പൊന്നുംതുരുത്തിന് എന്തിനാ പൊട്ട്; അത്രയ്ക്ക് ബ്യൂട്ടിഫുൾ അല്ലേ ഇവിടം; തിരുവനന്തപുരത്തെ അത്ഭുതദ്വീപ്..!
കേരളത്തിന്റെ എല്ലാ ടൂറിസം സാധ്യതകളെയും സമഗ്രമായി ഉപയോഗപ്പെടുത്താൻ ഒരു പരിധിവരെ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഒട്ടേറെ കേന്ദ്രങ്ങൾ ജനങ്ങൾ മുൻപിൽ എത്തുന്നു. പറഞ്ഞുവരുന്നത് അത്തരത്തിൽ എല്ലായിടത്തും ടൂറിസ്‌റ്റുകൾ നിറഞ്ഞുവരികയാണ്. ചെറിയ കേന്ദ്രങ്ങൾക്ക് തന്നെയാണ് പലപ്പോഴും മുൻഗണന ലഭിക്കുന്നത്. അങ്ങനെ തിരുവനന്തപുരത്ത് ശ്രദ്ധിക്കപ്പെട്ട ഒരിടമാണ് പൊന്നുംതുരുത്ത് എന്ന അത്ഭുതദ്വീപ്.
ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഒരിടം തന്നെയാണ് ഇത്. തിരുവനന്തപുരം ജില്ലയിലെ വക്കത്തിന് അടുത്തായി പണയിൽക്കടവ് പാലത്തിനു സമീപത്താണ് പൊന്നുംതുരുത്ത് എന്ന ഈ മനോഹരമായദ്വീപിന്റെ സ്ഥാനം. ഈ പ്രദേശത്തിന് പൊന്നുംതുരുത്ത് എന്ന പേര് കിട്ടാനുള്ള കാരണം തേടിപോയാൽ നമ്മൾ നൂറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും.

തെക്കൻ കേരളത്തിന്റെ ചരിത്രം പറയുമ്പോൾ രാജഭരണത്തെയും, അവരുടെ കുടുംബങ്ങളെയും ഒന്നും ഒഴിവാക്കാൻ കഴിയില്ലെന്നത് അറിയാമല്ലോ. നൂറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂർ രാജഭരണകാലത്ത് മഹാറാണിമാരുടെ സ്വർണ്ണാഭരണങ്ങളും, കൊട്ടാരത്തിലെ നിധി ഉൾപ്പെടെയുള്ള അമൂല്യമായ വസ്‌തുക്കളും അവിടെ സൂക്ഷിക്കാൻ കഴിയാത്തൊരു സാഹചര്യം വന്നുവെന്നും, ഒടുവിൽ ജനവാസമില്ലാത്ത ഈ ദ്വീപിൽ ഏറെനാൾ സൂക്ഷിച്ചുവെന്നും പറയപ്പെടുന്നു.
അതൊക്കെ ചരിത്രം, ഇനി ഇപ്പോഴത്തെ അവസ്ഥയിലേക്ക് വരാം. വളരെ മനോഹരമായ പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഇടമാണ് പൊന്നുംതുരുത്ത്. ഇവിടുത്തെ കാഴ്‌ചകൾ പൂർണമായി കാണണമെങ്കിൽ കായലിലൂടെ തോണി യാത്ര നടത്തുക തന്നെ വേണം. ദ്വീപ് മുഴുവൻ വലംവെച്ച് അവിടുത്തെ കാഴ്‌ചകൾ പകർത്തുക എന്നത് നല്ല രസമുള്ള കാര്യം തന്നെയാണ്.
പച്ചമരണത്തണലിൽ വിശ്രമിക്കുന്ന ദ്വീപിന്റെ അവർണനീയമായ കാഴ്‌ച എത്ര പകർത്തിയാലും മതിയാവില്ല. ധാരാളം ഔഷധ സസ്യങ്ങളുടെയും വൃക്ഷലതാദികളുടെയും അപൂർവ സംഗമമാണ് പൊന്നുംതുരുത്ത്. കൂടാതെ അനേകം ദേശാടനപക്ഷികളുടെ ഇഷ്‌ട താവളം കൂടിയായതിനാൽ ഒരു നല്ല ക്യാമറയുമായി വന്നാൽ അവയുടെ ഒക്കെ ചിത്രം പകർത്തി ഓർമയ്ക്കായി സൂക്ഷിക്കാം.
പൊന്നുംതുരുത്തിന് ചുറ്റും അഞ്ചുതെങ്ങ് കായലാണ്. അവിടെ നിന്ന് നമ്മൾ ദ്വീപിലേക്ക് ചെന്നിറങ്ങിയാൽ കാണുന്ന കാഴ്‌ച ഏറുമാടങ്ങളുടേതാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇവിടുത്തേക്കുള്ള യാത്ര ഒരിക്കലും മോശം അനുഭവം ആകില്ലെന്ന് ഉറപ്പാണ്. ഇനി ഇവിടുത്തെ മറ്റൊരു ആകർഷണം ഒരു നൂറ്റാണ്ടിൽ അധികം പഴക്കമുള്ള ശിവ-പാർവ്വതി ക്ഷേത്രമാണ്. അവിടവും നിങ്ങൾക്ക് പ്രത്യേക അനുഭൂതി പകർന്നു നൽകുമെന്നത് തീർച്ച.












Click it and Unblock the Notifications