വെൽക്കം റ്റു കൊടൈക്കനാൽ; ഇത്തവണത്തെ ഓണം അവിസ്‌മരണീയമാക്കാം, ഈ സ്പോട്ടുകൾ വിട്ടുപോവരുത്
ഓണക്കാലമായാൽ നമ്മൾ എല്ലാവരും ആദ്യം പ്ലാൻ ചെയ്യുന്നത് ഒരു യാത്രയാവും. കുടുംബത്തോടൊപ്പം ഒട്ടുമിക്ക മലയാളികളും യാത്ര നടത്തുന്ന സമയമാണത്. ഈ അവധിക്കാലത്ത് ഏത് ടൂറിസം സ്പോട്ടിലേക്ക് പോവണം എന്ന ചിന്തയിൽ ആയിരിക്കും കൂടുതൽ മലയാളികളും. ഇത്തവണ നിങ്ങൾക്ക് നല്ലൊരു ലൊക്കേഷൻ തന്നെ വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഉറപ്പായും കൊടൈക്കനാലിലേക്ക് പോവുന്നതാവും ഉചിതം.
നമ്മുടെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ ഏറ്റവും പേരുകേട്ട ഹിൽ സ്‌റ്റേഷനുകളിൽ ഒന്നാണ് കൊടൈക്കനാൽ. മലയാളികളുടെ എക്കാലത്തെയും പ്രധാനപ്പെട്ട ഹണിമൂൺ ഇടങ്ങളിൽ ഒന്നായിരുന്നു ഒരുകാലത്ത് കൊടൈക്കനാൽ. ഇന്നത്തെ കാലത്ത് മാലിദ്വീപും സിംഗപ്പൂരും തായ്‌ലാൻഡും ഒക്കെ നമ്മുടെ ലിസ്‌റ്റിൽ ഇടംനേടിയപ്പോൾ കൊടൈക്കനാൽ പിന്നിലായിപ്പോവുക സ്വാഭാവികം.

പശ്ചിമഘട്ടത്തിലെ പഴനി മലനിരകളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽസ്‌റ്റേഷനാണ് കൊടൈക്കനാൽ. ഈ പട്ടണത്തെ ഹിൽ സ്‌റ്റേഷനുകളുടെ രാജകുമാരി എന്നാണ് വിളിക്കാറുള്ളത്. തമിഴ്‌നാട്ടിലെ ദിണ്ഡഗൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം സമുദ്രനിരപ്പിൽ നിന്ന് 2133 മീറ്റർ ഉയരത്തിൽ ഒരു പീഠഭൂമിയുടെ മുകളിലായാണ് നിലകൊള്ളുന്നത്.
പൈൻ മരങ്ങൾ, പാറക്കെട്ടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ മനോഹരമായ പ്രകൃതി സൗന്ദര്യം വഹിക്കുന്ന ഇവിടം ഇടതൂർന്ന വനത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന ചുരുക്കം ചില പട്ടണങ്ങളിൽ ഒന്നാണ്. കൊടൈക്കനാലിൽ ധാരാളം ടൂറിസം കേന്ദ്രങ്ങളുണ്ട്. അത് ചെറുതും വലുതുമായ ഒട്ടേറെ സ്ഥലങ്ങളുടെ ശേഖരമാണ്.
കൊടൈക്കനാലിലെ പ്രധാന ആകർഷണങ്ങൾ
കൊടൈക്കനാലിലും പരിസരത്തുമായി നിരവധി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. സിൽവർ കാസ്കേഡ്, ഡോൾഫിൻസ് നോസ്, കുറിഞ്ഞി ആണ്ടവർ മുരുകൻ ക്ഷേത്രം, ബെരിജം തടാകം. കോക്കേഴ്‌സ് വാക്ക്, ബിയർ ഷോല വെള്ളച്ചാട്ടം, കൊടൈക്കനാൽ തടാകം, ഗ്രീൻ വാലി വ്യൂ, കൊടൈക്കനാൽ സയൻസ് ഒബ്‌സർവേറ്ററി, പില്ലർ റോക്ക്‌സ്, ഗുണ കേവ്, സിൽവർ കാസ്കേഡ്, ഡോൾഫിൻസ് നോസ്, കുറിഞ്ഞി ആണ്ടവർ മുരുകൻ ക്ഷേത്രം എന്നിങ്ങനെയാണവ.
ഈ സ്ഥലങ്ങൾ ഒരിക്കലും വിട്ടുകളയരുത്
പില്ലർ റോക്ക്‌സ്: മൂടൽമഞ്ഞിന് ഇടയിൽ പാറകൾ ഉയർന്നുനിൽക്കുന്നതിനാൽ പ്രകൃതിയുടെ അതിശയകരമായ സൗന്ദര്യം കാണാൻ കൊടൈക്കനാലിൽ എത്തുന്ന വിനോദസഞ്ചാരികൾ ഭൂരിഭാഗവും പില്ലർ റോക്ക്‌സ് സന്ദർശിക്കാറുണ്ട്. പാറക്കൂട്ടങ്ങളുടെ വ്യക്തമായ കാഴ്‌ച ലഭിക്കാൻ തെളിഞ്ഞ ആകാശമുള്ള സമയത്ത് ഇവിടെ യാത്ര ചെയ്യുന്നതാണ് നല്ലത്.
ഗുണാ കേവ്: സമുദ്രനിരപ്പിൽ നിന്ന് 2200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുണ കേവ് ഒരേസമയം നിഗൂഢതയും അത്ഭുതവും നിറഞ്ഞതാണ്. നേരത്തെ 'ഡെവിൾസ് കിച്ചൻ' എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന് 1992-ലെ തമിഴ് ബ്ലോക്ക്ബസ്‌റ്റർ സിനിമയായ 'ഗുണ' ഇവിടെ ചിത്രീകരിച്ചതിന് ശേഷമാണ് ഈ പേര് ലഭിച്ചത്. പുറമേ നിന്ന് കാണാൻ മാത്രമേ കഴിയുമെങ്കിലും ധാരാളം സഞ്ചാരികൾ ഗുണ കേവ് സന്ദർശിക്കാൻ എത്താറുണ്ട്.












Click it and Unblock the Notifications