വയനാട്ടിൽ ഇനി ടൂറിസം വളരും; മീൻമുട്ടിയിൽ സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങി, എന്തൊക്കെ കാണാം?
മഹാദുരന്തം നാശനഷ്‌ടം വിതച്ച വയനാട്ടിൽ ഇതുവരെയും ടൂറിസം പഴയ നിലയിലേക്ക് തിരികെ എത്തിയിട്ടില്ല. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ശേഷം സഞ്ചാരികൾ വയനാട്ടിലേക്ക് വരുന്നത് നന്നായി കുറഞ്ഞിട്ടുണ്ട്. അതിനെ മറികടക്കാനുള്ള നീക്കങ്ങൾ ടൂറിസം വകുപ്പും തദ്ദേശ പ്രതിനിധികളും തുടരുന്നതിനിടെ ഇപ്പോഴിത് പുതിയൊരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്.
വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ മീൻമുട്ടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. ഉരുൾപൊട്ടൽ ദുരന്തത്തിന് മുൻപ് തന്നെ വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് നേരിട്ട ആദ്യ തിരിച്ചടിയായിരുന്നു ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാനുള്ള തീരുമാനം. അതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

അതും എട്ട് മാസത്തിന് ശേഷമാണ് ഇവിടം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിരിക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മീൻമുട്ടി, കാറ്റുകുന്ന് തുടങ്ങിയ ഇടങ്ങൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചത്. വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഒന്ന് കൂടിയായി മീൻമുട്ടിയുടെ തിരിച്ചുവരവ് വലിയ ഊർജ്ജമാവും എന്നാണ് വിലയിരുത്തൽ.
മീൻമുട്ടി വീണ്ടും തുറന്നു കൊടുക്കുമ്പോൾ
മീൻമുട്ടി വീണ്ടും തുറന്നെങ്കിലും നിയന്ത്രണങ്ങളോട് കൂടി മാത്രമേ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നുള്ളൂ. പരമാവധി 500 പേരെ മാത്രമേ ഇവിടേക്ക് കടത്തിവിടുകയുള്ളൂ. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയും വിദേശികൾക്ക് 200 രൂപയുമാണ് ഇവിടുത്തെ ടിക്കറ്റ് നിരക്ക്. ഏറെ നാളുകൾക്ക് ശേഷമാണ് ഇവിടേക്ക് സഞ്ചാരികൾ വരുന്നത് എന്നതിനാൽ രൂപത്തിലാക്കും ഭാവത്തിലും ഒക്കെ ചെറിയ മാറ്റങ്ങളുമുണ്ട്.
ഇതിനോട് ചേർന്നുള്ള കാറ്റുകുന്ന് ട്രെക്കിംഗ് കൂടി തുറന്നതോടെ കൂടുതൽ പേർ മേഖലയിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇവിടെയും പക്ഷേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആനച്ചോലയിലെ ഈ ട്രെക്കിംഗിന് കേവലം 25 പേരെ മാത്രമേ ഒരു ദിവസം പ്രവേശിപ്പിക്കൂ. 5 പേരുടെ സംഘത്തിൽ മുതിർന്നവർക്ക് 5000 രൂപയും കുട്ടികൾക്ക് 3000 രൂപയും വിദേശികൾക്ക് 7000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
മീൻമുട്ടിയിൽ കാണേണ്ട കാഴ്‌ചകൾ ഇവ
വയനാട്ടിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ബാണാസുരയിൽ നിന്ന് അടുത്തായാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയിൽ നിന്നും 21 കിലോമീറ്റർ അകലെയാണ് മീൻമുട്ടി വെള്ളച്ചാട്ടം, മറ്റൊരു പ്രധാന പട്ടണമായ കൽപ്പറ്റയിൽ നിന്നാവട്ടെ ഇവിടേക്ക് 40 കിലോമീറ്ററോളം ദൂരമാണ് ഉള്ളത്. ബാണാസുര സാഗർ ഡാമിനോട് ചേർന്ന് നിൽക്കുന്ന ഇടമായതിനാൽ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്താറുള്ളത്.
ചെറിയ രീതിയിലുള്ള ട്രെക്കിംഗിന് ഒടുവിലാണ് ഈ വെള്ളച്ചാട്ടത്തിൽ നാം എത്തിച്ചേരുക. ഇവിടെ വാലിയ പാറക്കെട്ടുകൾക്ക് നടുവിലൂടെ മുകളിൽ നിന്ന് വെള്ളം കുത്തിയൊലിച്ചു വരുന്നത് കാണാൻ തന്നെ വല്ലാത്തൊരു ഭംഗിയാണ്. കാടിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഒരിടം കൂടിയായതിനാൽ ശാന്തമായ അന്തരീക്ഷവും ഇവിടെ ആസ്വദിക്കാം.












Click it and Unblock the Notifications