കൊച്ചിയുടെ സ്വന്തം കടമക്കുടി; നാവിൽ രുചിയൂറും ഞണ്ട് കറിയും കള്ളും, ഒന്ന് അർമാദിക്കാൻ വേറെന്ത് വേണം..?
എറണാകുളം ജില്ലയിലെ ഒട്ടുമിക്ക ടൂറിസം കേന്ദ്രങ്ങളും പണ്ട് മുതൽക്കേ പ്രശസ്‌തമാണ്. ഫോർട്ട് കൊച്ചിയും, മട്ടാഞ്ചേരിയും, മറൈൻ ഡ്രൈവുമൊക്കെ വൺ ഡേ ട്രിപ്പിന് ഏറ്റവും മികച്ച ഇടങ്ങളാണ്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി എല്ലാവരുടെയും മനസ് കീഴടക്കിയ മറ്റൊരു ഇടമുണ്ട് കൊച്ചിയിൽ. മറ്റെവിടയുമല്ല അത് കടമക്കുടിയാണ്.
വേമ്പനാട് കായലിന്റെ സകല ഭംഗിയും ആവാഹിച്ച ഒരിടം എന്ന് വേണമെങ്കിൽ കടമക്കുടിയെ വിശേഷിപ്പിക്കാവുന്നതാണ്. ചെമ്മീന്‍കെട്ടുകളുടെയും, പൊക്കാളിപ്പാടങ്ങളുടെയും നിറഞ്ഞ കാഴ്‌ചയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കായല്‍ഞണ്ടും ഇവിടെ സുലഭമാണ് കടമക്കുടി ദ്വീപുകള്‍, വാരാന്ത്യം ചെലവഴിക്കാന്‍ ഏറ്റവും പറ്റിയ ഇടമാണ്.

കൊച്ചിയിൽ നിന്ന് കേവലം എട്ടോളം കിലോമീറ്ററുകൾ മാത്രമാണ് ഇവിടേക്കുള്ള ദൂരം. ജോലിയുടെയും, ബിസിനസിന്റെയും ഒക്കെ തിരക്കുകളിൽ നിന്ന് മാറി വാരാന്ത്യം ഒരൽപം ശാന്തമായി അന്തരീക്ഷത്തിൽ ചെലവഴിക്കണം എന്നാഗ്രഹിക്കുന്ന ആർക്കും കടമക്കുടിയിലേക്ക് വരാം, ഇവിടെ കാണാനും അറിയാനും ആസ്വദിക്കാനും അത്രയേറെ കാര്യങ്ങളുണ്ട്.
എന്താണ് കടമക്കുടി ദ്വീപുകൾ
വലിയ കടമക്കുടി (പ്രധാന ദ്വീപ്), മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാരിക്കാട് എന്നിങ്ങനെ പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി ദ്വീപുകൾ എന്നറിയപ്പെടുന്നത്.
1341ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖത്തിന്റെ രൂപീകരണസമയത്താണ് കടമക്കുടിയും ഉണ്ടായത് എന്നുകരുതുന്നു. അന്ന് വഞ്ചികളും വള്ളങ്ങളും മാത്രമായിരുന്നു ആശ്രയമെങ്കിൽ ഇപ്പോൾ ഇവിടേക്ക് വാഹന ഗതാഗതവും എത്തിയിരിക്കുന്നു. ഇതോടെയാണ് ഇവിടുത്തെ വിനോദ സഞ്ചാര സാധ്യതകൾ വാനോളം ഉയർന്നത്.
ഇവിടുത്തെ സവിശേഷതകൾ
ഇവിടുത്തെ ഉദയാസ്‌തമയക്കാഴ്‌ചകള്‍ അതിമനോഹരമാണ്. വലിയ കടമക്കുടി, ചെറിയ കടമക്കുടി ദ്വീപുകളാണ് ഇതിനേറ്റവും അനുയോജ്യം. ഇത് കാണാൻ മാത്രമായി ഇവിടേക്ക് എത്തുന്ന സഞ്ചാരികളുണ്ട്. ഒട്ടനവധി ഏറുമാടങ്ങളും ദ്വീപുകളിൽ ഒരുക്കിയിട്ടുണ്ട്. പുലര്‍കാലത്ത് കായലിലൂടെ ബോട്ടില്‍ യാത്ര നടത്താനും, പൊക്കാളിപ്പാടങ്ങളിലൂടെ നടക്കാനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇവിടുത്തെ വിഭവങ്ങളും പ്രശസ്‌തമാണ്. കരിമീൻ ഏലയിൽ പൊള്ളിച്ചത്, നാരൻ ചെമ്മീൻ വറുത്ത്, കപ്പ, മീൻ കറി തുടങ്ങിയവക്ക് പേരുകേട്ട ഇടമാണിത്. നടൻ കള്ളും ഇവിടെ കിട്ടും, വേണ്ടവർക്ക് അതും പരീക്ഷിക്കാവുന്നതാണ്. എന്തായാലും വ്യത്യസ്‌തമായ ഒരു അവധിക്കാലം ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഒന്നും നോക്കാതെ ധൈര്യമായി വണ്ടി കടമക്കുടിയിലേക്ക് വിടാം.












Click it and Unblock the Notifications