നിങ്ങള് കടലുണ്ടി കണ്ടിക്കാ, ഇല്ലെങ്കിൽ വാ; ഇങ്ങനെയൊരു ഇടം ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടുണ്ടാവില്ല, ഉറപ്പ്
അധികമാരും പോവാത്ത, കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യപ്പെടാത്ത ഇടങ്ങളിലേക്ക് യാത്ര പോവാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടരും നമുക്കിടയിലുണ്ട്. സ്ഥിരം ലൊക്കേഷനുകളിലെ മടുപ്പിക്കുന്ന യാത്രകളും ആൾ ബഹളങ്ങളും ഒക്കെ താൽപര്യമില്ലാത്ത ആളുകൾക്ക് പക്ഷേ പോകുന്ന ഇടത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാവണം എന്നില്ല.
അങ്ങനെയുള്ളവർക്ക് പറ്റിയ കുറച്ചു സ്പോട്ടുകൾ പലപ്പോഴായി പരിചയപ്പെടാം. അത്തരത്തിൽ ഒരിടമാണ് നമ്മുടെ സ്വന്തം കോഴിക്കോട് ജില്ലയിലെ കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് അഥവാ പക്ഷി സങ്കേതം. പൂർണമായും കോഴിക്കോട് ജില്ലയിൽ എന്ന് പറയാൻ കഴിയില്ലെങ്കിലും മലപ്പുറത്തിനോട് ചേർന്നാണ് ഈ പ്രദേശം നിലകൊള്ളുന്നത്.

കോഴിക്കോട് നിന്ന് 25 കിലോമീറ്റർ അകലെയുള്ള കടലുണ്ടി ചരിത്രപരമായ പ്രാധാന്യമുള്ള ഒരിടം കൂടിയാണെന്ന് അവിടെ കഴിയുന്നവരിൽ പലർക്ക് പോലും അറിയില്ല. തൊണ്ടി എന്നറിയപ്പെട്ടിരുന്ന സംഘകാലത്തെ രേഖകളിൽ കടലുണ്ടിയെക്കുറിച്ചുള്ള പരാമർശങ്ങൾ ധാരാളമായി കാണാവുന്നതാണ്. ചേര രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു തൊണ്ടി അഥവാ കടലുണ്ടി.
കടലുണ്ടിയിലെ കാഴ്‌ചകൾ
കടലുണ്ടി പുഴ അറബിക്കടലിൽ പതിക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളിലാണ് ഇവിടുത്തെ പക്ഷി സങ്കേതം. കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട മനോഹരമായ വന്യജീവി സങ്കേതത്തിൽ 60ഓളം ദേശാടന പക്ഷികൾ ഉൾപ്പെടെ നൂറുകണക്കിന് വിഭാഗം പക്ഷികൾ പാർക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
ഇവിടുത്തെ കണ്ടൽക്കാടുകൾ കുറുനരികളുടെയും മറ്റ് ജീവികളുടെയും സ്വാഭാവിക ആവാസ കേന്ദ്രം കൂടിയാണ്. നവംബറിനും ഏപ്രിൽ മാസത്തിനും ഇടയിൽ ടേൺസ്, ഗൾസ്, ഹെറോൺസ്, സാൻഡ്പൈപ്പർസ്, വിംബ്രൽസ്, ബ്രാഹ്മിനി കൈറ്റ്സ്, കോർമോറൻ്റ്സ് എന്നീ ദേശാടന പക്ഷികളെ നിങ്ങൾക്ക് ഇവിടെ ചെന്നാൽ കാണാൻ കഴിയും.
ഇനി ഇവിടെ എത്തുന്ന സാധാരണക്കാരെ സംബന്ധിച്ച് സവിശേഷമായ അനുഭവം സമ്മാനിക്കുന്നത് തോണികളിലും ബോട്ടിലും ഉള്ള യാത്രകളാണ്. ഈ തുരുത്തുകൾക്ക് ചുറ്റും ചെറു തോണികളിൽ വലം വയ്ക്കാൻ പ്രത്യേക രസമാണ്. കണ്ടൽക്കാടുകൾക്ക് നടുവിലൂടെയാണ് ഈ യാത്ര എന്നതും പ്രത്യേകം ഓർക്കണം. ഏത് വേനൽക്കാലത്തും കണ്ടൽക്കാടുകൾ നിങ്ങൾക്ക് സുഖപ്രദമായ കാലാവസ്ഥ പ്രദാനം ചെയ്യും.
ഇവിടെ എത്തുമ്പോൾ നല്ല ഭക്ഷണം ലഭിക്കാൻ നാടൻ ഭക്ഷണ ശാലകൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. എന്തെന്നാൽ അവിടുത്തെ തദ്ദേശീയമായ കക്കയിറച്ചി, കല്ലുമ്മക്കായ, മറ്റ് മീൻ വിഭവങ്ങൾ എന്നിവ ആസ്വദിക്കാൻ നല്ലൊരു അവസരമാവും അത്. ഭക്ഷണവും ഭംഗിയും ഒരുപോലെ ഒത്തുചേരുന്ന കോഴിക്കോടിന്റെ ഒരു പരിച്ഛേദമായി കടലുണ്ടിയെ നമുക്ക് കാണാം.












Click it and Unblock the Notifications