കക്കയം അഥവാ മലബാറിന്റെ ഊട്ടി; ഇവിടെ ചെന്നാൽ ഉരക്കുഴി വെള്ളച്ചാട്ടവും ഡാം സൈറ്റും കാണാം...
കോഴിക്കോട് ജില്ലയിൽ ഒട്ടനവധി ടൂറിസം കേന്ദ്രങ്ങളുണ്ട്. ചെറുതും വലുതുമായി ഇത്തരം കേന്ദ്രങ്ങളുടെ പേര് കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി അങ്ങ് ദൂരെവരെ പറഞ്ഞു കേൾക്കുന്നുണ്ട്. അങ്ങനെ മലബാറിലെ തന്നെ ഏറ്റവും പ്രശസ്‌തമായ ഇടങ്ങളിൽ ഒന്നാണ് കക്കയം. അത്രയേറെ വിശേഷങ്ങൾ ആളുകൾക്ക് പറഞ്ഞു തീർക്കാൻ ഉണ്ടാവും ഇവിടെ എത്തിക്കഴിഞ്ഞാൽ.
പ്രകൃതി ഒരുക്കിയ മനോഹര കാഴ്‌ചകളുടെ ഒരു സംഗമ ഭൂമിയാണ് കക്കയം. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയുടെ സകല ഭംഗിയും ആവാഹിച്ച ഒരു താഴ്വരയാണ് ഇവിടം. ഇടതൂർന്ന കാടുകളുടെ വശ്യതയും, ഉയർന്നു നിൽക്കുന്ന ഒന്നിലധികം വ്യൂ പോയിന്റുകളുടെ സാന്നിധ്യവും ഒക്കെ കൊണ്ട് അനുഗ്രഹീതമായ ഈ മേഖല ഇന്ന് സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാണ്. കക്കയം വാലി, ഡാം സൈറ്റ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്‌റ്റ് ആകർഷണങ്ങൾ.

ട്രെക്കിംഗ് പാതകൾക്കും ബോട്ടിംഗ് ഓപ്ഷനുകൾക്കും പേരുകേട്ട ഡാം സൈറ്റാണ് കക്കയം. ഇവിടെ നടത്തുന്ന ബോട്ടിംഗ് സവാരികൾ ഒരു കൂട്ടം ചെറിയ വെള്ളച്ചാട്ടങ്ങളും ഇടതൂർന്ന വനങ്ങളും ഉൾപ്പെടെ ഡാം സൈറ്റിന്റെ മനോഹരമായ പ്രത്യേക കാഴ്‌ച നൽകുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്ത് ശാന്തമായ അന്തരീക്ഷം ആസ്വദിക്കാൻ ഇതിലും പറ്റിയ ഒരിടം മറ്റൊന്നില്ല.
50 വർഷം മുമ്പ് കമ്മീഷൻ ചെയ്‌ത മലബാറിലെ തന്നെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നിങ്ങൾക്കൊക്കെ അറിയാവുന്ന പ്രമാദമായ ഒരു കേസിന്റെ അവശേഷിപ്പുകൾ ഉള്ള ഇടം കൂടിയാണ് കക്കയം. അടിയന്തരാവസ്ഥ കാലത്ത് വളരെയേറെ രാഷ്‌ട്രീയ, വാർത്താ പ്രാധാന്യം നേടിയ രാജൻ കേസിന് വേദിയായത് ഇവിടെയാണ്. ഇപ്പോഴും കക്കയത്തെ അഗാധമായ വനത്തിനുള്ളിലേക്ക് നോകുമ്പോൾ എവിടെയൊക്കെയോ ആ പഴയ ഓർമ്മകൾ തളം കെട്ടി നിൽക്കുന്നത് പോലെ തോന്നും.
കക്കയത്തെ പ്രധാന കാഴ്‌ചകൾ
കക്കയം ഡാം: താരതമ്യേന ഒരു ചെറിയ അണക്കെട്ടാണു കക്കയം. ഡാം സൈറ്റിലേക്ക് കയറുന്നതിന് മുൻപ് മൈതാനത്ത് ആവശ്യത്തിന് പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അവിടെ നിന്ന് പിന്നീട് ഡാമിലേക്ക് നടക്കണം. ഇവിടം ഫോട്ടോഗ്രാഫി നിരോധിത മേഖലയാണ്. താഴെയുള്ള കക്കയം അങ്ങാടി പവര്‍ഹൌസിലേക്കാണ് ഈ ഡാമിലെ വെള്ളം കൊണ്ടുപോകുന്നത്. ഇവിടെ ബോട്ടിംഗ് ഉൾപ്പെടെയുള്ള വിനോദങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
ഉരക്കുഴി വെള്ളച്ചാട്ടം: ഡാമില്‍ നിന്ന് വീണ്ടും ഒരു കിലോമീറ്ററോളം കാട്ടിലൂടെ മുന്‍പോട്ടു നടന്നാല്‍ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് എത്തി. വളരെ ഉയരത്തില്‍ നിന്നു വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അര്‍ഥത്തിലാണ് ഈ വെള്ളച്ചാട്ടത്തിന് ഉരക്കുഴി എന്നു പേരു വന്നതെന്നാണ് ചരിത്രം. ഇവിടെ അരുവിക്ക് കുറുകെയുള്ള തൂക്കുപാലത്തിലൂടെ നടക്കുമ്പോൾ മനോഹരമായ കാഴ്‌ച കാണാവുന്നതാണ്.
വെള്ളച്ചാട്ടത്തിന്റെ മുകളില്‍നിന്നുള്ള ആ കാഴ്‌ച ശരിക്കും ഭയവും, അമ്പരപ്പും ഒക്കെയുണ്ടാക്കും. ഇതിന് കൂട്ടായി മഴയുടെയും കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തിന്റെയും, അത് പാറയിൽ തട്ടി ചിതറി തെറിക്കുന്നതിന്റെയും മുഴക്കമുള്ള ശബ്‌ദം കൂടി ചേരുമ്പോൾ പൂർണമായി. സഞ്ചാരികൾ ഒരു കാര്യം മാത്രം ശ്രദ്ധിക്കണം. ഉരക്കുഴി വെള്ളച്ചാട്ടത്തിൽ വീണാൽ പിന്നെ തിരച്ചിൽ ഇല്ലെന്നാണ് പൊതുവെയുള്ള പറച്ചിൽ. കാരണം എത്ര തിരഞ്ഞാലും ആളെ കിട്ടില്ല. അതുകൊണ്ട് ഇവിടെ പ്രത്യേകം സൂക്ഷിക്കണം.












Click it and Unblock the Notifications