ഒരുവട്ടം കൂടി പോവാം വട്ടവടയിലേക്ക്; മഞ്ഞിൽ വിരിയുന്ന മഴവില്ല് കാണാം, ഇത് തന്നെ സ്വപ്‌നത്തിൽ കണ്ട ഗ്രാമം
മലയാളികളുടെ ടൂറിസം ഡെസ്‌റ്റിനേഷനുകളിൽ അടുത്ത കാലത്ത് ഇടംപിടിച്ച പേരുകളിൽ ഒന്നാണ് വട്ടവട. ഇടുക്കി ജില്ലയിൽ മൂന്നാറും വാഗമണും തേക്കടിയും ഇരവികുളവും ഒക്കെയായിരുന്നു ഒരുകാലത്ത് നമ്മുടെ ഇഷ്‌ട ഇടങ്ങളിൽ. ഇന്ന് അതിൽ മാറ്റം വന്നിട്ടുണ്ടെന്നല്ല, ആ പട്ടികയിലേക്ക് പുതുതായി പേര് ചേർക്കപ്പെട്ട ഇടമാണ് ഈ മനോഹര അതിർത്തി ഗ്രാമം. നിരവധി സഞ്ചാരികളാണ് ഇപ്പോൾ വട്ടവട സന്ദർശിക്കാനായി ഇടുക്കിയിൽ എത്തുന്നത്.
വട്ടവടയുടെ പ്രത്യേകതകൾ പറഞ്ഞുതീരാൻ ഒരു ദിനം മതിയാവില്ല. അത്രമേൽ വേറിട്ടൊരു അനുഭവം സമ്മാനിക്കുന്ന ഇടം ആയത് കൊണ്ടാണ് മൂന്നാറിനൊപ്പം തന്നെ കഴിഞ്ഞ കാലങ്ങളിൽ ഇവിടേക്ക് സഞ്ചാരികൾ ഒഴുകിയതെന്ന് നിസംശയം പറയാം. വട്ടവടയിലേക്ക് ഇതുവരെ പോവാത്തവരും ഇനി പോവാൻ ആഗ്രഹിക്കുന്നവരും അറിയേണ്ടത് ഈ കാര്യങ്ങളാണ്.

വട്ടവടയുടെ പ്രത്യേകതകൾ
മനോഹരമായ കുന്നുകളാൽ ചുറ്റപ്പെട്ടതും വൈവിധ്യമാർന്ന വന്യജീവി സമ്പത്താൽ അനുഗ്രഹീതവുമായ സ്ഥലം ഇടുക്കിയിൽ എത്തുന്ന സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട ഇടങ്ങളിൽ മുൻപന്തിയിൽ തന്നെ കാണും. മൂന്നാറിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും മികച്ച പച്ചക്കറി വിളകളും ഉൽപന്നങ്ങളും ഉണ്ടാക്കിയെടുക്കുന്ന മേഖലകളിൽ ഒന്ന് കൂടിയാണ്.
വൈവിധ്യമാർന്ന രീതിയിൽ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും വൻതോതിൽ കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിനാൽ ഇവിടം പൊതുവെ കേരളത്തിന്റെ പച്ചക്കറി നാട് എന്ന് കൂടി അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ മനോഹാരിത മുഴുവൻ പേറിക്കൊണ്ടാണ് വട്ടവടയുടെ കിടപ്പ്. ഇവിടുത്തെ താഴ്വരകളിൽ ഏറിയപങ്കും തേയിലയ്ക്ക് പകരം പച്ചക്കറി വിളകൾ തന്നെയാണ് കാണാൻ കഴിയുക.
സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇടംകൂടിയാണ് ഇത്. വർഷം മുഴുവനും ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന ഇടമായതിനാലാണ് ഇവിടെ പച്ചക്കറി സമൃദ്ധമായി വളരുന്നത്. എങ്കിലും ഈ മേഖലയിൽ തണുപ്പിന് യാതൊരു കുറവുമില്ല. പുലർകാലങ്ങളിൽ മഞ്ഞുകണങ്ങളിൽ സൂര്യപ്രകാശം വന്നുതട്ടി മഴവില്ലിന്റെ മനോഹര കാഴ്‌ച നമുക്ക് കാണാം.
ഇടുക്കിയിലെയും സമീപ മേഖലകളിലെയും സുപ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്നും അധികം ദൂരമില്ല. കൊടൈക്കനാൽ, ടോപ്പ് സ്‌റ്റേഷൻ, മാട്ടുപ്പെട്ടി, കാന്തലൂർ, മീശപുലിമല തുടങ്ങിയ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് ഇവിടെ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും എന്നതാണ് പ്രത്യേകത.
കൂടാതെ വട്ടവടയിലേക്കുള്ള യാത്രയിൽ തേയിലത്തോട്ടങ്ങളും കാടുകളും ഡാമിന്റെയും മനോഹാരിത ആസ്വദിച്ച് നേരെ എത്തുന്നത് പാമ്പാടുംചോല നാഷണൽ പാർക്കായിരിക്കും. അതിലൂടെയാണ് പിന്നെ വട്ടവടയിലേക്കുള്ള യാത്ര. ധാരാളം വന്യമൃഗങ്ങളെ കാണാൻ സാധിയ്ക്കുന്ന ഒരു മേഖല കൂടിയാണിതെന്ന് പ്രത്യേകം ഓർക്കണം.












Click it and Unblock the Notifications