ചൂടിൽ ശരീരം തണുപ്പിക്കണ്ടേ? കാന്തൻപാറ വെള്ളച്ചാട്ടത്തിലേക്ക് വച്ചുപിടിച്ചോ, താമരശ്ശേരി ചുരം കയറി പോകാം
വിനോദ സഞ്ചാരികളെ സംബന്ധിച്ച് ഇത്രയധികം സാധ്യതകളുള്ള മറ്റൊരിടം വയനാടല്ലാതെ മറ്റൊന്നില്ല. ഇവിടം വ്യത്യസ്‌തമാകുന്നത് മറ്റ് ചില ഘടകങ്ങൾ കാരണമാണ്. ഇടുക്കിയിൽ നിന്ന് വയനാടിനെ വേറിട്ട് നിർത്തുന്നത് ഇവിടെ നിന്നും അയൽ സംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ദൂരം കൂടിയാണ്. തമിഴ്‌നാട്ടിലെയും, കർണാടകയിലെയും പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഇവിടെ നിന്ന് ഒട്ടും ദൂരത്തല്ല.
എന്നാൽ ഇതൊക്കെ വയനാട്ടിൽ നിന്ന് മറ്റിടങ്ങളിലേക്ക് കൂടി പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മാത്രം ഉപയോഗപ്രദമായ കാര്യങ്ങളാണ്. ഈ കൊടും വേനലിൽ പകൽ സമയത്തെ യാത്രകൾ അത്രയേറെ കഠിനമാണെന്ന് പറയാതെ വയ്യ. അങ്ങനെയുള്ളവർക്ക് പോവാൻ ഈ മലയോര ജില്ലയിൽ തന്നെ ഒട്ടേറെ ഇടങ്ങൾ വേറെയുണ്ടെന്ന് ഓർക്കണം.

അത്തരത്തിൽ ഒരിടമാണ് കാന്തൻപാറ വെള്ളച്ചാട്ടം. തികച്ചും ശാന്തമായ അന്തരീക്ഷത്തിന് പേരുകേട്ട വയനാട്ടിലെ മനോഹരമായ ഒരു കൊച്ചു വെള്ളച്ചാട്ടമാണ് കാന്തൻപാറ. പ്രതീക്ഷകളുടെ അമിത ഭാരവുമായി പോവാതെ മെയ്യും മനസും ഒന്നും കുളിരാൻ ആഗ്രഹിച്ചു ചെല്ലുന്നവർക്ക് ഇതിലും മികച്ചൊരു സ്പോട്ട് കിട്ടാനില്ല എന്നത് തന്നെയാണ് സത്യം.
മേപ്പാടിക്ക് അടുത്ത് മൂപ്പൈനാട് പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട്-ഊട്ടി അന്തര്‍ സംസ്ഥാന പാതയില്‍ നിന്ന് 3 കിലോമീറ്റർ ദൂരത്തിലായാണ് ഇതിന്റെ സ്ഥാനം. പ്രധാന പാതയിൽ നിന്ന് അധികം ദൂരമില്ലാത്ത ഒരിടത്തായതിനാൽ എത്തിപ്പെടാൻ അധികം പ്രയാസമില്ല എന്നതാണ് ഏറ്റവും വലിയ ഗുണം. മേപ്പാടിയില്‍ നിന്നും 8 കിലോമീറ്ററും കല്‍പറ്റയില്‍ നിന്നും 18 കിലോമീറ്ററും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 30 കിലോമീറ്ററും മാനന്തവാടിയില്‍ നിന്ന് 51 കിലോമീറ്ററും ദൂരമാണ് ഇവിടേക്കുള്ളത്.
വര്‍ഷം മുഴുവനും വെള്ളമുള്ള ഒരിടമായതിനാൽ വേനൽക്കാലത്തും ഇവിടേക്ക് ധാരാളമായി സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ വെള്ളച്ചാട്ടം എല്ലാ പൂർണതയോടെയും കാണുന്ന സീസണ്‍ മണ്‍സൂണ്‍ കാലമാണ് എന്നത് പ്രത്യേകം ഓർക്കുക. കാന്തന്‍പാറ വെള്ളച്ചാട്ടത്തിലേക്കുള്ള സന്ദര്‍ശന സമയം രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ്. കോഴിക്കോട് നിന്ന് വരുന്നവർക്ക് താമരശ്ശേരി ചുരത്തിന്റെ കാഴ്‌ചകളും ആസ്വദിക്കാം.
കൂടാതെ ട്രെക്കിംഗോ, ദൈർഘ്യമേറിയ നടത്തമോ ഒന്നും ആവശ്യമില്ലാത്തതിനാൽ ഏത് പ്രായക്കാർക്കും ഇവിടെ എത്താൻ ഒട്ടും പ്രയാസമില്ല. കാന്തന്‍പാറയില്‍ നിന്ന് നോക്കിയാൽ അടുത്ത് തന്നെയുള്ള വയനാട്ടിലെ മറ്റൊരു പ്രമുഖ വെള്ളച്ചാട്ടമായ സൂചിപ്പാറയുടെ അതിമനോഹരമായ കാഴ്‌ചകളും സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയും.
മീൻമുട്ടി വെള്ളച്ചാട്ടം, പൂക്കോട് തടാകം, സൂചിപ്പാറ, എടയ്ക്കല്‍ ഗുഹകള്‍ തുടങ്ങിയവ കാന്തപാറയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളാണ്. ഇതിന് പുറമെ കുറുവ ദ്വീപ്, ബാണാസുര സാഗര്‍ അണക്കെട്ട്, തിരുനെല്ലി, തോല്‍പ്പെട്ടി വന്യജീവിസങ്കേതം, ചെതലയം വെള്ളച്ചാട്ടം, തൊള്ളായിരംകണ്ടി തുടങ്ങിയ ഇടങ്ങളിലേക്കും അധികം ദൂരമില്ല.












Click it and Unblock the Notifications