വേനലിലും അഴക് വിടാതെ കൊളുക്കുമല; മൂന്നാറിനെ ഒക്കെ വെല്ലും, മഞ്ഞ് കൊണ്ട് മൂടിയ കാഴ്‌ച മനോഹരം
കേരളത്തിന്റെ മനോഹാരിത മാലോകരെ അറിയിച്ച ഇടമാണ് ഇടുക്കി. അത്രയധികം ടൂറിസം കേന്ദ്രങ്ങളെ ഉൾക്കൊള്ളുന്ന ഇടുക്കിയുടെ കാര്യം ശരിക്കും ഒരു അത്ഭുതമായി തോന്നാറുണ്ട്. കാടും മലയും വന്യജീവി സങ്കേതങ്ങളും തടാകങ്ങളും മാത്രമല്ല നോക്കെത്താ ദൂരത്ത് നീളുന്ന തേയില തോട്ടങ്ങളും ഡാമുകളും പോലും ഇടുക്കിക്ക് ചാരുതയേകാറുണ്ട്.
അത്തരത്തിലുള്ള ഇടുക്കിയുടെ കാര്യം വരുമ്പോൾ ആദ്യം എല്ലാവർക്കും മനസ്സിൽ വരിക നമ്മുടെ സ്വന്തം മൂന്നാറിനെയാവും. എന്നാൽ മൂന്നാർ മാത്രമല്ല ഇടുക്കി എന്നതാണ് സത്യം. ചെറുതും വലുതുമായ ഇപ്പോഴും സഞ്ചാരികളുടെ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന ഒട്ടേറെ ഇടങ്ങളുള്ള ഇവിടുത്തെ ടൂറിസം ഭൂപടം വളരെ വലുതാണ് എന്നതാണ് പ്രത്യേകത.

അങ്ങനെ ഇടുക്കിയിലെ മിടുക്കിന്റെ കഥ പറയുമ്പോൾ ഒരിക്കലും വിട്ട് പോവാൻ പാടില്ലാത്ത ഒരിടമുണ്ട്, കൊളുക്കുമല. തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇടുക്കിയോട് ചേർന്ന് കിടക്കുന്ന ഇടമാണിത്. കേരളത്തിലൂടെയാണ് ഇവിടേക്കുള്ള പ്രവേശനവും. കുത്തനെയുള്ളതും ദുർഘടവുമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മൂന്നാറിന് അടുത്തുള്ള കൊളുക്കുമല രാജ്യത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടമാണ്. 7900 അടി ഉയരത്തിലാണ് ഈ ഹിൽ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
മൂന്നാർ ടൗണിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്രയാണ് ഇവിടേക്കുള്ളത്. ഏകദേശം 17 കിലോമീറ്ററോളം ദൂരം ദുർഘടമായ റോഡായതിനാല്‍ ഇവിടേക്ക് ജീപ്പിൽ മാത്രമേ എത്തിച്ചേരാനാകൂ എന്ന പ്രത്യേകതയുമുണ്ട്. വളരെ പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമായ മീശപ്പുലിമല ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ കൊളുക്കുമലയുടെ പ്രാന്ത പ്രദേശത്താണ് നിലകൊള്ളുന്നത്.
സൂര്യോദയവും അസ്‌തമയവും തന്നെയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകർഷണം. പതിനായിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് സന്ദർശനം നടത്തുന്നത്. മലയാളികൾ തന്നെയാണ് അവിടേക്ക് കൂടുതലായി എത്തുന്നത്. തേയില തോട്ടങ്ങൾ തന്നെയാണ് കൊളുക്കുമലയുടെ ഏറ്റവും പ്രധാന ആകർഷണം.
75 വർഷത്തിലേറെ പഴക്കമുള്ള തേയില ഫാക്‌ടറിയാണ് കൊളുക്കുമലയിലെ മറ്റൊരു പ്രധാന കാഴ്‌ച. 1930കളിൽ സ്ഥാപിതമായ ഇടമാണ് ഈ ഫാക്‌ടറി. കൊളുക്കുമലയിലെ പ്രഭാതങ്ങൾ പോലെ തന്നെ രാത്രികളും അതി മനോഹരമാണ്. ഈ വേനൽ കാലത്തും തണുപ്പ് തന്നെയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത.












Click it and Unblock the Notifications