തിരുവനന്തപുരത്തെ മാളികകളിലൂടെ ഒരു കറക്കം; കോയിക്കൽ പാലസും കിളിമാനൂർ കൊട്ടാരവും മനം കവരും
സമ്പന്നമായ പോയകാലത്തിന്റെ ചരിത്രം ഒരുപാട് തെളിഞ്ഞു നിൽക്കുന്ന ഇടമാണ് തിരുവനന്തപുരം എന്ന കേരളത്തിന്റെ തലസ്ഥാന നഗരി. പല വലിയ രാജവംശങ്ങളുടെയും വളർച്ചയും തളർച്ചയും തകർച്ചയും ഒരുപോലെ കണ്ടയിടം. തിരുവനന്തപുരത്തെ കാഴ്‌ചകൾ ഒറ്റ ദിവസം കൊണ്ട് കണ്ട് തീർക്കാൻ കഴിയുന്ന ഒന്നല്ല. ധാരാളം പുരാ നിർമ്മിതികളും വാസ്‌തുവിദ്യയുടെ വൈദഗ്ധ്യവും ഒക്കെ കാണാൻ കഴിയും നമുക്ക് ഈ ഭൂമിയിൽ.
അത്തരത്തിൽ ധാരാളം ഇടങ്ങളുണ്ട് തിരുവനന്തപുരത്ത്. അതിൽ കൂടുതൽ പഴയ രാജഭരണ കാലത്ത് നിർമ്മിച്ച കൊട്ടാരങ്ങളാണ്. വളരെ പ്രശസ്‌തമായ ഈ കൊട്ടാരങ്ങളിൽ പലതും നൂറ്റാണ്ടുകൾക്ക് ശേഷവും അതേ പ്രൗഢിയോടെയും, തിളക്കത്തോടെയും പരിപാലിച്ചു പോരാൻ പുരാവസ്‌തു വകുപ്പ് ശ്രദ്ധിക്കുന്നു എന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യം.

ഇത്തരത്തിൽ തിരുവനന്തപുരത്ത് ചെല്ലുന്നവർക്ക് കാണാൻ കഴിയുന്ന രണ്ട് വലിയ നിർമ്മിതികളെ കുറിച്ചാണ് ഇന്ന് നാം പരിശോധിക്കുന്നത്. ഒന്ന് നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന കോയിക്കൽ പാലസാണ്, മറ്റൊന്ന് കിളിമാനൂരിൽ ഉള്ള കിളിമാനൂർ കൊട്ടാരവുമാണ്. ഇവ രണ്ടും തിരുവനന്തപുരം നഗരത്തിൽ നിന്ന് ഒരൽപം അകലെയായാണ് സ്ഥിതി ചെയ്യുന്നത്.
കോയിക്കൽ പാലസ്
1677നും 1684നും ഇടയിൽ വേണാട് രാജകുടുംബത്തിലെ ഉമയമ്മ റാണിക്ക് വേണ്ടി നിർമ്മിച്ചതാണ് കോയിക്കൽ പാലസ് എന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. നിലവിൽ ഇവിടം ഒരു ഫോക്ക് ലോർ മ്യൂസിയം എന്ന നിലയിൽ പ്രശസ്‌തമാണ്. വളരെ പുരാതനമായ ഒട്ടേറെ രേഖകളും മറ്റ് ശേഖരങ്ങളും അടങ്ങിയ ഇവിടേക്ക് ധാരാളം സഞ്ചാരികളാണ് എത്തുന്നത്.
വ്യത്യസ്‌തമായ ഗേബിൾ മേൽക്കൂരകൾക്ക് പേരുകേട്ട ബഹുനില നിർമ്മിതിയാണ് കോയിക്കൽ പാലസ്. ഇവിടെ 1992-ൽ സ്ഥാപിതമായ ഫോക്ക് ലോർ മ്യൂസിയത്തിൽ സംഗീതോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, നാടോടി കലകളുടെ മാതൃകകൾ എന്നിവയുണ്ട്. കൂടാതെ പഴയ രാജകുടുംബം ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ, അലങ്കാര വസ്‌തുക്കൾ എന്നിവയ്‌ക്കൊപ്പം പഴയ കൈയെഴുത്തു പ്രതികളും ഇതിൽ ഉൾപ്പെടുന്നു.
കിളിമാനൂർ കൊട്ടാരം
കേരള ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ കലാകാരന്മാരിൽ ഒരാളായ രാജാ രവിവർമ്മയെ ആദരിക്കുന്ന ഇടമാണ് ഇത്. ഇവിടെയാണ് രാജാരവിവർമ്മ ജനിച്ചതും വളർന്നതും എല്ലാം. പ്രധാന കവാടം കടന്നാൽ നേരെ ചെറിയ സ്‌റ്റുഡിയോയിലേക്കാണ് നമ്മെ ആനയിക്കുക.
അവിടെയാണ് രാജാ രവി വർമ്മ തന്റെ സമയം ചെലവാഴിച്ചിരുന്നത്. കൊട്ടാരത്തിനോട് ചേർന്നുള്ള ഒരു ഭാഗത്ത് രാജാ രവിവർമ്മയുടെ പ്രശസ്‌ത ചിത്രങ്ങളുടെ പുനർനിർമ്മിച്ച സൃഷ്‌ടികൾ പ്രദർശനത്തിന് വയ്ക്കുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications