മഴയൊക്കെയല്ലേ നല്ലൊരു ജംഗിൾ സഫാരി ആയാലോ? പറമ്പിക്കുളം ഇതാ കാത്തിരിക്കുന്നു, പൊളിച്ചടുക്കാം
മഴയാണ് കേരളത്തിലെ ഏറ്റവും മനോഹരമായ സീസൺ ചിലപ്പോഴെങ്കിലും നമുക്ക് തോന്നാറുള്ളത് യാത്രകൾ ചെയ്യുമ്പോഴാണ്. അപ്പോൾ പിന്നെ മൺസൂൺ കാലത്ത് വീട്ടിൽ അടങ്ങി ഇരിക്കുന്നതിൽ എന്താണൊരു ത്രിൽ ഉള്ളത്. അങ്ങനെ ഉള്ളവർക്കായി ഈ മൺസൂൺ കാലത്ത് പോവാൻ പറ്റിയ ഒട്ടേറെ ഇടങ്ങളുണ്ട് നമ്മുട കൊച്ചു കേരളത്തിൽ.
ചെറുതും വലുതുമായ ഒട്ടേറെ ഇടങ്ങളിൽ ഉണ്ടെന്ന് വേണം പറയാൻ. അതിൽ വെള്ളച്ചാട്ടങ്ങളും ഹിൽ സ്‌റ്റേഷനുകളും ഒക്കെ നമ്മൾ സ്ഥിരം പോവുന്ന ഇടങ്ങൾ ആകയാൽ അവയൊക്കെ മാറ്റി നിർത്താം. ഇക്കുറി ഒരു വെറൈറ്റി വേണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ മാത്രം ഇനി പറയാൻ പോവുന്ന സ്ഥലത്തെ കുറിച്ച് ചിന്തിച്ചാൽ മതി. മറ്റെവിടെയും അല്ല, നമ്മുടെ സ്വന്തം പറമ്പിക്കുളം ആണിത്.

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം കടുവാ സങ്കേതം പാലക്കാട് നഗരത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ്. ഇവിടുത്തെ കുന്നുകൾ സമുദ്രനിരപ്പിൽ നിന്ന് 300 മുതൽ 1438 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 15 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള നല്ല കാലാവസ്ഥയാണ് ഇവിടെ ഉണ്ടാവാറുള്ളത്.
285 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പറമ്പിക്കുളത്തെ കാഴ്‌ചകൾ നിങ്ങൾ വിചാരിക്കുന്നത് പോലെ അത്ര ലളിതമല്ല. കേരളത്തിലെ തന്നെ ഏറ്റവും മികച്ച വൈൽഡ് ലൈഫ് അനുഭവമാണ് പറമ്പിക്കുളം നിങ്ങൾക്കായി ഒരുക്കി വച്ചിരിക്കുന്നത്.
പറമ്പിക്കുളം കടുവാ സങ്കേതത്തിലെ വനങ്ങളും വന്യജീവികളും നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല. രാജ്യത്തെ ഏറ്റവും മികച്ച സംരക്ഷിത പാരിസ്ഥിതിക പാർക്കുകളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം. ഇവിടെ ജംഗിൾ സഫാരി മുതൽ ട്രെക്കിംഗ് വരെയും കാടിനുള്ളിലെ താമസവും ഒക്കെയായി അടിപൊളി അനുഭവം തന്നെ ഈ മൺസൂൺ കാലത്ത് നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
ട്രെക്കിംഗ് തന്നെയാണ് ഇവിടെ പ്രധാന പരിപാടി. ആനപ്പാടിയിൽ നിന്ന് ആരംഭിച്ച് പറമ്പിക്കുളം കടുവാ സങ്കേതത്തിനുള്ളിലെ ഇലപൊഴിയും വനത്തിലേക്ക് കയറുന്ന 6 കിലോമീറ്റർ ട്രെക്കിംഗ് പാതയാണ് അതിലെ പ്രധാന അനുഭവം. ഒരൽപം സാഹസികതയും കാടിനെ കാണാനും അറിയാനുമുള്ള വ്യഗ്രതയും ഒക്കെയുണ്ടങ്കിൽ മാത്രമേ ഈ യാത്ര പൂർണമാകൂ.
പറമ്പിക്കുളത്തെ കാഴ്‌ചകൾ ഇതുകൊണ്ട് ഒന്നും തീരില്ല. പെരിവാരിപ്പള്ളം അണക്കെട്ടിനുള്ളിലെ സ്‌റ്റേ ഓവർ പ്രോഗ്രാമായ പെരുവാരി ഐലൻഡ് നെസ്‌റ്റ് ക്യാമ്പ് സന്ദർശകർക്ക് മുളങ്കാടിന് മുകളിൽ ക്യാമ്പ് ചെയ്യാനുള്ള അവസരം മറ്റൊരു അനുഭവമാണ് നിങ്ങൾക്ക് നൽകുക. ഡാമിലെ ശാന്തമായ വെള്ളത്തിലൂടെ 30 മിനിറ്റ് നീളുന്ന ചങ്ങാട യാത്ര വഴിയാണ് ഇവിടേക്ക് എത്തുന്നത്. ഇതും പ്രത്യേകത അനുഭൂതി നൽകും.












Click it and Unblock the Notifications