ഏഷ്യയിലെ ഏറ്റവും നീളംകൂടിയ ഡ്രൈവ് ഇൻ ബീച്ച്; മുഴപ്പിലങ്ങാട് ഇനി കണ്ടാൽ മനസിലാവില്ല, വൻ മാറ്റങ്ങൾ
ഏകദേശം അറുനൂറ് കിലോമീറ്ററോളം കടൽത്തീരമുള്ള സംസ്ഥാനമാണ് നമ്മുടെ കൊച്ചുകേരളം. തെക്ക് തിരുവനന്തപുരം മുതൽ വടക്ക് കാസർഗോഡ് വരെയുള്ള ഒൻപത് ജില്ലകളിലും കടൽ തൊട്ടരുമ്മി നിൽക്കുന്നുണ്ട്. ഈ ജില്ലകളിലായി ചെറുതും വലുതുമായ ബീച്ചുകൾ ഒട്ടേറെയുണ്ട്. കോവളവും കോഴിക്കോടും വർക്കലയും ചെറായിയും ഒക്കെ ചിലത് മാത്രം. എന്നാൽ വലുപ്പത്തിൽ അവയേക്കാൾ ഒക്കെ മുൻപിൽ നിൽക്കുന്ന ഒരിടമുണ്ട് നമ്മുടെ നാട്ടിൽ.
അത് വടക്ക് കണ്ണൂരിലാണ് നിലകൊള്ളുന്നത്, മുഴപ്പിലങ്ങാട് എന്നാണ് അതിന്റെ പേര്. നിങ്ങളിൽ ഭൂരിഭാഗം പേർക്കും ഈ ബീച്ചിനെ കുറിച്ച് അറിയാമായിരിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ ഡ്രൈവ് ഇൻ ബീച്ച് എന്ന വിശേഷണം സ്വന്തമായുള്ള മുഴപ്പിലങ്ങാട് ശരിക്കും ആദ്യമായി സഞ്ചരിക്കുന്നവർക്ക് മാത്രമല്ല എല്ലാവർക്കും ഒരു പ്രത്യേക അനുഭൂതി പ്രദാനം ചെയ്യുന്ന ഇടമാണ്.

തലശ്ശേരിയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. മനോഹരമായ മലബാർ തീരത്തിന്റെ കാഴ്‌ചകൾ ആസ്വദിച്ച് കൊണ്ട് ഏകദേശം നാല് കിലോമീറ്ററോളം ദൂരത്തിൽ നീണ്ടുകിടക്കുന്ന ബീച്ചിലൂടെ വാഹനം ഓടിക്കാനുള്ള അവസരമാണ് നിങ്ങൾക്ക് കൈവരുന്നത് എന്ന കാര്യം ഒരിക്കലും മറക്കരുത്.
മുൻപ് മുഴപ്പിലങ്ങാട് ബീച്ച് സന്ദർശിച്ചവർക്ക് മനസിലാക്കാൻ പറ്റാത്ത അത്രയും ഗംഭീരമായി ഇവിടെ നവീകരണ പ്രവർത്തികൾ പുരോഗമിക്കുകയാണ് എന്നതാണ് ഏറ്റവും പുതിയ കാര്യം. ധാരാളം പേർ സായാഹ്നങ്ങൾ ചിലവഴിക്കാൻ എത്തുന്ന മേഖലയിലെ പ്രധാന ഇടം കൂടിയായ മുഴപ്പിലങ്ങാടിനെ രാജ്യത്തെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താനാണ് ശ്രമം. അതിന്റെ പ്രവർത്തികളാണ് ഇവിടെ തകൃതിയായി നടക്കുന്നത്.
മുഴപ്പിലങ്ങാട് ആകെ മാറും
പ്രദേശത്തിന്റെ സ്വാഭാവിക ഭംഗി നിലനിർത്തി കൊണ്ട് നാല് കിലോമീറ്റർ നീളത്തിൽ വാക് വേയും ഉൾപ്പെടെ നിർമിക്കുന്നുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തി 233 കോടി രൂപ 71 ലക്ഷം രൂപ ചിലവിലാണ് ഇവിടെ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നത്. ഇവിടെ നടപ്പാതക്ക് പുറമെ കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ്‌ലറ്റുകൾ, കിയോസ്‌കുകൾ, ലാൻഡ് സ്‌കേപ്പിംഗ് എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.
മുഴപ്പിലങ്ങാട് ബീച്ചിൽ 70 ശതമാനം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചുവെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. വിദേശ രാജ്യങ്ങളിലെ ബീച്ചുകളുമായി കിട പിടിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തികളാണ് നടക്കുന്നത്. വരുന്ന ജനുവരിയോടെ പണികൾ മുഴുവൻ പൂർത്തിയാക്കി തുറന്ന് കൊടുക്കാനാണ് സർക്കാർ തീരുമാനം.
ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ
വാട്ടർ സ്‌പോർട്‌സ്, പവർ ബോട്ടിംഗ് അല്ലെങ്കിൽ ലളിതമായ കാറ്റമരൻ സവാരി എന്നിവയ്‌ക്കൊപ്പം പാരാഗ്ലൈഡിംഗ്, പാരാസെയ്‌ലിംഗ്, മൈക്രോ ലൈറ്റ് ഫ്‌ളൈറ്റുകൾ തുടങ്ങിയ സാഹസിക വിനോദങ്ങളിൽ ഏർപ്പെടാനുള്ള അവസരവും ഇവിടെ സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. കൂടാതെ മേഖലയിൽ എത്തുന്നവരുടെ താമസ സൗകര്യം ഉറപ്പാക്കാൻ ഒരു ത്രീ സ്‌റ്റാർ ഹോട്ടലിന്റെ പണി പുരോഗമിക്കുന്നുണ്ട്. അത് കൂടി നടപ്പായാൽ ഇവിടേക്ക് സഞ്ചാരികൾ കൂടുതലായി എത്തുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications