എത്ര ദൂരത്ത് നിന്നും മഴവില്ല് കാണാം; കീഴാർക്കുത്ത് വെള്ളച്ചാട്ടം അപാരം തന്നെ, ശരിക്കും സ്വർഗം പോലെ തോന്നും
വേനൽക്കാലമാണ് കടന്നുപോവുന്നത്, ദിവസം കഴിയുന്തോറും ചൂട് കൂടുകയല്ലാതെ ഒട്ടും കുറയുന്ന ലക്ഷണം ഒന്നും തന്നെ കാണുന്നില്ല. എന്നാൽ ഈ കൊടുംചൂടിലും നമുക്ക് ചെന്നെത്താൻ കഴിയുന്ന, ആസ്വദിക്കാൻ കഴിയുന്ന ടൂറിസം കേന്ദ്രങ്ങൾ നമ്മുടെ നാട്ടിൽ അധികമൊന്നുമില്ല. കേരളത്തിൽ അത്തരത്തിൽ ഏത് സീസണിൽ പോയാലും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഇടങ്ങളിൽ ഒന്നാണ് ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കീഴാർക്കുത്ത് വെള്ളച്ചാട്ടം.
1500 മീറ്ററിലധികം ഉയരത്തിൽമഴവില്ല് കുതിച്ചുയരുന്നത് കാണുക എന്നത് ഏതിടത്ത് പോയാലും കിട്ടുന്ന അനുഭവമല്ല. അതാണ് കീഴാർക്കുത്തിനെ വ്യത്യസ്‌തമാക്കുന്ന ഘടകം. ഇവിടെ വെള്ളച്ചാട്ടത്തിന് മുകളിലായി അതിമനോഹരമായ മഴവില്ലിന്റെ കാഴ്‌ച നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. വർഷം മുഴുവൻ ഈ കാഴ്‌ച നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമെന്നത് മറക്കരുത്.

ഇടുക്കിയുടെ തലസ്ഥാനം എന്ന് വിശേഷിക്കപ്പെടുന്ന പൈനാവിന് സമീപത്ത് നിന്ന് ചെറുചാലുകളായി ആരംഭിക്കുന്ന അരുവി കിലോമീറ്ററുകളോളം സഞ്ചരിച്ച് കീഴാര്‍ക്കുത്ത് വെള്ളച്ചാട്ടമായി മാറുന്ന കാഴ്‌ച അവർണനീയമാണ്. തൊടുപുഴയില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സ്വന്തം വാഹനത്തിൽ വരുന്നവർക്ക് പാതയിൽ മനോഹര കാഴ്‌ചകൾ ആസ്വദിച്ച് പതിയെ ഇവിടേക്ക് എത്താം.
ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ മലയിഞ്ചിയില്‍ നിന്ന് ഏകദേഹം 8 കിലോമീറ്ററോളം കൊടും കാട്ടിലൂടെ കാല്‍നടയായി സഞ്ചരിച്ചാൽ ഇവിടേക്ക് എത്താം. ഇനി ഉടുമ്പന്നൂരില്‍ നിന്നു വേളൂര്‍ കൂപ്പ് വഴി ജീപ്പില്‍ കൈതപ്പാറയിലെത്തി അവിടെ നിന്നു കാല്‍നടയായി 3 കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചാലും ഈ പ്രകൃതിയുടെ വിസ്‌മയം കാണാൻ കഴിയും.
ഇവിടുത്തെ വനത്തിൽ നൂറ്റാണ്ടുകളായി ആദിവാസി ഗോത്ര വർഗ്ഗങ്ങൾ ഉപയോഗിക്കുന്ന നിരവധി ഔഷധ സസ്യങ്ങൾ ഉണ്ടെന്ന് ഇവിടം സന്ദർശിക്കുമ്പോൾ ഓർക്കണം. ഹൈക്കിംഗ്, ക്യാമ്പിംഗ്, ട്രെക്കിംഗ് എന്നിവ ഉൾപ്പെടുന്ന നിരവധി ആകർഷണീയമായ സാഹസിക വിനോദങ്ങൾക്ക് അനുയോജ്യമായ പാറക്കൂട്ടങ്ങളാൽ സമ്പന്നമാണ് ഇവിടം.
ഇവിടെ എത്തിയാൽ പ്രകൃതിയുടെ ഭംഗി ആവോളം ആസ്വദിച്ച് മടങ്ങുക എന്നതല്ലാതെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നത് അപകടമാണ്.അത്രയും ഉയരത്തിൽ നിന്ന് വന്ന് പതിക്കുന്ന വെള്ളം കയങ്ങൾ രൂപപ്പെട്ടതിനാൽ നീന്തുന്നത് ദുഷ്‌കരമാവും. ഇവിടെ അപൂർവമായി സഞ്ചാരികൾക്ക് കാട്ടാനകളെയും മറ്റ് വന്യമൃഗങ്ങളെയും കാണാൻ കഴിയാറുണ്ട്. എന്തായാലും വന്യഭംഗിക്ക് ഒപ്പം സാഹസികത കൂടി ഇഷ്‌ടപ്പെടുന്ന ആളുകളെ കീഴാർക്കുത്ത് ഒരിക്കലും നിരാശരാക്കില്ല.












Click it and Unblock the Notifications