പെരുവണ്ണാമുഴിയിലെ വിശേഷങ്ങളറിയാം; ജാനകിക്കാടും കണ്ട് മടങ്ങാം, ഈ വൺഡേ ട്രിപ്പ് തകർക്കും...
കോഴിക്കോട് ജില്ലയിൽ പ്രകൃതി അനുഗ്രഹിച്ച് നൽകിയ അതിമനോഹരമായ രണ്ടിടങ്ങളാണ് ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രവും, പെരുവണ്ണാമുഴി ഡാം പരിസരവും. പണ്ടത്തേത് പോലെയല്ല ഇക്കാലത്ത് യാത്ര പോവാൻ ആരും വേനലവധിയോ, സ്‌കൂൾ അടയ്ക്കുന്ന സമയങ്ങളോ ഒന്നും ആവാൻ കാത്തു നിൽക്കാറില്ല. അതുകൊണ്ട് തന്നെ രാവിലെ പോയി വൈകീട്ട് വരാൻ കഴിയുന്ന ഇടങ്ങളാവും എല്ലാവർക്കും കൂടുതൽ ഇഷ്‌ടം.
ഇന്നത്തെ കാലത്ത് പണ്ടത്തേതിനേക്കാൾ യാത്രാ സൗകര്യം മെച്ചപ്പെട്ടതും, സ്വന്തമായി വാഹനങ്ങൾ ഉള്ളവരുടെ എണ്ണം ഗണ്യമായി ഉയർന്നതും ഇത്തരത്തിലുള്ള ഒറ്റ ദിവസത്തെ യാത്രകൾക്ക് വലിയൊരു കാരണമായി മാറിയിട്ടുണ്ട്. അങ്ങനെ നിങ്ങൾ ഒറ്റ ദിവസത്തെ യാത്ര നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അധികം ആൾ ബഹളം ഇല്ലാത്ത ശാന്തമായ അന്തരീക്ഷം ഒരുക്കിയ ഇടം ആവണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ ഈ സ്ഥലങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കുക.

പെരുവണ്ണാമുഴി ഡാം
പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച പെരുവണ്ണാമുഴി അണക്കെട്ട് മലബാറുകാരുടെ ഇഷ്‌ട പിക്‌നിക് കേന്ദ്രമാണ്. മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഈ പ്രദേശം നിരവധി വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രവുമാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ അണക്കെട്ട്.
വൈൽഡ് ആനിമൽ റീഹാബിലിറ്റേഷൻ സെന്റർ, പക്ഷി സങ്കേതം, മുതല ഫാം എന്നിവയ്ക്കും ഈ പ്രദേശം അറിയപ്പെടുന്നു. കൂടാതെ നിരവധി ട്രെക്കിംഗ്, ബോട്ടിംഗ് ഓപ്ഷനുകളും ലഭ്യമാണ്. കുറ്റ്യാടി നദിക്ക് കുറുകെയാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
ജാനകിക്കാട്
കോഴിക്കോട് ജില്ലയിലെ മരുതോങ്കര പഞ്ചായത്തിൽ കുറ്റ്യാടി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന വന മേഖലയാണ് ജാനകിക്കാട്. നിരവധി പക്ഷി മൃഗാദികളുടെ ആവാസ കേന്ദ്രമാണ് ഇവിടം. 2008 മുതൽ ഇവിടം ഇക്കോ ടൂറിസം കേന്ദ്രമായി സഞ്ചാരികളെ ആകർഷിക്കുന്നു. മുന്‍ കേന്ദ്രമന്ത്രി വികെ കൃഷ്‌ണ മേനോന്റെ സഹോദരി വികെ ജാനകി അമ്മയുടെ പേരിലുള്ള എസ്‌റ്റേറ്റായിരുന്നു ഇത്. അങ്ങനെയാണ് ഈ പ്രദേശത്തിന് ജാനകിക്കാട് എന്ന പേരുണ്ടായത്.
വിശാലമായ ജൈവവൈവിധ്യ സമ്പത്ത് തന്നെ ഈ വനത്തിലുണ്ട്. പക്ഷി നിരീക്ഷണത്തിലും ചിത്രശലഭങ്ങളെ കാണുന്നതിലും നിങ്ങൾക്ക് സമയം ചെലവഴിക്കാം. ഹോൺ ബില്ലുകൾ, ഗ്രേ ജംഗിൾ ഫോൾസ് തുടങ്ങി വിവിധയിനം പക്ഷികൾ ഈ വനത്തിൽ വസിക്കുന്നു. തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ അരുവിയുടെ കരയിൽ അൽപനേരം ആസ്വദിക്കാൻ ഇതിലും മികച്ച മറ്റൊരു ഇടം വേറെ കിട്ടില്ല.












Click it and Unblock the Notifications