കണ്ടാലും കണ്ടാലും മതിവരാത്ത പാലരുവി; ഒരു മഴ കൂടിയുണ്ടേൽ പൊളിക്കും, കൊല്ലത്തെ മനോഹര കാഴ്‌ച
മഴക്കാലമായാൽ കേരളത്തിലെ വെള്ളച്ചാട്ടങ്ങളിലേക്ക് ആളുകളുടെ ഒഴുക്കാണ്. പക്ഷേ ഒരുപരിധിവരെ അപകടങ്ങൾ ഒളിച്ചിരിക്കുന്ന ഇടങ്ങൾ കൂടിയാണവ എന്നാരും ചിന്തിക്കാറില്ല. എങ്കിലും അവയുടെ മാസ്‌മര ഭംഗിയിൽ വീണുപോവാതെ തരമില്ല എന്ന് പറയുന്നതാവും ശരി. അങ്ങനെ കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന അതിമനോഹരമായ വെള്ളച്ചാട്ടമുണ്ട് നമ്മുടെ കൊല്ലം ജില്ലയിൽ.
താരതമ്യേന മധ്യ കേരളത്തെയും വടക്കൻ കേരളത്തെയും അപേക്ഷിച്ച് കുറഞ്ഞ ടൂറിസം കേന്ദ്രങ്ങളാണ് തെക്കൻ കേരളത്തിലുള്ളത് എന്ന് വേണമെങ്കിൽ പറയാം. അതിൽ തന്നെ ഏറ്റവും മികച്ചതെന്ന് പറയപ്പെടുന്ന ഒരിടമാണ് കൊല്ലത്തെ പാലരുവി. പേര് പോലെ തന്നെ കണ്ടാൽ പാലൊഴുകുന്നതാണെന്ന് തോന്നുന്ന ഇവിടുത്തെ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് എന്നും ഒരു അത്ഭുതമാണ്.

300 അടി ഉയരത്തിൽ നിന്ന് പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന പാലരുവിയുടെ കാഴ്‌ച തെല്ലൊന്നുമല്ല നിങ്ങളെ രസിപ്പിക്കുക. ഒരു തടസവും ഈ മനോഹരമായ കാഴ്‌ച ആസ്വദിക്കാൻ കഴിയുന്ന ഇവിടുത്തെ പ്രദേശം കൂടുതൽ സഞ്ചാരികളുടെ വരവിന് തയ്യാറെടുത്തു നിൽക്കുകയാണ് ഇപ്പോൾ. കൊല്ലത്ത് നിന്ന് ഏതാണ്ട് 75 കിലോമീറ്റർ അകലെയായാണ് ഈ ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ഇടതൂർന്ന് കിടക്കുന്ന ഉഷ്‌ണമേഖലാ വനത്തിലൂടെയുള്ള പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര അതിശയിപ്പിക്കുന്ന അനുഭവമാണ് യാത്രക്കാർക്ക് സമ്മാനിക്കുക. മേഖലയിലെ തന്നെ ഏറ്റവും മികച്ച യാത്രാനുഭവം സമ്മാനിക്കുന്ന ഒരു ഇടമാണിതെന്ന് നിസംശയം പറയാം. മഞ്ഞുമൂടിയ മല നിരകളുടെ കൂടി കാഴ്‌ചകൾ ചേരുമ്പോൾ അതും ഒരു മനോഹര അനുഭവമാണ്.
ഇവിടെ മികച്ചൊരു ട്രെക്കിംഗ് അനുഭവത്തിനുള്ള ഓപ്‌ഷനും ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം. വെള്ളച്ചാട്ടത്തിന് അടുത്ത് നിന്ന് 3 കിലോമീറ്റർ ദൈർഘ്യമുള്ള ട്രെക്കിംഗ് മറ്റൊരു ലോകത്തേക്ക് നിങ്ങളെ കൂട്ടികൊണ്ട് കൊണ്ടുപോകും, ഇത് ഈ യാത്രയുടെ ഏറ്റവും ആവേശകരമായ ഭാഗമാണെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. പാലരുവിയിലുള്ള ഏക ഇക്കോടൂറിസം പ്രവർത്തനമാണിത്. ഇതിന് ഫീസും ഈടാക്കുന്നുണ്ട്.
ഫോട്ടോഗ്രാഫർമാരുടെയും പ്രകൃതി സ്നേഹികളുടെയും പ്രിയപ്പെട്ട ഇടമാണ് ഈ മേഖല. അതുകൊണ്ട് തന്നെ നല്ലൊരു ക്യാമറ കൈയിൽ കരുതിയാൽ അതിമനോഹരമായ ഫ്രയിമുകൾ ഒപ്പിയെടുക്കാൻ എളുപ്പമായിരിക്കും. കൂടാതെ മേഖലയിലെ ജൈവവൈവിധ്യം കൃത്യമായി അടുത്തറിയാനും സമയം കണ്ടെത്തിയാൽ അത് നല്ല അനുഭവമായിരിക്കും.












Click it and Unblock the Notifications