്കറ്റ് എടുത്ത് അകത്തേക്ക് കയറാം. അറബിക്കടലിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഒരു ഇടമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ധാരാളം ബെഞ്ചുകൾ മരങ്ങൾ ചുറ്റും ഇരിക്കാനുള്ള സൗകര്യം ഒരുക്കുന്നു.
അഴിമുഖം
മയ്യഴി പുഴയും, അറബിക്കടലും ചേരുന്ന ഇടമാണ് അഴിമുഖം. വിഖ്യാതമായ നോവൽ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എം മുകുന്ദൻ വർണിച്ചത് പോലെ അതിമനോഹരമാണ് ഈ ഭാഗം. വൈകുന്നേരങ്ങളിൽ സൂര്യാസ്‌തമയ സമയത്ത് ചുവന്ന നിറത്തോടെയുള്ള ആകാശം കാണാൻ ഇവിടേക്ക് എത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികളാണ്.
മാഹിപ്പള്ളി
ഇവിടുത്തെ ഏറ്റവും പ്രധാന കാഴ്‌ചകളിൽ ഒന്നാണ് ഈ പ്രൗഢ ഗംഭീരമായ ക്രിസ്‌തീയ ദേവാലയം. മലബാറിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ നിർമിച്ചുവെന്ന് കരുതപ്പെടുന്ന ഈ പള്ളിയുടെ വാസ്‌തുവിദ്യ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും.












Click it and Unblock the Notifications