ചെറിയ മഴയും കാട്ട് പാതയിലൂടെ ഡ്രൈവിംഗും; ജാനകിക്കാടേക്ക് വിട്ടാലോ? പെരുവണ്ണാമൂഴി ഡാമും കാണാം
ആതിഥ്യ മര്യാദയിൽ കോഴിക്കോടിന്റെ പെരുമ എല്ലാവർക്കും അറിയാവുന്നതാണ്. അത് ഇവിടുത്തെ ടൂറിസം കേന്ദ്രങ്ങൾക്ക് കൂടി പകർന്ന് കിട്ടിയിട്ടുണ്ടെന്ന് വേണം പറയാം. ജില്ലയിലെ ഒട്ടുമിക്ക ടൂറിസം കേന്ദ്രങ്ങളും തികച്ചും ശാന്തവും (കോഴിക്കോട് ബീച്ചിനെ ഒഴിവാക്കാം) അതിലേറെ ആളുകളോട് ചേർന്ന് നിൽക്കുന്നതുമാണ്. അത്തരത്തിൽ കോഴിക്കോട് ഒരു അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ പറ്റിയ രണ്ട് ഇടങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
അതാണ് കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിലെ ടൂറിസം കേന്ദ്രങ്ങളായ ജാനകിക്കാടും, പെരുവണ്ണാമൂഴിയും. കോഴിക്കോട് വിരുന്നെത്തുന്ന പലർക്കും ഈ സ്ഥലങ്ങൾ അറിയില്ലെന്നതാണ് വാസ്‌തവം. ഇതൊരു വൺഡേ ട്രിപ്പിനുള്ള അടിപൊളി സ്പോട്ടുകൾ തന്നെയാണെന്ന് പറയാം. കാരണം ഒരൊറ്റ പോക്കിൽ രണ്ടിടത്തും കയറാം.

ജാനകിക്കാട് ഇക്കോ ടൂറിസം
കുറ്റ്യാടിയിൽ നിന്ന് 7 കിലോമീറ്റർ അകലെയായി മരുതോങ്കര പഞ്ചായത്തിലാണ് ജാനകിക്കാട് ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് ഫോറസ്‌റ്റ് ഡിവിഷനിലെ കുറ്റ്യാടി റേഞ്ചിലാണ് ഇത് നിലകൊള്ളുന്നത്. ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രിയായിരുന്ന വികെ കൃഷ്‌ണമേനോന്റെ സഹോദരി ജാനകിയിൽ നിന്നാണ് ജാനകിക്കാട് എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത്.
ജാനകിക്കാട് എന്ന പേര് മുഴുവൻ മലയാളികളുടെ കേട്ടിരുന്ന കാലം അധികമായിട്ടില്ല. അഞ്ച് വർഷം മുൻപ് കോഴിക്കോട് ജില്ലയെ നിപ ഭീതി പിടിമുറുകിയപ്പോൾ അതിന്റെ പ്രഭവ കേന്ദ്രമായി വാർത്തകളിൽ നിറഞ്ഞത് ജാനകിക്കാട് തന്നെയായിരുന്നു. എന്നാൽ അത്തരം യാതൊരു ഭയത്തിന്റെയും ആവശ്യം ഇവിടെയില്ല. സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടം കൂടിയാണിത്.
സസ്യങ്ങളുടെ വിശാലമായ ജൈവവൈവിധ്യം ഈ വനത്തിനുള്ളിലുണ്ട്. കൂടാതെ തണുത്ത വെള്ളവും പേറി വരുന്ന അരുവികളും ഒക്കെയായി അത്രയേറെ മനോഹരമാണ് ഇവിടം. ഇവിടെ ഒരിക്കൽ വന്നാൽ നിങ്ങൾക്ക് വീണ്ടും വരാൻ തോന്നും. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലൂടെ പോവുന്ന വനപാതയിലൂടെയുള്ള യാത്രയും മികച്ച അനുഭവമാണ്.
പെരുവണ്ണാമുഴി ഡാം
പശ്ചിമഘട്ടത്തിന്റെ മനോഹരമായ പശ്ചാത്തലത്തിൽ നിർമ്മിച്ച പെരുവണ്ണാമുഴി അണക്കെട്ട് ഒരു മികച്ച പിക്‌നിക്ക് സ്പോട്ടാണ്. മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ അണക്കെട്ടിനോട് ചേർന്ന പ്രദേശം വൈൽഡ് ആനിമൽ റീഹാബിലിറ്റേഷൻ സെന്റർ, പക്ഷി സങ്കേതം, മുതല ഫാം എന്നിവയുടെയും സാന്നിധ്യം കൊണ്ട് പ്രസിദ്ധമാണ് ഇവിടം.
ഇവിടെയുള്ള മുതുകാട് ധാരാളം എസ്‌റ്റേറ്റുകൾക്ക് പേരുകേട്ടതാണ്. റബ്ബർ മരങ്ങളുടെ ധാരാളം പ്ലാന്റേഷനുകൾ നിങ്ങൾ ഇവിടെ കാണാവുന്നതാണ്. ഇവിടെ നിന്ന് പിന്നെ കോഴിക്കോട്ടെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കക്കയം, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്ക് പോവാൻ അധിക ദൂരമില്ല. ഒറ്റ ദിവസത്തെ യാത്രയിൽ തന്നെ ഇവിടങ്ങളിൽ ഒക്കെയും കയറി ഇറങ്ങാം.












Click it and Unblock the Notifications