ഓഫ്‌റോഡും ട്രെക്കിംഗും ഒരേ പൊളി; ഇലവീഴാപൂഞ്ചിറയിൽ കാഴ്‌ചകൾ മാത്രമല്ല, സാഹസികതയും ഉണ്ട്
മലയാളിയുടെ വെക്കേഷൻ ഡെസ്‌റ്റിനേഷനുകളിൽ സ്ഥിരമായ ചില പേരുകളുണ്ട്. അതിൽ പിന്നെ ഒഴുച്ചുകൂടാനാവാത്ത ഇടമാണ് മൂന്നാർ. അവിടേക്ക് പിന്നെ ഏത് കാലത്തും സന്ദർശകരുടെ ഒഴുക്കാണ്. ഇനി മലബാറിൽ നിന്നുള്ളവർക്ക് അങ്ങനെയൊരിടം എന്ന് പറയുന്നത് വയനാട് ആണ്. ഒരു കംപ്ലീറ്റ് പാക്കേജ് തന്നെ വയനാട് ഒരുക്കിവെച്ചിട്ടുണ്ട്. തെക്കുള്ളവർക്ക് പൊന്മുടിയാണ് കൺകണ്ട ഇടം.
എന്നാൽ ഈ സോ കോൾഡ് ടൂറിസം ബ്രോഷറുകളുടെ ആഡംബരമോ വലിയ പരസ്യമോ ഇല്ലാതെ തന്നെ മധ്യകേരളത്തിൽ ഉള്ളവരുടെ മനസ് കീഴടക്കിയ ഒരിടമുണ്ട്. അതാണ് ഇലവീഴാപൂഞ്ചിറ, കോട്ടയത്തെ ഏറ്റവും പ്രധാനപ്പെട്ട ഹിൽ സ്‌റ്റേഷനുകളിൽ ഒന്ന്. വെറും പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല, ട്രെക്കിംഗും ഓഫ്‌റോഡും ഒക്കെ നൽകുന്ന അനുഭവം കൂടിയാണ് ഇലവീഴാപൂഞ്ചിറ നിങ്ങൾക്ക് നൽകുന്ന അനുഭവം.

കേവലം റബ്ബറിന്റെയും പത്രത്തിന്റെയും ഒക്കെ നാടായി കോട്ടയത്തെ കാണുന്നവർക്ക് തലകുനിച്ചു മടങ്ങേണ്ടി വരും ഇലവീഴാപൂഞ്ചിറയിൽ നിന്ന്. കാരണം കേരളത്തിലെ മറ്റൊരു ഹിൽ സ്‌റ്റേഷനേക്കാളും ഒരുപടി താഴെയായിരിക്കില്ല ഇവിടം. അത് അവിടെ ഒരിക്കലെങ്കിലും പോയവർക്ക് ഉറപ്പായും മനസിലാവുന്ന കാര്യമാണ്.
കാഞ്ഞാറിനടുത്തുള്ള മനോഹരമായ ഈ കുന്നുകൾ ട്രെക്കിംഗിന് മികച്ച അവസരം ഒരുക്കുന്നതായി കാണാം. ആ കാഴ്‌ച തന്നെ അമ്പരപ്പിക്കുന്നതാണ്. മൺസൂൺ കാലത്ത്, ഈ സ്ഥലം മുഴുവൻ മറ്റൊരു രീതിയിലേക്ക് മാറുന്നു. എങ്കിലും വേനലിന്റെ ചൂടൊന്നും ഇവിടെ അനുഭവപ്പെടാറില്ല എന്നതാണ് യാഥാർഥ്യം.
അടുത്തിടെ സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ചിത്രമാണ് ഈ സ്ഥലത്തിന് കൂടുതൽ പ്രശസ്‌തി നൽകിയത്. കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ ഒരിത്തിരി ഭയവും നമുക്ക് സമ്മാനിക്കും. ഇവിടുത്തെ വലിയ കുന്നുകയറി മുകളിലെത്തിയാൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകൾ കാണാനാവും.
ഏത് സമയവും ശക്തമായ കാറ്റുള്ളതിനാൽ ഒരു ഇല്ല പോലും വീഴില്ല എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറ എന്ന പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. താഴെ നിന്ന് മുകളിലേക്ക് ഓഫ്‌റോഡ് ജീപ്പിൽ സഞ്ചരിക്കാം.എന്നാൽ അധികദൂരം യാത്ര ചെയ്യാൻ കഴിയില്ല. എങ്കിലും അതൊരു ഒന്നൊന്നര അനുഭവമായിരിക്കും. പിന്നീട് നമ്മൾ നടക്കുക തന്നെ വേണം.
മഴയും മഞ്ഞും ഒന്നുമില്ലെങ്കിൽ മലങ്കര ഡാമിന്റെ റിസർവോയർ ഇവിടെ നിന്ന് വ്യക്തമായി കാണാം. ഇടിമിന്നൽ സാധ്യതയുള്ള സമയത്ത് ഇലവീഴാപൂഞ്ചിറയിലേക്കുള്ള പരമാവധി യാത്ര ഒഴിവാക്കുന്നതാകും നല്ലത്. ഉയർന്ന പ്രദേശമായതിനാൽ മിന്നലേറ്റുള്ള അപകടങ്ങൾക്ക് ഇവിടെ സാധ്യത കൂടുതലാണ്. സിനിമ കണ്ടവർക്ക് അതിന്റെ വ്യാപ്‌തി മനസിലാവും.












Click it and Unblock the Notifications