കുടജാദ്രിയുടെ ഭംഗി അതൊന്ന് കണ്ടറിയണം; വെയിലും വേനലും ഒരു തടസമേ അല്ല, പക്ഷേ ഈ കാര്യം ശ്രദ്ധിക്കണം
മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട, അവർ ആരാധിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. കർണാടകയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും അവിടേക്ക് എത്തുന്നത് അധികവും മലയാളികൾ തന്നെയാണ്. മലയാളികളുടെ ഒരു സുപ്രധാന തീർത്ഥാടന കേന്ദ്രം എന്ന നിലയിൽ മാത്രമല്ല നമ്മൾ അതിനെ നോക്കി കാണേണ്ടത്.
ടൂറിസത്തിന് അനന്തമായ സാധ്യതകൾ ഉള്ള ഇടമെന്ന നിലയിൽ കുടജാദ്രി കുന്നുകൾ എന്നേ ലോകമറിഞ്ഞു തുടങ്ങിയതാണ്. അതിനും കാരണം ഒരു പരിധിവരെ മലയാളികൾ തന്നെയാണ്. അത്രയധികം പേരാണ് കേരളത്തിൽ നിന്നും കുടജാദ്രി കുന്നുകളുടെ മനോഹാരിത ആസ്വദിക്കാൻ ഇവിടേക്ക് എത്തി കൊണ്ടിരിക്കുന്നത്.

മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കൊല്ലൂരിലാണ്. അവിടെ നിന്ന് ഏതാണ്ട് 21 കിലോമീറ്റർ അകലെയാണ് ആദിശങ്കരൻ തപസനുഷ്ഠിച്ച കുടജാദ്രിമല സ്ഥിതി ചെയ്യുന്നത്. സഹ്യപർവതനിരകളിലെ 1343 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയാണ് കുടജാദ്രി എന്ന് പേരിൽ അറിയപ്പെടുന്നത്. മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ് ഉള്ളത്.
വളരെ പ്രശസ്‌തമായ മൂകാംബിക ദേശീയോദ്യാനത്തിന്റെ ഒത്ത നടുവിലാണ് കുടജാദ്രിയുടെ സ്ഥാനം. പല അപൂർവ സസ്യജാലങ്ങളുടെയും ഔഷധചെടികളുടെയും പക്ഷിമൃഗാദികളുടെയും ആവാസ വ്യവസ്ഥ കൂടിയാണ് ഈ മേഖല. കുടജാദ്രിയിലേക്ക് പോകാൻ ജീപ്പ് തന്നെയാണ് ശരണം. ഇവിടേക്കുള്ള ജീപ്പ് യാത്ര ശരിക്കും ഒരു ഓഫ്‌റോഡ് അനുഭവം മുന്നോട്ട് വയ്ക്കുന്നതാണ്.
ഇനി വളരെ പ്രധാനപ്പെട്ടതും നിർബന്ധമായും നേരത്തെ അറിഞ്ഞിരിക്കേണ്ടതുമായ ഒരു കാര്യം പറയാം. കേരളത്തിലെ മറ്റ് ഹിൽ സ്‌റ്റേഷനുകളിൽ പോകുന്നത് പോലെ എളുപ്പത്തിൽ കുടജാദ്രിയിൽ എത്തിപ്പെടാൻ പറ്റും എന്ന മോഹമുണ്ടെങ്കിൽ അത് വാങ്ങിവെയ്ക്കുന്നതാവും നല്ലത്. എന്തെന്നാൽ കുടജാദ്രിയിൽ എത്തിപ്പെടാൻ ആഗ്രഹം മാത്രം പോരാ, ഇത്തിരി സാഹസികതയും ഒരു പൊടിക്ക് വിശ്വാസവും ഒക്കെ ആവശ്യമാണ്.
മുകളിൽ എത്തിയാൽ വനപ്രദേശത്തിലൂടെ മുന്നോട്ടു നടന്ന് നീങ്ങിയാൽ ഗണേശ ഗുഹയും കണ്ട് ആദിശങ്കരന്റെ സർവജ്ഞാനപീഠത്തിലെത്താം. ആദിശങ്കരൻ ഇവിടെ ദേവി സാന്നിധ്യം അറിയുകയും തപസിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. രണ്ട് മീറ്റർ വീതിയിലും നീളത്തിലുമായി കെട്ടിതീർത്ത കരിങ്കൽ കെട്ടാണ് സർവജ്ഞ പീഠം.
സാധാരണ ഗതിയിൽ ഒക്ടോബർ മുതലാണ് ഇവിടേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. നിരവധി പേരാണ് ഇവിടെയുള്ള സാഹസികത ആസ്വദിക്കാനായി എത്തുന്നത്. ബാംഗ്ലൂർ നഗരത്തിൽ നിന്ന് 326 കിലോമീറ്ററും കാസർഗോഡ് നിന്ന് 216 കിലോമീറ്ററും, മംഗലാപുരത്ത് നിന്ന് 166 കിലോമീറ്ററും ആണ് കുടജാദ്രിയിലേക്കുള്ള ദൂരം.












Click it and Unblock the Notifications